ലതുവംശീയവാദികളായ ചില ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് ഫുട്ബോൾ ലാഡ്സ് അലയൻസ് (ഡിഎഫ്എൽഎ) ഇന്നലെ സെൻട്രൽ ലണ്ടനിൽ കുടിയേറ്റക്കാർക്കെതിരെയും മുസ്ലിം ഫുട്ബോൾ സപ്പോർട്ടർമാർക്കെതിരെയും കൊലവിളികളുമായി പ്രകടനം നടത്തി. ''ആരുടെ നാട്....ഞങ്ങടെ നാട്... ''എന്ന് വിളിച്ച് കുടിയേറ്റക്കാർക്കെതിരെ ആക്രോശിച്ച് ഒഴുകിയത് ആയിരക്കണക്കിന് പേരായിരുന്നു. ഇതിനെ തുടർന്ന പലയിടങ്ങളിലും എതിർഗ്രൂപ്പുകൾ ഇവർക്കെതിരെ രംഗത്തെത്തിയതോടെ കനത്ത സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അത് നേരിടാൻ പൊലീസ് അരയും തലയും മുറുക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇന്നലെ പ്രകടനം നടത്തിയ വലതുവംശീയവാദികൾ ലണ്ടനിലെ തെരുവുകളിൽ നാസി സല്യൂട്ട് നടത്തുന്നതു ം കാണാമായിരുന്നു. മാർച്ചിൽ പങ്കെടുത്ത ഒരു വംശീയവാദി പൊലീസ് ഓഫീസർമാരോട് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും കേൾക്കാമായിരുന്നു. പാർക്ക് ലൈൻ മുതൽ വൈറ്റ് ഹാൾ വരെയായിരുന്നു ഡിഎഫ്എൽഎ മാർച്ച് നടത്തിയിരുന്നത്. ഈ ഗ്രൂപ്പിന്റെ ഏറ്റവും വലിയൊരു പ്രകടനമാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്നിരിക്കുന്നത്. ബ്രിട്ടന്റെ മണ്ണിൽ നിന്നും ജിഹാദികൾ മടങ്ങിപ്പോകുന്നതിന് വേണ്ടിയാണ് തങ്ങൾ ഈ പ്രതിഷേധ പ്രകടനം നടത്തിയിരിക്കുന്നതെന്നാണ് സംഘാടകർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ എത്തുന്ന കുടിയേറ്റക്കാരിൽ നിരവധി പേർ തീവ്രവാദികളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അതിനാൽ അവരെ നാട് കടത്തണമെന്നുമായിരുന്നു ഡിഎഫ്എൽഎ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാനെത്തിയ എതിർഗ്രൂപ്പുകളെയും ഡിഎഫ്എൽഎ അംഗങ്ങളെയും വേർതിരിക്കുന്നതിനായി റയട്ട് ഓഫീസർമാർ പാട് പെട്ടിരുന്നു. ട്രാഫാൽഗർ സ്‌ക്വയറിന് സമീപത്ത് വച്ച് ഇരു ഗ്രൂപ്പുകളും തമ്മിൽ ഏറ്റ് മുട്ടൽ ശക്തമായിരുന്നു. ഡസൻ കണക്കിന് പ്രതിഷേധക്കാരായിരുന്നു പൊലീസ് ഓഫീസർമാരുമായി നേരിട്ട് ഏറ്റ് മുട്ടിയിരുന്നത്. ഇതിനിടെ ഒരാൾ ഒരു പൊലീസുകാരനോട് അദ്ദേഹത്തെ കൊല്ലുമെന്ന് ആക്രോശിക്കുന്നതും കാണാമായിരുന്നു.

റയട്ട് ഗിയറുമായെത്തിയ പൊലീസ് ഇരു പക്ഷത്തെയും സംഘർഷത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നന്നെ പാടു പെട്ടിരുന്നു. ബ്രിട്ടന് നിതാന്ത ഭീഷണി സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കുടിയേറ്റക്കാരായ തീവ്രവാദികളെ വേണ്ട വിധത്തിൽ ശിക്ഷിക്കുന്നില്ലെന്നും നാട് കടത്തുന്നില്ലെന്നും ഡിഎഫ്എൽഎ ആരോപിച്ചിരുന്നു. ഈ നിശബ്ദത മുറിക്കാനാണ് തങ്ങൾ ഇതിനെക്കുറിച്ച് ഉച്ചത്തിൽ മുന്നറിയിപ്പേകി മാർച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഡിഎഫ്എൽഎ വിശദീകരിച്ചിരുന്നു.

ട്രാഫാൽഗർ സ്‌ക്വയറിന് സമീപത്ത് വച്ച് ഇരു ഗ്രൂപ്പുകാരും പരസ്പരം നേർക്ക് നേർ വെല്ലുവിളിച്ചും പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചുമായിരുന്നു മാർച്ച് നടത്തിയിരുന്നത്. ഇതിനെ തുടർന്ന് വിവിധ റോഡുകളിൽ ഗതാഗതം വരെ സ്തംഭിച്ചിരുന്നു.