ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശവും ഇംഗ്ലീഷ് ഫുട്ബോളിന്റെ അഭിമാന ക്ലബുമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് സ്വന്തമാക്കുമോ...? എന്ന ചോദ്യം ഇപ്പോൾ ശക്തമാകുന്നുണ്ട്. 300 കോടി പൗണ്ടിന് ക്ലബ് രാജകുമാരന് വിൽക്കാൻ ധാരണയായെന്ന റിപ്പോർട്ടുകൾ കേട്ട് ഈ ക്ലബിന്റെ ആരാധകർ ആശ്ചര്യപ്പെടുകയാണ്.ഫുട്ബോളിൽ തന്റെ മുഖമുദ്ര പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംബിഎസ് ഈ ക്ലബ് കൈവശപ്പെടുത്താനൊരുങ്ങുന്നത്. ക്ലബിൽ ഗ്ലാസർ കുടുംബത്തിനുള്ള 3 ബില്യൺ പൗണ്ടിന്റെ പ്രൈവറ്റ് ഷെയറുകൾ വാങ്ങാനണ് എംബിഎസ് ഒരുങ്ങുന്നത്.

നിലവിൽ ഈ ക്ലബിന്റെ ഉടമസ്ഥർ ഇത് വിറ്റാൽ അതിന് 3 ബില്യൺ പൗണ്ടിലധികം ലഭിക്കുമെന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. എംബിഎസ് ക്ലബിന്റെ ഒരു ഭാഗം വാങ്ങാനുള്ള സാധ്യതയും ചിലർ മുന്നോട്ട് വയ്ക്കുന്നുണ്ട്. എഫ്1, ഡബ്ല്യൂഡബ്ല്യൂഇ എന്നീ ക്ലബുകളെ സ്വന്തമാക്കിക്കൊണ്ട് സൗദി ഇപ്പോൾ തന്നെ സ്പോർട്സിൽ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളിൽ ഫുട്ബോൾ സജീവ ഭാഗമായിത്തീർന്നിട്ടുമുണ്ട്.കഴിഞ്ഞ വർഷം ഖത്തറുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് ഖത്തറി ചാനലായ ബിഇൻ സ്പോർട്സിനെ സൗദി നിരോധിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം ഗ്ലാസർ കുടുംബം വിൽക്കുകയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇത് വിൽക്കുന്നതിനെ കുറിച്ച് കുടുംബം ഇതുവരെ വിവരങ്ങൾ പുറത്ത് വിട്ടിട്ടുമില്ല. എന്നാൽ ക്ലബിന്റെ കോ-ചെയർമാനായ അവ്റാം ഗ്ലാസെറിന്റെ അടുത്ത കാലത്തെ ചില നീക്കങ്ങളാണ് ക്ലബ് വിൽക്കാൻ പോകുന്നുവെന്ന പ്രതീതിയുണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ അദ്ദേഹം ഏറെ കാലം മിഡിൽ ഈസ്റ്റിൽ ചെലവിട്ടത് ഇതിന് വേണ്ടിയാണെന്ന പ്രചാരണവും ശക്തമാണ്. സൗദിയുടെ തലസ്ഥാനമായ റിയാദിൽ അടുത്ത ആഴ്ച നടക്കുന്ന ഫ്യൂച്വർ ഇനീഷ്യേറ്റീവ് കോൺഫറൻസിൽ അവ്റാം ലോകപ്രശസ്ത ബാങ്കർമാർ, നിക്ഷേപകർ എന്നിവർക്കൊപ്പം പങ്കെടുക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലുള്ള ഷെയർ പ്രൈസ് മൂല്യം 2.5 ബില്യൺ പൗണ്ടിലധികമാണ്. ഇതിന്റെ ഷെയർപ്രൈസ് മൂല്യം ഓഗസ്റ്റിൽ 3.1 ബില്യൺ പൗണ്ടെന്ന റെക്കോർഡിലെത്തിയിരുന്നു.വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർ ജമാൽ ഖഷോഗി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കാണാതായതിന് പിന്നിൽ എംബിഎസാണെന്ന് ആരോപണം ലോകമെമ്പാട് നിന്നും ശക്തമാകുന്നതിനിടയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ അദ്ദേഹം ഒരുങ്ങുന്നതെന്നതും ചർച്ചാ വിഷയമാകുന്നുണ്ട്. തന്നെ നിരന്തരം വിമർശിച്ചിരുന്നു ഖഷോഗിയെ എംബിഎസിന്റെ നിർദ്ദേശ പ്രകാരം വധിക്കുകയായിരുന്നുവെന്ന സൂചനകളും ശക്തമാകുന്നുണ്ട്.