സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽ ലോകചരിത്രത്തിൽ ഏറ്റവും വലിയ വിമാനാപകടം ഉണ്ടാവാതെ ഒഴിവായത് ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിനാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവിടെ നിന്നും ടേയ്ക്ക് ഓഫിനായി ഒരുങ്ങിയിരുന്ന എയർ കാനഡ വിമാനം റൺവേയ്ക്ക് പകരം ടാക്സിവേയിലേക്ക് കയറിയതിനെ തുടർന്നായിരുന്നു വൻ അപകടത്തിന് കളമൊരുങ്ങിയിരുന്നത്. ഈ സമയത്ത് ഇവിടെ നിറയെ യാത്രക്കാരുമായി നിർത്തിയിട്ടിരുന്ന മൂന്ന് വിമാനങ്ങൾ തകരാതെ പറന്നുയർന്നത് തലനാരിഴ വ്യത്യാസത്തിനായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

മരണത്തിന്റെ പിടിയിലമരാതെ രക്ഷപ്പെട്ടത് 1000ത്തോളം ജീവനാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയ ഏഴിനുണ്ടായ സംഭവത്തിന്റെ ഔദ്യോഗിക റിപ്പോർട്ട് ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോഴാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത അപകടമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായിരിക്കുന്നതെന്നും ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നു. എയർ കാനഡയുടെ എയർബസ് എ 320 ആയിരുന്നു അന്നേ ദിവസം അർധരാത്രി ഇവിടെ നിന്നും പറന്നുയരുന്നതിന് മുമ്പ് അപകടത്തിന്റെ മുനമ്പിലെത്തിയിരുന്നത്.

പൈലറ്റിന് പിഴവ് പറ്റി വിമാനം റൺവേയിലേക്ക് കയറ്റുന്നതിന് പകരം സമീപത്തെ ടാക്സിവേസിയിലേക്ക് കയറ്റിപ്പോവുകയായിരുന്നു. ഇവിടെ നിറയെ യാത്രക്കാരുമായി ടേക്ക് ഓഫിനായി കാത്തിരുന്ന നാല് വിമാനങ്ങളെ തൊട്ട് തൊട്ടില്ലെന്ന മട്ടിലായിരുന്നു എയർ കാനഡ വിമാനം എത്തിച്ചേർന്നത്. ഏതാനും അടി കൂടി മുന്നോട്ട് പോയിരുന്നുവെങ്കിൽ എയർ കാനഡ വിമാനം മറ്റ് നാല് വിമാനങ്ങളുമായി കൂട്ടിയിടിക്കുകയും കടുത്ത ദുരന്തമുണ്ടാകുമായിരുന്നുവെന്നുമാണ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ വൈസ് ചെയർമാനായ ബ്രൂസ് ലാൻഡ്സ്ബെർഗ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത സംഭവത്തിന്റെ ഔദ്യോഗിക റിപ്പോർട്ട് ഈ ഏജൻസി വെള്ളിയാഴ്ച പുറത്ത് വിടവെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

എയർ കാനഡ വിമാനത്തിന് വരാനായി ഇവിടുത്തെ റൺവേ 28 റൈറ്റ് ഒഴിച്ചിട്ടിരുന്നുവെന്നും എന്നാൽ ഇവിടേക്ക് വരുന്നതിന് പകരം വിമാനം ടാക്സിവേയിലേക്ക് തിരിഞ്ഞ് പോവുകയായിരുന്നുവെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എയർ കാനഡ വിമാനത്തിൽ 140 യാത്രക്കാരാണുണ്ടായിരുന്നത്. ഈ വിമാനം മറ്റുള്ളവയുമായി കൂട്ടിയിടിച്ചിരുന്നുവെങ്കിൽ ചുരുങ്ങിയത് 1000ത്തോളം യാത്രക്കാർക്ക് ഗുരുതരമായ പരുക്കേൽക്കുകയോ മരിക്കുകയോ ചെയ്യുമായിരുന്നുവെന്നാണ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് മെമ്പറായ ഏൾ വീനെർ പറയുന്നത്.

എയർ കാനഡ വിമാനത്തിലെ ക്രൂ ടാക്സി വേ കണ്ട് റൺവേയാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്നാണ് ഈ പിഴവ് സംഭവിച്ചതെന്നും ഈ റിപ്പോർട്ടിലൂടെ കണ്ടെത്തിയിട്ടുണ്ട്.