സ്താംബൂളിലെ സൗദി എംബസിക്കുള്ളിലേക്ക് കയറിപ്പോയ ജമാൽ ഖഷോഗിക്ക് പിന്നീടെന്ത് സംഭവിച്ചുവെന്നത് ഇപ്പോഴും അജ്ഞാതമായ കാര്യമാണ്. സൗദിയിൽനിന്നെത്തിയ കൊലയാളിസംഘം ഖഷോഗിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വെട്ടിനുറുക്കുകയും ചെയ്തുവെന്ന് തുർക്കിയും മറ്റു രാജ്യങ്ങളും ആരോപിക്കുമ്പോഴും, ഖഷോഗി എംബസിയിൽനിന്ന് മടങ്ങിയിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സൗദി. ഖഷോഗിയുടെ തിരോധാനം വലിയ വാർത്താകുന്നതിനിടെ, സൗദിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങൾ രംഗത്തെത്തി.

കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിന് പിന്നാലെ നടന്ന അഴിമതി വിരുദ്ധ പോരാട്ടം ലോകശ്രദ്ധയാകർഷിച്ചിരുന്നു. രാജകുടുംബാംഗങ്ങളും വൻകിട വ്യവസായികളും ഉദ്യോഗസ്ഥ മേധാവികളുമൊക്കെ അതിന്റെ ഭാഗമായി തടങ്കലിലായി. അവരിൽപ്പലരും പിന്നീട് സർവവും സർക്കാരിന് എഴുതിവെച്ച് പുറത്തിറങ്ങി. മറ്റു പലരുടെയും കാര്യത്തിൽ ഇന്നും കാര്യങ്ങൾ അജ്ഞാതമായി തുടരുന്നു. ഇത്തരത്തിൽ അറസ്റ്റിലായ നാല് രാജകുമാരന്മാരുടെയും ഒരു വൻകിട ബിസിനസുകാരന്റെയും കാര്യത്തിൽ ഒരുവർഷത്തോളമായി യാതൊരു വിവരവുമില്ല.

പ്രിൻസ് ഖാലിദ് ബിൻ തലാൽ, പ്രിൻസ് തുർക്കി ബിൻ അബ്ലുള്ള അൽ സൗദ്, പ്രിൻസ് അബ്ദുൾ അസീസ് ബിൻ ഫഹദ് എന്നിവരാണ് അഴിക്കുള്ളിലായ രാജകുമാരന്മാർ. ശതകോടീശ്വരനായ ബിസിനസുകാരൻ മുഹമ്മദ് ഹുസൈൻ അൽ അമൗദിയും ഇവർക്കൊപ്പം തടവിലാക്കപ്പെട്ടിരുന്നു. ഇതിൽ അബ്ദുൾ അസീസ് രാജകുമാരൻ പീഡനത്തെത്തുടർന്ന് അബോധാവസ്ഥയിലായെന്നും തുർക്കി രാജകുമാരൻ കൊല്ലപ്പെട്ടുവെന്നുമാണ് പ്രചരിക്കുന്ന വിവരം.

സൗദി അറേബ്യ ഭരിച്ചിരുന്ന അബ്ദുള്ള രാജാവിന്റെ മക്കളാണ് അൽ അമൗദിയും തുർക്കി രാജകുമാരനും. അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാൾട്ടണിലാണ് ഇവരെയെല്ലാം പാർപ്പിച്ചിരുന്നത്. തടവറയായി രൂപംമാറ്റിയ ഹോട്ടലിൽ ആഴ്ചകളോളം ഇവരുണ്ടായിരുന്നു. പിന്നീട് ഇവരെയൊക്കെ പീഡനങ്ങൾക്ക് കുപ്രസിദ്ധമായ അൽ ഹായിർ ജയിലിലേക്ക് മാറ്റിയെന്നാണ് ലഭ്യമായ വിവരം.

തുർക്കി രാജകുമാരന്റെ പരിചാരകരുടെ മേധാവി റിറ്റ്‌സ് ഹോട്ടലിൽവെച്ച് കൊലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹത്തിൻ നിരവധി പരിക്കുകളേറ്റിരുന്നു. ഖാലിദ് ബിൻ തലാൽ ക്‌സറ്റഡിയിലുണ്ട്. വീട്ടുകാരെ ആഴ്ചയിലൊരിക്കൽ വിളിക്കാൻ അനുമതിയുള്ളതിനാൽ, അദ്ദേഹം ജീവിച്ചിരിപ്പിക്കുണ്ടെന്ന് ഉറപ്പിക്കാം. അറസ്റ്റിലായ വ്യവസായി അൽവലീദ് ബിൻ തലാൽ രാജകുമാരന്റെ സഹോദരനാണ് ഖാലിദ് രാജകുമാരൻ. സൗദിയിലെ ഏറ്റവും വലിയ ധനാഢ്യനെന്ന് ഫോബ്‌സ് മാസിക വിശേഷിപ്പിച്ച അൽവലീദ്, തനിക്കുള്ളതെല്ലാം കൊട്ടാരത്തിന് എഴുതിക്കൊടുത്തശേഷമാണ് തടവറയിൽനിന്ന് മോചിതനായത്.

അൽ ഹായിർ ജയിലിൽ കഴിയവെ, ചോദ്യം ചെയ്യലിന്റെ പേരിൽ അൽവലീദിനെ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ കുടുംബതത്തോടൊപ്പമുള്ള അൽവലീദിന് രാജ്യം വി്ട്ടുപോകാൻ അനുമതിയില്ല. 1700 കോടി ഡോളർ ആസ്തിയുള്ള, ട്വിറ്ററിലടക്കം ഓഹരിനിക്ഷേപമുണ്ടായിരുന്ന വൻകിട വ്യവസായിയായിരുന്നു അൽവലീദ്. ഇദ്ദേഹമുൾപ്പെടെ, തടവിലാക്കപ്പെട്ടവരെ കൈയിലും കാലിലും ചങ്ങലപ്പൂട്ടിട്ടാണ് നടത്തിയിരുന്നതെന്നും ചിലർ റിപ്പോർട്ട് ചെയ്യുന്നു.

അൽവലീദ് കഴിഞ്ഞാൽ സൗദിയിലെ ഏറ്റവും ധനാഢ്യനെന്ന് ഫോബ്‌സ് വിലയിരുത്തിയ വ്യവസായിയാണ് അൽ അമൗദി. 1060 കോടി ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി. റിയൽ എസ്‌റ്റേറ്റ്, ഓയിൽ രംഗത്ത് പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 2017 നവംബറിൽ അറസ്റ്റിലായതുമുതൽ ജയിലിലാണ്. തടവിലുള്ളവർ ഇനി പുറത്തവരാൻ വളരെക്കുറച്ച് സാധ്യതകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.