ബ്രക്‌സിറ്റ് ചർച്ചകളിൽ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം നീക്കുന്നതിന് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടുവെച്ച നിർദേശങ്ങൾ വീണ്ടും യൂറോപ്യൻ യൂണിയൻ നേതൃത്വം തള്ളിയതോടെ, ബ്രിട്ടന്റെ വിടപറയൽ ഇനിയും നീളുമെന്നുറപ്പായി. അയർലൻഡ് അതിർത്തി സംബന്ധിച്ച് തർക്കം ഇനിയും പരിഹരിക്കാത്തതിനാൽ, യൂറോപ്യൻ യൂണിയനിൽനിന്നുള്ള വേർപിരിയൽ ഒരുവർഷമെങ്കിലും ദീർഘിപ്പിക്കുന്നത് ഏറെക്കുറെ ഉറപ്പായതായും സൂചനയുണ്ട്. ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുമ്പാകെ ബ്രക്‌സിറ്റ് പദ്ധതി തെരേസ മെയ്‌ മുന്നോട്ടുവെച്ചെങ്കിലും അത് സ്വീകാര്യമായില്ല.

എന്നാൽ, ഉച്ചകോടിയിൽ തെരേസ മെയ്‌ക്ക് പുതിയതായി യാതൊന്നും മുന്നോട്ടുവെക്കാനായില്ല എന്ന ശക്തമായ വിമർശനം ഉയരുന്നുമുണ്ട്. നേരത്തേ യൂറോപ്യൻ യൂണിയൻ തള്ളിയ ബ്രക്‌സിറ്റ് ശുപാർശകൾ ആവർത്തിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നാണ് വിമർശകർ ഉന്നയിക്കുന്നത്. ബ്രക്‌സിറ്റ് കരാറിന് അന്തിമരൂപം നൽകുന്നതിനായി അടുത്തമാസം നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടി നടക്കുമോ എന്നുതന്നെ ഇപ്പോൾ സംശയമുയരുന്നുണ്ട്.

ഡിസംബറിനുമുമ്പ് ബ്രക്‌സിറ്റ് വിഷയത്തിൽ യാതൊരു കരാറിനും സാധ്യതയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇതിനിടെയാണ്, ബ്രക്‌സിറ്റ് നടപ്പാക്കുന്നത് ഒരുവർഷത്തേക്ക് നീട്ടിവെക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന വിവരം തെരേസ യൂറോപ്യൻ യൂണിയൻ നേതാക്കളെ അറിയിച്ചത്. 2019 മാർച്ചിനകം പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങൾ ഇതോടെ, ഒരുവർഷത്തേക്കുകൂടി നീളുമെന്നുറപ്പായി. അന്തിമ തീയതിയടക്കമുള്ള കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഉച്ചകോടിക്കുമുമ്പ് തെരേസ മേ മാധ്യമങ്ങളോട് പറഞ്ഞതിൽനിന്ന് തീർത്തും വിഭിന്നമാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ഐറിഷ് അതിർത്തിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതുവരെ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് ദീർഘിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരമൊരു തീരുമാനത്തിലല്ല ബ്രിട്ടൻ മുന്നേറുന്നതെന്നായിരുന്നു തെരേസയുടെ മറുപടി. എന്നാൽ, ഉച്ചകോടിയിൽനിന്നുണ്ടായ തിരിച്ചടിയാകാം പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെക്കാനിടക്കിയതെന്നാണ് വിലയിരുത്തുന്നത്.

ബ്രക്‌സിറ്റ് നടപടികൾ ദീർഘിപ്പിക്കുന്നത് ബ്രിട്ടനിൽ തെരേസയ്‌ക്കെതിരേ വലിയ തോതിലുള്ള വിമർശനത്തിന് ഇടയാക്കുമെന്നുറപ്പാണ്. ബ്രക്‌സിറ്റിനെതിരെയും പുതിയ ഹിതപരിശോധന വേണമെന്നാവശ്യപ്പെട്ടും വലിയതോതിലുള്ള സമ്മർദം സ്വന്തം പാർട്ടിയിൽനിന്നുതന്നെ അവർ നേരിടുന്നുണ്ട്. മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസണടക്കമുള്ളവർ ബ്രക്‌സിറ്റ് ചർച്ചകളിൽ തെരേസ മേ പരാജയമാണെന്ന് പലതവണ തുറന്നടിക്കുകയും ചെയ്തിരുന്നു.

ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പിലെത്തുന്നതിന് കൂടുതൽ സമയം വേണമെന്ന് യൂറോപ്യൻ യൂണിയനെ പ്രതിനിധാനം ചെയ്ത് ബ്രക്‌സിറ്റ് ചർച്ചകൾ നയിക്കുന്ന മൈക്കൽ ബാർണിയർ പറഞ്ഞു. ബ്രക്‌സിറ്റ് ഏതുരീതിയിൽ വേണമെന്ന കാര്യത്തിൽ ബ്രിട്ടന് വ്യക്തമായ ധാരണയില്ലാത്തതാണ് ചർച്ചകൾ അനിശ്ചിതമായി നീണ്ടുപോകാൻ കാരണമെന്ന് ബ്രസൽസിൽ ചേർന്ന ഉച്ചകോടിയിൽ മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കൾ വിമർശിക്കുകയും ചെയ്തു.

കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വേർപിരിയുകയാണെങ്കിൽ ബ്രിട്ടീഷുകാർക്ക് ഫ്രാൻസ് സന്ദർശിക്കാൻ വിദേശികൾക്കെന്ന പോലെ വിസയടക്കമുള്ള നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന് പുറത്തുള്ള ജീവിതം ബ്രിട്ടന് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.