നിറവയറുമായി യൂജിൻ രാജകുമാരിയുടെ വിവാഹത്തിൽ മൂന്ന് ദിവസം മുമ്പ് പങ്കെടുത്ത പിപ്പ മിഡിൽടൺ ഇന്നലെ ആശുപത്രിയിൽ എത്തി മൂന്നാം മണിക്കൂർ പ്രസവം കഴിഞ്ഞ് മടങ്ങിയെന്ന് റിപ്പോർട്ട്. കേയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പക്ക് പിറന്നിരിക്കുന്നത് ആൺകുഞ്ഞാണ്. തുടർന്ന് അധികം വൈകുന്നതിന് മുമ്പ് തന്നെ പിപ്പയുടെയും കേയ്റ്റിന്റെയും സഹോദരൻ ജെയിംസ് ആശുപത്രിയിലെത്തി കുഞ്ഞിനെ കാണുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.58നായിരുന്നു വെസ്റ്റ്ലണ്ടനിലെ പാഡിങ്ടണിലുള്ള ലിൻഡോ വിങ് സെന്റ് മേരീസ് ഹോസ്പിറ്റലിലെ മെറ്റേർണിറ്റി യൂണിറ്റിൽ വച്ച് പിപ്പ കുഞ്ഞിന് ജന്മം നൽകിയത്. കൂടെ ഭർത്താവ് ജെയിംസ് മാത്യൂസുമുണ്ടായിരുന്നു.

പിപ്പയുടേത് സാധാരണപ്രസവമായിരുന്നുവെന്നാണ് റിപ്പോർട്ട്. സാധാരണ മിക്കവർക്കും ആദ്യ പ്രസവം 12 മുതൽ 14 മണിക്കൂർ വരെ നീളുമ്പോഴാണ് പിപ്പ മൂന്ന് മണിക്കൂർ കൊണ്ട് പ്രസവിച്ചിരിക്കുന്നത്. ചിട്ടയായ വ്യായാമവും ആഹാരക്രമവും തന്റെ ഗർഭവേളയിൽ പിപ്പ പാലിച്ചതിനാൽ പ്രസവത്തിന് ബുദ്ധിമുട്ടൊന്നുമുണ്ടായിട്ടില്ല. ചേച്ചിയായ കേയ്റ്റ് ഗർഭിണിയായിരുന്നപ്പോൾ അനുഭവിച്ച വർധിച്ച തോതിലുള്ള മോണിങ് സിക്ക്നെസൊന്നും പിപ്പയെ അലട്ടിയിട്ടില്ല.മേഗന്റെ ഗർഭം ഔദ്യോഗികമായി പ്രഖ്യാപിച്ച് നാല് മണിക്കൂറിന് ശേഷമായിരുന്നു പിപ്പയുടെ പ്രസവമെന്ന പ്രത്യേകതയുമുണ്ട്.

പിപ്പയ്ക്ക് കുഞ്ഞ് ജനിച്ചതിൽഏവരും സന്തോഷവാന്മാരാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമാണ് കെൻസിങ്ടൺ പാലസ് വെളിപ്പെടുത്തുന്നത്. പിപ്പയെയും ഭർത്താവ് ജെയിംസ് മാത്യൂസിനെയും ആദ്യം അഭിനന്ദിച്ചത് സഹോദരി കേയ്റ്റും വില്യം രാജകുമാരനുമായിരുന്നു. വില്യമിന്റെയും കേയ്റ്റിന്റെയും ആദ്യത്തെ മരുമകനാണ് പിപ്പയുടെ കുട്ടി. ഹാരിക്കും മേഗനും പിറക്കുന്ന കുഞ്ഞായ തങ്ങളുടെ അടുത്ത നെഫ്യൂവിനെ കാത്തിരിക്കുകയാണെന്നും വില്യവും കേയ്റ്റും സന്തോഷത്തോടെ പറയുന്നു.

പ്രസവത്തിന് 72 മണിക്കൂർ മുമ്പ് വിൻഡ്സർകാസിലിൽ വച്ച് നടന്ന യൂജിന്റെ വിവാഹത്തിൽ പിപ്പ തിളങ്ങി നിന്നിരുന്നു. ഗ്രീൻ എമിലിയ വിക്ക്സ്റ്റെഡ് വസ്ത്രത്തിൽ ഗർഭിണിയായ പിപ്പ കൂടുതൽ സുന്ദരിയായിരുന്നു. ലിൻഡോ വിങ് സെന്റ് മേരീസ് ഹോസ്പിറ്റലിൽ വച്ച് തന്നെയാണ് കേയ്റ്റ് രാജകുമാരിയും തന്റെ മൂന്ന് മക്കൾക്കും ജന്മമേകിയത്. ഒരുരാത്രി ഇവിടെ ചാർജ് 7500 പൗണ്ടാണ്. ഭാര്യയെ പരിചരിക്കാൻ മാത്യൂസ് ഇവിടെ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷംമെയ്‌ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ചെൽസിയയിൽ 17 മില്യൺപൗണ്ട് വിലയുള്ള മാൻഷനിലാണ് ഇവർ കഴിയുന്നത്.