പൂർണഗർഭിണിയായ യുവതിയെ മരത്തിൽ കെട്ടിയിട്ട് അവരുടെ വയറുപിളർന്ന് ദമ്പതിമാർ കുഞ്ഞിനെ മോഷ്ടിച്ചു. ഗർഭിണി ദാരുണമായി കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ബ്രസീലിലെ ജോവോ പിനേറോയിലാണ് സംഭവം. എട്ടുമാസം ഗർഭിണിയായിരുന്ന മാര ക്രിസ്റ്റിന ഡാ സിൽവ എന്ന 23-കാരിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്നലെ മരത്തിൽ കെട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തി.

കൊല നടത്തിയ ആഞ്ജലീന റോഡ്രിഗ്‌സ് എന്ന 40-കാരിയെയും ഭർത്താവ് റോബർട്ടോ ഗോമസ് ഡാ സിൽവയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വയറുപിളർന്നെടുത്ത കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആഞ്ജലീന ഇതുതന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. എന്നാൽ, പ്രസവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതുകണ്ട ഡോക്ടർമാർ സംശയം തോന്നി വൈദ്യപരിശോധന നിർദേശിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെത്തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ ആഞ്ജലീന സംഭവം തുറന്നുപറഞ്ഞു. ഇതോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതും ക്രിസ്റ്റിയാനയുടെ മൃതദേഹം കണ്ടെത്തിയതും. മദ്യം നൽകി ക്രിസ്റ്റിയാനോയെ മയക്കിയശേഷമാണ് മരത്തിൽ കെട്ടിയിട്ട് വയറുപിളർന്നതെന്ന് ആഞ്ജലീന പറഞ്ഞു. തന്റെ ഭർത്താവിന് കൊലപാതകത്തിൽ പങ്കില്ലെന്ന് ആഞ്ജലീന പറഞ്ഞെങ്കിലും പൊലീസ് അത് വിശ്വസിച്ചിട്ടില്ല. ഒറ്റയ്ക്ക് ഇത്തരമൊരു കൊലപാതകം ചെയ്യാൻ ആഞ്ജലീനയ്ക്കാവില്ലെന്നാണ് പൊലീസ് കരുതുന്നത്.

ഒരു പെൺകുഞ്ഞിനെ വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും ക്രിസ്റ്റിയാനയുടെ വയറ്റിൽ പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ മുതൽ അതിനെ സ്വന്തമാക്കണമെന്ന് കരുതിയിരുന്നതായും ആഞ്ജലീന പറഞ്ഞു. പാറ്റോസ് ഡീ മീഞ്ഞാസിലെ സാവോ ലൂക്കാസ് ആശുപത്രിയിലാണ് ആഞ്ജലിന കുഞ്ഞിനെയും കൊണ്ടുചെന്നത്. കുഞ്ഞിന്റെ തലയിൽ ഒരു മുറിവുമുണ്ടായിരുന്നു. വയറുകീറുന്നതിനിടെ പറ്റിയതാവാം ഈ മുറിവെന്നാണ് കരുതുന്നത്.