ബ്രസൽസിൽ വച്ച് നിർണായകമായ ചർച്ചകളിലൂടെ ബ്രെക്സിറ്റ് ഡീലിന് ഇന്ന് രൂപമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ഈ ആഴ്ച തന്നെ അതിന് അംഗീകാരം ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇടയിൽ നടക്കുന്ന ഡിവോഴ്സ് മൂലം ഈ ആഴ്ച പൗണ്ട് വിലയിൽ ഗണ്യമായ മാറ്റം വരുത്തുമോ...?എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമാകുന്നുണ്ട്. യൂറോപ്യൻ യൂണിയൻ പക്ഷത്തുള്ള നെഗോഷ്യേറ്റർമാർ ഇന്ന് കരാറിന് രൂപമാക്കി അത് അടുത്ത ആഴ്ച ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നിൽ അവതരിപ്പിക്കുകയായിരിക്കും ചെയ്യുന്നത്.

യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറുടെ നേതൃത്വത്തിലുള്ള ടീം രൂപം കൊടുത്ത ഇന്റേണൽ ഡോക്യുമെന്റുകൾ ജർമനിയിലെ ഒരു പത്രം ചോർത്തി പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. ഇതിലെ സൂചനകൾ പ്രകാരമാണ് ബ്രെക്സിറ്റ് കരാർ സംബന്ധിച്ച ഒരു ധാരണയിൽ ഇന്ന് യൂണിയൻ നേതാക്കൾ എത്തിച്ചേരുമെന്ന് വെളിപ്പെട്ടിരിക്കുന്നത്. ബ്രെക്സിറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു '' പ്രൊവിഷനൽ ടൈംടേബിൾ'' ഈ രേഖയിലുണ്ട്. വെള്ളിയാഴ്ച ഇതിലെ സാരാംശം യൂറോപ്യൻ യൂണിയൻ അംബാസിഡർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

ഇക്കാര്യത്തിൽ യൂണിയന്റെ നിലപാട് വെളിപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഇത് പ്രകാരം ഇന്ന് ഡീലിന് രൂപം കൊടുക്കുമെന്നും എന്നാൽ അത് ഇന്ന് പരസ്യപ്പെടുത്തില്ലെന്നും ഈ രേഖയിൽ പരാമർശമുണ്ട്. ഈ ടൈംടേബിൾ പ്രകാരം ഈ ഡീൽ ബ്രിട്ടന് മുന്നിലെത്തിക്കുന്നത് തിങ്കളാഴ്ചയായിരിക്കും. ഇതിന് ബ്രിട്ടീഷ് പക്ഷത്ത് നിന്നും അംഗീകാരം ലഭിച്ചാൽ തുടർന്ന് ബ്രെക്സിറ്റ ്സെക്രട്ടറി ഡൊമിനിക്ക് റാബും യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറും ഒരുമിച്ച് ബ്രസൽസിൽ വച്ച് ഇതുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന നടത്തി സംഗതി പരസ്യമാക്കും.

എന്നാൽ ഇരുപക്ഷവും തമ്മിൽ ഭാവിയിലുണ്ടാക്കേണ്ടുന്ന വ്യാപാരക്കരാറുകൾ ഏത് വിധത്തിലുള്ളതായിരിക്കണമെന്നതിനെക്കുറിച്ച് ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നുവെന്നും ആ രേഖയിലുണ്ട്. ഈ ആഴ്ചത്തെ ചർച്ചയിലും ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട വിഷയം കീറാമുട്ടിയായി ത്തീർന്നിരുന്നു. ഇത്തരത്തിൽ കരാറുണ്ടായി ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാകുന്നതോടെ പൗണ്ട് വില കൂടുമോ....? എന്ന ചോദ്യം ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. എന്നാൽ ഈ ഡീൽ ബ്രിട്ടന് ഗുണകരമാവില്ലെന്ന ആശങ്കയാൽ പൗണ്ട് വില ഇടിയാൻ സാധ്യതയുണ്ടെന്നും ചില സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ വർധിക്കുമ്പോൾ പൗണ്ട് വില ഇടിയുന്നതും ബ്രെക്സിറ്റിനെ കുറിച്ച് പ്രതീക്ഷ ഉയരുമ്പോൾ പൗണ്ട് വിലയും ഉയരുകയും ചെയ്യുന്നത് സമീപകാലത്ത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ അനുഭവിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക അവസ്ഥയാണ്. ഏത് തരത്തിലുള്ള ഡീലായിരിക്കും പ്രഖ്യാപിക്കപ്പെടുക എന്നതിന് അനുസരിച്ച് ഇപ്രാവശ്യവും പൗണ്ട് വില കൂടുകയോ കുറയുകയോ ചെയ്യാം.തെരേസ മെയ്‌ ബ്രെക്സിറ്റ് ചർച്ചകളിൽ ഉറച്ച നിലപാടെടുത്ത് ചർച്ചകൾക്ക് പുതിയ ഉണർവുണ്ടായപ്പോൾ ഈ അടുത്ത ദിവസങ്ങളിൽ പൗണ്ട് വിലയിൽ വർധനവുണ്ടായിരുന്നു. കരാറിൽ ഏതാനും ദിവസങ്ങൾക്കം ഒപ്പിടുമെന്ന സൂചന ശക്തമായതോടെ പൗണ്ട് വില ഉയർന്നുവെന്ന റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ഒമ്പതാം തിയതി പുറത്ത് വന്നിരുന്നു.

ബ്രസൽസുമായി ചർച്ച നടത്തി ബ്രിട്ടീഷ് ജനതയുടെ ആഗ്രഹം നടപ്പിലാക്കുമെന്ന് തെരേസ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന പാർട്ടി കോൺഫറൻസിൽ വച്ച് ഉറപ്പേകിയതിനെ തുടർന്നായിരുന്നു പൗണ്ടിന് സമീപകാലത്ത് ആദ്യത്തെ നേട്ടമുണ്ടായത്. നല്ലൊരു ഡീലിന് കളമൊരുങ്ങുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ സൂചന നൽകിയതിനെ തുടർന്ന് പൗണ്ടിന്റെയും വിപണിയുടെയും നില വീണ്ടും മെച്ചപ്പെട്ടിരുന്നു. തുടർന്ന് ഐറിഷ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയതും പൗണ്ടിന് ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.

കരാർ ഒപ്പിടുന്നതോടെ ഈ വർഷം അവസാനത്തോടെ പൗണ്ട് വില വർധിക്കുമെന്ന് വിവിധ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പ്രവചനം നടത്തിയിട്ടുണ്ട്. 2016ൽ റഫറണ്ടത്തിൽ ബ്രെക്സിറ്റി ന് അനുകൂലമായ വോട്ട് ചെയ്യപ്പെട്ടപ്പോൾ പൗണ്ട് വില ചരിത്രത്തിലെ ഏറ്റവും താഴോട്ട് പോയിരുന്നുവെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്. തുടർന്ന് ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് പ്രതീക്ഷയും നിരാശയുമുണ്ടാകുന്നതിനനുസരിച്ച് പലവട്ടം പൗണ്ട് വില ഏറിയും കുറയുകയും ചെയ്യുകയുമുണ്ടായിട്ടുണ്ട്.