തുർക്കിയിലെ എംബസ്സിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വെട്ടിനുറുക്കിക്കൊന്നുവെന്ന ആരോപണം സൗദി അറേബ്യയുടെ ഉറക്കംകെടുത്തുന്നു. ആരോപണങ്ങൾ സൗദി നിഷേധിക്കുമ്പോഴും, അമേരിക്കയടക്കമുള്ള രാജ്യങ്ങൾ സൗദിയെ കാണുന്നത് പ്രതിസ്ഥാത്താണ്. ഖഷോഗി സംഭവത്തിനുശേഷം സൗദിയുടെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തിൽ വൻതോതിൽ ഇടിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ നിക്ഷേപപദ്ധതികളിൽനിന്നുൾപ്പെടെ പ്രമുഖർ പിന്മാറുകയാണ്.

വിദേശനിക്ഷേപം ആരംഭിക്കുന്നതിനായി ഒക്ടോബർ 23 മുതൽ ആരംഭിക്കേണ്ടിയിരുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന വ്യവസായ സമ്മേളനത്തിന്റെ സംഘാടനവും ഇതോടെ അനിശ്ചിതത്വത്തിലായി. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യൂച്ചിൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കേണ്ട സമ്മേളനത്തിൽനിന്ന് പല വ്യവസായ, നിക്ഷേപ സ്ഥാപനങ്ങളും പിന്മാറുകയാണെന്നും സൂചനയുണ്ട്. പല പ്രമുഖ കമ്പനികളും മാധ്യമഗ്രൂപ്പുകളും പി്ന്മാറ്റം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ജമാൽ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് വ്യക്തവും വിശ്വസനീയവുമായ വിശദീകരണം നൽകാൻ സൗദിക്ക് സാധിക്കുന്നില്ലെങ്കിൽ, സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മുഖ്യപ്രഭാഷകരിലൊരാളായി നിശ്ചയിച്ചിരുന്ന ഊബർ സിഇഒ. ദാര ഖോസ്രോഷാഹി, താൻ പോകുന്നില്ലെന്ന് വ്യക്തമാക്കി. ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിമ്മും ഇപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പിച്ച് പറയുന്നില്ല. വയാകോം ഐഎൻസി സിഇഒ. ബോബ് ബാകിഷ്, എഒഎൽ സ്ഥാപകരിലൊരാളായ സ്റ്റീവ് കേസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മാധ്യമങ്ങളും സമ്മേളനം ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ്. വാഷിങ്ടൺ പോസ്റ്റിലെ പത്രപ്രവർത്തകൻ കൂടിയായ ഖഷോഗിയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.എൻ.എൻ, ഫിനാൻഷ്യൽ ടൈംസ്, ന്യുയോർക്ക് ടൈംസ്, എക്കണോമിസ്റ്റ്, സിഎൻബിസി എന്നീ സ്ഥാപനങ്ങൾ സമ്മേളനം റിപ്പോർട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഖഷോഗി വിഷയത്തിൽ സൗദിക്ക് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കിൽ, സമ്മേളനം പരാജയമാകുമെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്.

അതിനിടെ, ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാർഡ് ബ്രാൻസൺ സൗദിയിൽ പ്രഖ്യാപിച്ചിരുന്ന 100 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ സസ്‌പെൻഡ് ചെയ്തു. സൗദി അറേബ്യയുമായുള്ള എല്ലാ ബിസിനസ് ബന്ധവും വിഛേദിക്കുന്നതായും അദ്ദഹം വ്യക്തമാക്കി. ജമാൽ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് സൗദിക്കെതിരേ ഉയർന്നിട്ടുള്ള ആരോപണങ്ങൾ സത്യമാണെന്ന് തെളിയുകയാണെങ്കിൽ, ആ രാജ്യവുമായുള്ള ബന്ധം തുടരാൻ താത്പര്യമില്ലെന്ന് ബ്രാൻസൺ പറഞ്ഞു. ബ്രാൻസണിന്റെ വിർജിൻ ഗ്രൂപ്പുമായി ചേർന്ന് 100 കോടി ഡോളറിന്റെ വിർജിൻ ഗലാക്റ്റിക്, വിർജിൻ ഓർബിറ്റ് എന്നീ പദ്ധതികൾ കഴിഞ്ഞവർഷം സൗദി പ്രഖ്യാപിച്ചിരുന്നു.

തുർക്കിക്കാരിയായ തന്റെ കാമുകി ഹാറ്റിസ് സെൻഗിസുമായുള്ള വിവാഹത്തിന്റെ രേഖകൾ ശരിയാക്കുന്നതിനാണ് കഴിഞ്ഞയാഴ്ച ഖഷോഗി എംബസിയിലെത്തിയത്. ഹാറ്റിസിനെ പുറത്തുനിർത്തി എംബസിക്കുള്ളിലേക്ക് പോയ ഖഷോഗി പ്ിന്നീട് തിരിച്ചുവന്നതേയില്ല. ഖഷോഗിയുടെ സന്ദർശനവിവരം മുൻകൂട്ടിയറിഞ്ഞ് സൗദിയിൽനിന്നെത്തിയ 15 അംഗ കൊലയാളിസംഘം അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് ലോകം ആരോപിക്കുന്നത്. രാജകൊട്ടാരത്തിന്റെ അനുമതിയോടെയാണ് വധശിക്ഷ നടപ്പാക്കിയതെന്നും ആരോപിക്കപ്പെടുന്നു.