ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി സ്വന്തം അന്ത്യനിമിഷം ആപ്പിൾ വാച്ചിൽ റെക്കോർഡ് ചെയ്ത് ഭാര്യയ്ക്ക് അയച്ചുവെന്ന സംശയമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി തുർക്കിഷ് പത്രം രംഗത്തെത്തി. അതിനിടെ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സൗദി അറേബ്യയാണെങ്കിൽ ശക്തമായ തിരിച്ചടിക്കായി കാത്തിരിക്കാൻ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിട്ടുമുണ്ട്. ഇതോടെ ഈ മാധ്യമപ്രവർത്തകന്റെ തിരോധാനം അറബ് ലോകത്തിന്റെ ഭാവിയെ മാറ്റി മറിക്കുമോ....? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമാകുന്നുണ്ട്. എന്നാൽ ഖഷോഗിയുടെ തിരോധാനത്തിന് പിന്നിൽ സൗദിയാണെന്ന ആരോപണങ്ങളെല്ലാം കെട്ട്കഥയെന്ന നിലപാടിൽ ഉറച്ച് സൗദി അറേബ്യയും രംഗത്തെത്തിയിട്ടുണ്ട്.

ഈ മാസം രണ്ടാം തിയതി ഇസ്താബൂളിലെ സൗദി കോൺസുലേറ്റിലേക്ക് കയറും മുമ്പ് ആപ്പിൾ വാച്ചിലെ റെക്കോർഡിങ് സംവിധാനം ഖഷോഗി ഓൺ ചെയ്തതായാണ് തുർക്കി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സബാ പത്രം വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്യുന്നതും കൊല്ലുന്നതടക്കമുള്ള ഓഡിയോ സന്ദേശം ആപ്പിൾ വാച്ചിൽ പകർത്തി ഭാര്യയുടെ കൈയിലുള്ള ഐഫോണിലേക്കും ഐക്ലൗഡിലേക്കും യഥാസമയം അയച്ചിരുന്നുവെന്നും തുർക്കിഷ് പത്രം വിശദീകരിക്കുന്നു. തുടർന്ന് ഈ മാധ്യമപ്രവർത്തകന്റെ ആപ്പിൾ വാച്ച് അക്രമികൾ അൺലോക്ക് ചെയ്യാൻ കിണഞ്ഞ് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

അനന്തരം ഖഷോഗിയുടെ വിരലടയാളത്തിന്റെ സഹായത്താൽ വാച്ച് അൺലോക്ക് ചെയ്യുകയും ഇതിലെ ചില ശബ്ദരേഖകൾ ഡിലീറ്റ് ചെയ്തതായും പത്രം വെളിപ്പെടുത്തുന്നു. ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന സെക്യൂരിറ്റി ഫോഴ്സുകൾ അദ്ദേഹം അയച്ച ഇത്തരം ഫയലുകൾ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈവശമുള്ള ഐഫോണിൽ കണ്ടെത്തിയെന്നും തുർക്കിഷ് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ മാധ്യമപ്രവർത്തകന്റെ തിരോധാനത്തിന് പിന്നിൽ തങ്ങളുടെ കൈകളാണെന്ന അമേരിക്കയുടെ ആരോപണം വെറും കെട്ട് കഥയാണെന്നാണ് സൗദി അറേബ്യ ആവർത്തിക്കുന്നത്. ഖഷോഗിയെ വധിക്കാൻ സൗദി കൽപന പുറപ്പെടുവിച്ചില്ലെന്നും കോൺസുലേറ്റിൽ വന്ന അദ്ദേഹം ഉച്ചയോടെ അവിടെ നിന്നും മടങ്ങിപ്പോയിരുന്നുവെന്നുംം സൗദി അറേബ്യ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നഈഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ വിശദീകരണം നൽകുന്നുണ്ട്.

എന്നാൽ ഖഷോഗിയുടെ ആപ്പിൾ വാച്ച് ആക്രമികൾ അദ്ദേഹത്തിന്റെ ഫിംഗർ പ്രിന്റിനാൽ അൺലോക്ക് ചെയ്ത് അതിലെ ഫയലുകൾ ഡിലീറ്റ് ചെയ്തുവെന്ന വാദം ആപ്പിൾ പ്രതിനിധി നിഷേധിച്ചിട്ടുണ്ട്. ഇത്തരമൊരു സംവിധാനം ആപ്പിൾ വാച്ചിലില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആപ്പിൾ വാച്ചിൽ നിന്നും ഫോണിലേക്ക് പ്രസ്തുത ഫയൽ എങ്ങനെ ട്രാൻസ്ഫർ ചെയ്തുവെന്ന കാര്യവും വ്യക്തമായിട്ടില്ല. ആപ്പിൾ വാച്ചും ഫോണും തമമിൽ ബ്ലൂടൂത്ത് കണക്ഷൻ സാധ്യമാകാത്ത വിധത്തിലുള്ള അകലത്തിലായതിനാൽ ഫയൽ ട്രാൻസ്ഫർ ചെയ്യുകയെന്നത് അസാധ്യമാണെന്നാണ് സിഎൻഎന്നിന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി അനലിസ്റ്റായ റോബർട്ട് ബേയർ പ്രതികരിച്ചിരിക്കുന്നത്.

ഖഷോഗിയുടെ തിരോധാനത്തിന് പുറകിൽ സൗദി തന്നെയാണെന്ന് തറപ്പിച്ച് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ ഏത് നിമിഷവും അമേരിക്കയുടെ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുഎസിലെ നിരവധി പേരുടെ ജോലികളെ കൂടി ബാധിക്കുമെന്നതിനാൽ സൗദിക്ക് മേൽ ഇതിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റ് തരത്തിലുള്ള ശിക്ഷാ നടപടികളാണ് പരിഗണിച്ച് വരുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തുന്നു.

സൗദി കോൺസുലേറ്റിലേക്ക് ഈ മാസം രണ്ടിന് കടന്ന് വരുന്നതാണ് ഖഷോഗിയുടേതായി പുറത്ത് വന്ന ഏറ്റവും ഒടുവിലത്തെ വീഡിയോ.തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകൾ ശരിയാക്കുന്നതിനായിരുന്നു അദ്ദേഹം സൗദി കോൺസുലേറ്റിലെത്തിയിരുന്നത്. വാഷിങ്ടൺ പോസ്റ്റിന്റെ കോൺട്രിബ്യൂട്ടറായി പ്രവർത്തിച്ചിരുന്ന ഖഷോഗി സൗദി പൗരനായിരുന്നുവെങ്കിലും സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്നു.