രു നൂറ്റാണ്ടോളം നീണ്ടുനിന്ന വിലക്കിനുശേഷം കഞ്ചാവ് വളർത്തലും വിൽപനയും നിയമവിധേയമാക്കിയ കാനഡയിൽ, ലഹരിമരുന്ന് വാങ്ങാനായി ആദ്യദിനം കടകൾക്കുമുന്നിൽ കാത്തുനിന്നത് നൂറുകണക്കിനാളുകൾ. രാജ്യത്താകമാനം 111 കഞ്ചാവ് കടകളാണ് തുറന്നത്. കഞ്ചാവ് വാങ്ങാനും പരസ്യമായി ഉപയോഗിക്കാനും ലഭിച്ച അവസരം, ആദ്യദിനം തന്നെ ആഘോഷിക്കാൻ ഒട്ടേറെപ്പേർ തയ്യാറായി.

കഞ്ചാവ് വിൽപന നിയമവിധേയമാക്കിയ ആദ്യ രാജ്യമാണ് കാനഡ. രണ്ടുവർഷത്തോളമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ ഇതിനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു. നിയന്ത്രിതമായ അളവിൽ പൊതുവിപണിയിൽ കഞ്ചാവ് വിൽക്കുന്നതോടെ, മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ട്രൂഡോ സർക്കാർ.

സർക്കാരിന്റെ പ്രതീക്ഷ അസ്ഥാനത്താകില്ലെന്ന് തെളിയിക്കുന്നതായി ആദ്യദിവസത്തെ കാഴ്ച. പരസ്യമായി കഞ്ചാവ് കടകൾക്ക് മുന്നിൽ ക്യൂ നിന്ന് അതുവാങ്ങാനും ഉപയോഗിക്കാനും ആളുകൾ തയ്യാറായി. പലരും കാനഡയുടെ ദേശീയ പതാകയൊക്കെ പിടിച്ച് ഈ ദിവസം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റേതാണെന്ന ആവേശത്തോടെയാണ് കഞ്ചാവ് വാങ്ങാനെത്തിയത്.

കഞ്ചാവ് വിൽപനയും ഉപയോഗവും നിയമവിധേയമാക്കിയെന്ന് അറിയാത്തവർ ഇന്നലെയും പൊലീസിൽവിളിച്ച് ഇതേക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഒടുവിൽ ടൊറന്റോ പൊലീസിന് ഇതുസംബന്ധിച്ച് ബോധവത്കരണ പരിപാടികൾ പോലും നടത്തേണ്ടിവന്നു. അയൽക്കാരന്റെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് ഇനി പൊലീസിനോട് പരാതിപറയരുതെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ പരിപാടികൾ.

പൊതുവാഹനത്തിലൊഴികെ, സിഗരറ്റ് വലിക്കാൻ അനുമതിയുള്ളിടത്തൊക്കെ ഇനി പരസ്യമായി കഞ്ചാവും വലിക്കാമെന്നതാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് നിരോധനം നീങ്ങിയതോടെയുണ്ടായ പ്രയോജനം. 19 വയസ്സിൽത്താഴെ പ്രായമുള്ളവർ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് കാനഡയിൽ വിലക്കുണ്ട്. ആ വിലക്ക് കഞ്ചാവ് ഉപയോഗത്തിനും ബാധകമാണ്.

കഞ്ചാവ് വിൽപന കേന്ദ്രങ്ങൾ തുറന്നിട്ടില്ലാത്ത ഇടങ്ങളിലുള്ളവർക്ക് ഓൺലൈനായി ഇതുവാങ്ങാനും സൗകര്യമുണ്ട്. പ്രവിശ്യാ സർക്കാരുകളുടെ ഓൺലൈൻ വിൽപന കേന്ദ്രത്തിൽനിന്നോ റീട്ടെയ്‌ലർമാരുടെ പക്കൽനിന്നോ ഇതുവാങ്ങാനാവും.