ഇസ്താംബൂൾ: ഇസ്താംബുളിലെ സൗദി അറോബ്യൻ എംബസിയിൽനിന്ന് കാണാതായ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കണ്ടെത്തുന്നതിന് കൂടുതൽ വിശ്വസനീയമായ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടനും ഫ്രാൻസും ജർമനിയും രംഗത്തെത്തി. ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് സൗദിക്കുമേൽ ഉയർന്നിരിക്കുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിന് സമഗ്ര അന്വേഷണം ആവശ്യമാണെന്ന് സംയുക്തപ്രസ്താവനയിൽ ബ്രി്ട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഫ്രഞ്ച് വിദേശ കാര്യമന്ത്രി ഴാങ് യെവ്‌സ് ലെ ദ്രിയൻ, ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌ക്കോ മാസ് എന്നിവർ ആവശ്യപ്പെട്ടു.

ഒക്്‌ടോബർ രണ്ടിനാണ് ഖഷോഗിയെ ഇസ്താംബുളിലെ സൗദി എംബസിയിൽനിന്ന് കാണാതായത്. സൗദിയിൽനിന്നെത്തിയ 15 അംഗ കൊലയാളി സംഘം ഖഷോഗിയെ വെട്ടിനുറുക്കിയെന്നാണ് ആരോപിക്കപ്പെടുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമാണ് ബ്രിട്ടനും ജർമനിയും ഫ്രാൻസും മുൻതൂക്കം നൽകുന്നതെന്ന് ലണ്ടനിലെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഖഷോഗിയുടെ തിരോധാനത്തെ മൂന്ന് രാജ്യങ്ങളും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ഖഷോഗിയെ സൗദി കൊലപ്പെടുത്തിയതാണെന്നുതന്നെയാണ് തുർക്കി വിശ്വസിക്കുന്നത്. എംബസിക്കുള്ളിൽവെച്ച് ചോദ്യം ചെയ്യലിനിടെ ഖഷോഗി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നും കൊല ചെയ്തശേഷം മൃതദേഹം വെട്ടിനുറുക്കിയെന്നുമാണ് തുർക്കിയുടെ ആരോപണം. അമേരിക്കയും ഖഷോഗിയുടെ തിരോധാനത്തിൽ സൗദിയെയാണ് സംശയിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് പത്രത്തിലെ മാധ്യമപ്രവർത്തകൻ കൂടിയായ ഖഷോഗി അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിനായി തുർക്കിയിലെത്തിയപ്പോഴാണ് അദ്ദേഹത്തെ സൗദി എംബസിയിൽ കാണാതായത്.

ഖഷോഗിയെ സൗദി വകവരുത്തിയതാണെന്ന് തെളിഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡൻ്‌റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധമുൾപ്പെടെയുള്ള നടപടികളിലേക്ക് അമേരിക്കയ്ക്ക് നീങ്ങേണ്ടിവരുമെന്നാണ് സഖ്യകക്ഷികൂടിയായ സൗദിക്ക് ട്രംപ് നൽകിയ മുന്നറിയിപ്പ്. എന്നാൽ, ഇതിനെ ശക്തമായി നേരിടുമെന്ന് സൗദിയും തിരിച്ചടിച്ചിട്ടുണ്ട്.

ഖഷോഗിയുടെ തിരോധാനത്തോടെ സൗദിയിൽ നിക്ഷേപം നടത്തുന്നതിൽനിന്ന് പാശ്ചാത്യ കമ്പനികൾ പിൻവലിയുകയാണ്. ഇതിന്റെ പ്രത്യാഘാതം റിയാദ് സ്റ്റോക്ക് മാർക്കറ്റിലും പ്രകടമാണ്. സമീപകാലത്തെ ഏറ്റവും വലിയ വീഴ്ചയാണ് ഓഹരിവിപണിയിലുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് നിക്ഷേപകൻ റിച്ചാർഡ് ബ്രാൻസൺ സൗദിയിൽ നടത്താനിരുന്ന 100 കോടി ഡോളറിന്റെ വികസനപ്രവർത്തനങ്ങളിൽനിന്ന് പിന്മാറിയതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഈമാസമൊടുവിൽ റിയാദിൽ നടക്കേണ്ടിയിരുന്ന സാമ്പത്തിക സമ്മേളനത്തിൽനിന്ന് പ്രമുഖ കമ്പനികളും ഉന്നതരും പിന്മാറിയതും സൗദിക്ക് തിരിച്ചടിയായിട്ടുണ്ട്.