സൗത്ത് അമേരിക്കൻ രാജ്യമായ ചിലിയിലെ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദങ്ങൾ പോപ്പിനെയും വത്തിക്കാനെയും സമീപകാലത്തായി ഏറെ വെള്ളം കുടിപ്പിച്ച് കൊണ്ടിരിക്കുയാണ്. ഇതിനെ തുടർന്ന് അടുത്തിടെ ചിലിയിലെ ഏഴ് മെത്രാന്മാർ രാജി വയ്ക്കുകയും രണ്ട് പുരോഹിതരുടെ പട്ടം പോപ്പ് എടുത്ത് കളയുകയും ചെയ്തിരുന്നു. പക്ഷേ ഇത്രയൊക്കെ നടപടികളെടുത്തിട്ടും ചിലിയിലെ പീഡന വീരന്മാരെ പൂർണമായും തളയ്ക്കാൻ പോപ്പിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഇപ്പോഴിതാ 84 കാരനായ റിട്ടയേഡ് മെത്രാൻ അടക്കം രണ്ട് ബിഷപ്പുമാരുടെ തിരുപ്പട്ടം പോപ്പ് ഫ്രാൻസിസ് റദ്ദ് ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് കുപ്രസിദ്ധനായ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോയെ പോലുള്ളവരെ തെരുവിലിറക്കി വിട്ട് കത്തോലിക്കാ സഭയെ ശുദ്ധീകരിക്കുന്ന ദൗത്യവുമായി പോപ്പ് ഇത്തരത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. രണ്ട് ബിഷപ്പുമാരുടെ തിരുപ്പട്ടം പോപ്പ് റദ്ദ് ചെയ്തുവെന്ന് വത്തിക്കാൻ ഇന്നലെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രാൻസിസ്‌കോ ജോസ് കോക്സ് ഹുനീയുസ്(84) എന്ന യാളാണ് ഈ ബിഷപ്പുമാരിലൊരാൾ. ചിലിയിലെ നോർത്തേൺ കോക്യുംബോ റീജിയന്റെ തലസ്ഥാനമായ ലാ സെറീനയിടെ ആർച്ച് ബിഷപ്പ് എമെറിടിയുസായിരുന്നു അദ്ദേഹം.

നടപടിക്കിരയായ രണ്ടാമത്തെ ബിഷപ്പ് 53 കാരനായ മാർകോ അന്റോണിയോ ഓർഡെനെസാണ്. ഇക്യുക്യുവിലെ ആർച്ച് ബിഷപ്പ് എമെറിടിയുസായിരുന്നു മാർകോ. ഈ ബിഷപ്പുമാർക്ക് മേൽ പോപ്പെടുത്ത നടപടി മാറ്റമില്ലാത്തതാണെന്നും അപ്പീലിന് സാധിക്കില്ലെന്നുമാണ് സ്പാനിഷിൽ പുറത്തിറക്കിയ വത്തിക്കാൻ പ്രസ്താവന തറപ്പിച്ച് പറയുന്നത്. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക പീഡനത്തിനിരകളാക്കിയതിനാണ് ഈ ബിഷപ്പുമാർക്കെതിരെ കാനൻ നിയമപ്രകാരം നടപടിയെടുത്തിരിക്കുന്നതെന്നും വത്തിക്കാൻ വിശദീകരിക്കുന്നു.

ഇത്തരത്തിൽ പുരോഹിതന്മാരെ അയോഗ്യരാക്കുന്ന നടപടി ഔദ്യോഗികമായി '' റെഡ്യൂസ്ഡ് ടു ദി ലേ സ്റ്റേറ്റ് '' എന്നാണ് അറിയപ്പെടുന്നത്. ഇതിനെ തുടർന്ന് അവർ പുരോഹിത പദവിയിൽ നിന്നും പുറത്താക്കപ്പെടും. ചിലിയിലെ പുരോഹിതനായിരുന്നു 77കാരൻ റവറന്റ് ക്രിസ്റ്റിയൻ പ്രീച്റ്റ് ബാൻഡോസിനെ അയോഗ്യനാക്കിയിരുന്നു. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിൽ ഇയാളെ 2012ൽ തന്നെ പുരോഹിത വൃത്തികൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു. തുടർന്ന് 88 കാരനായ ഫാദർ ഫെർനാൻഡോ കരാദിമയെയാണ് പോപ്പ് പുറത്താക്കിയത്. വർഷങ്ങൾക്കിടെ അദ്ദേഹം നിരവധി കൗമാരക്കാരെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

ഇത്തരത്തിൽ ചിലിയിലെ കത്തോലിക്കാ സഭയിലെ നിരവധി പുരോഹിതന്മാർക്ക് മേൽ ലൈംഗിക കുറ്റങ്ങൾ ആരോപിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മേയിൽ 34 ബിഷപ്പുമാരായിരുന്നു പോപ്പിന് മുന്നിൽ രാജിക്കായി സന്നദ്ധത പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇവരിൽ ഏഴ് പേരുടെ രാജിയാണ് പോപ്പ് സ്വീകരിച്ചത്. കോക്സും ബാൻഡോസും ഈ 34 പേരിൽ ഉൾപ്പെട്ടവരായിരുന്നില്ല. ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനെറയുമായി വത്തിക്കാനിൽ വച്ച് പോപ്പ് ചർച്ച നടത്തി അധികം വൈകുന്നതിന് മുമ്പാണ് അദ്ദേഹം ബിഷപ്പുമാരെ പുറത്താക്കിയിരിക്കുന്നത്. ചിലിയിൽ വളർന്ന് വരുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചും പോപ്പ് പ്രസിഡന്റുമായി ചർച്ച ചെയ്തിരുന്നുവെന്നാണ് സൂചന.