ഹാരിയുടെ പ്രിയപത്നി മേഗൻ മാർകിൾ ഗർഭിണിയാണെന്ന വാർത്ത കൊട്ടാരത്തിന് പുറമെ രാജഭക്തരും വളരെ സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്. മേഗന്റെ വയറ്റിൽ വളരുന്നത് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാമത്തെ കിരീടാവകാശിയാണെന്നാണ് റിപ്പോർട്ട്. ഇത് ആൺകുട്ടിയാണെങ്കിൽ ഏൾ ഓഫ് ഡംബാർട്ടൻ എന്നും പെൺകുട്ടിയാണെങ്കിൽ ലേഡി എക്സ് വിൻഡ്സർ അല്ലെങ്കിൽ ലേഡി എക്സ് മൗണ്ട്ബാററൻ-വിൻഡ്സർ എന്നും അറിയപ്പെടും.എന്നാൽ കുട്ടിയുടെ പേരിന് മുന്നിൽ എച്ച്ആർഎച്ച് എന്ന് പേരിന് മുന്നിൽ ഉപയോഗിക്കാൻ കഴിയില്ല. എലിസബത്ത് രാജ്ഞിയുടെ മറ്റൊരു കൊച്ചു മകന് കൂടി കുഞ്ഞ് പിറക്കുമ്പോൾ കിരീടാവകാശത്തിന്റെ ക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാൻ പോവുകയാണ്.

പുതിയ കണക്കനുസരിച്ച് നിലവിലെ രാജ്ഞിയായ എലിസബത്തിന് ശേഷം കിരീടത്തിനുള്ള അവകാശം മകൻ ചാൾസിനായിരിക്കും. തുടർന്ന് അദ്ദേഹത്തിന്റെ മകനായ വില്യം രാജകുമാരനാണ് അവകാശി. കിരീടാവകാശത്തിനുള്ള മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ വില്യമിന്റെ മക്കളായ ജോർജും ചാർലറ്റും ലൂയീസുമായിരിക്കും. ഹാരി രാജകുമാരൻ ആറാമത്തെ കിരീടാവകാശിയാണ്. തുടർന്ന് അദ്ദേഹത്തിന് പിറക്കാനിരിക്കുന്ന സന്തതി ഏഴാമത്ത കിരീടാവകാശിയായിത്തീരും. നേരത്തെ വില്യമിന് കുട്ടികൾ ജനിക്കുന്നതിന് മുമ്പ് ഹാരി മൂന്നാമത്തെ കിരീടാവകാശി ആയിരുന്നു. എന്നാൽ വില്യമിന് മൂന്ന് മക്കൾ പിറന്നതോടെ ഹാരി ആറാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഇനി വില്യമിന്റെ മക്കൾക്ക് മക്കളുണ്ടാകുന്നതോടെ ഹാരിയുടെ കിരീടാവകാശ സ്ഥാനം വീണ്ടും പുറകിലേക്ക് തള്ളപ്പെടും.

ഹാരിക്ക് കുഞ്ഞ് പിറക്കുന്നതോടെ യോർക്കിലെ ആൻഡ്രൂ രാജകുമാരൻ കിരീടാവകാശത്തിന്റെ കാര്യത്തിൽ എട്ടാ സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.തുടർന്ന് കിരീടാവകാശത്തിന് അർഹരായ യോർക്കിലെ ബിയാട്രീസ് രാജകുമാരിയും യോർക്കിലെ യൂജിൻ രാജകുമാരിയും വെസെക്‌സിലെ എഡ്വാർഡ് രാജകുമാരനും ഇക്കാര്യത്തിൽ ഓരോ സ്ഥാനം പുറകിലേക്ക് തള്ളപ്പെടുന്നതായിരിക്കും. ഇതിന് മുമ്പ് രാജകുടുംബത്തിലെ സഹോദരന്മാർക്ക് തങ്ങളുടെ സഹോദരിമാരെ മറികടന്ന് രാജാധികാരത്തിന് സ്ഥാനം നൽകുന്ന കീഴ് വഴക്കം ബ്രിട്ടീഷ് രാജവംശത്തിലുണ്ടായിരുന്നു. എന്നാൽ 2103ൽ ഈ നിയമം മാറ്റിയെഴുതുകയായിരുന്നു. അക്കാരണത്താലാണ് ചാർലറ്റ് രാജകുമാരിക്ക് ശേഷം സഹോദരൻ ലൂയീസ് രാജകുമാരൻ പിറന്നിട്ടും നാലാം കിരീടാവകാശിയെന്ന സ്ഥാനം ചാർലറ്റിന് നഷ്ടപ്പെടാതിരുന്നത്.

കേയ്റ്റ് ആദ്യത്തെ കുഞ്ഞിനെ ഗർഭത്തിൽ ധരിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്നായിരുന്നു ദി റോയൽ സക്‌സെഷൻ ബിൽ പാർലിമെന്റിന് മുന്നിലെത്തിയിരുന്നത്. ഈ നിയമമാറ്റത്തിലൂടെ വില്യമിന്റെയും കേയ്റ്റിന്റെ യും ആദ്യ കുഞ്ഞ് ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും കിരീടാവകാശം ഉറപ്പ് വരുത്തപ്പെടുകയായിരുന്നു. 2011ലെ പെർത്ത് കരാറിനോട് പൊരുത്തപ്പെടുന്ന വിധത്തിലായിരുന്നു ദി സക്‌സെഷൻ ടു ദി ക്രൗൺ ആക്ട് 2013. 16 കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ചേർന്നായിരുന്നു ഇത് ഒപ്പ് വച്ചിരുന്നത്. ഹെർ റോയൽ ഹൈനെസ് അഥവാ എച്ച്ആർഎച്ച് എന്ന പദവി ഹാരിയുടെ സന്തതിക്കുണ്ടാവില്ല.

കാരണം രണ്ട് രാജ പരമ്പരകൾക്ക് ശേഷം ഇത് ഇല്ലാതാവുമെന്ന നിയമം ജോർജ് അഞ്ചാമൻ രാജാവ് നിഷ്‌കർഷിച്ചതിനാലാണിത്. ഇത് കാരണമാണ് ജോർജ് അഞ്ചാമന്റെ പേരക്കുട്ടികളായ ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്റർ, ഡ്യൂക്ക് ഓഫ് കെന്റ്, പ്രിൻസസ് മൈക്കൽ ഓഫ് കെന്റ്, പ്രിൻസസ് അലക്സാണ്ട്ര എന്നിവർക്ക് എച്ച്ആർ എച്ച് പദവിയുള്ളപ്പോൾ അവരുടെ മക്കൾക്ക് അതില്ലാതെ പോയത്.