ർമിങ്ങാമിൽ അർധരാത്രിയിൽ വീടിനുനേർക്കുനടന്ന വെടിവെപ്പിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് അലം റോക്ക് ഡിസ്ട്രിക്ടിൽ വെടിവെപ്പുണ്ടായത്. വെടിയേറ്റ് തകർന്ന ജനാലച്ചില്ല് പതിച്ചാണ് കുട്ടിക്ക് പരിക്കേറ്രതെന്നാണ് കണക്കാക്കുന്നത്. തൊട്ടടുത്തുള്ള മറ്റൊരു വീടിനുനേർക്കും ഇതേസംഘം വെടിയുതിർത്തു. വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസ് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു.

ബർമിങ്ങാമിൽ ഇത്തരം കൊള്ളസംഘങ്ങൾ വിലസുകയാണിപ്പോൾ. കഴിഞ്ഞവർഷം ലണ്ടനിലുണ്ടായിരുന്നതിനെക്കാൾ കുറ്റകൃത്യങ്ങളാണ് ബർമിങ്ങാം നഗരത്തിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നതെന്ന് ഹോം ഓഫീസിന്റെ കണക്കുകൾ പറയുന്നു. ബ്രിട്ടനിലാകെ കുറ്റകൃത്യങ്ങൾ വൻതോതിൽ കൂടിയിട്ടുണ്ട്. കൊലപാതക നിരക്ക് 14 ശതമാനവും കത്തികൊണ്ടുള്ള ആക്രമണം 12 ശതമാനവുമാണ് വർധിച്ചത്. കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും ശിക്ഷിക്കുന്നതിന്റെയും നിരക്ക് മൂന്നുവർഷത്തിനിടെ ഏറ്റവും കുറവാണെന്നും കണക്കുകൾ നിറയുന്നു.

തന്റെ വീടിനുമുന്നിൽ മയക്കുമരുന്നുകൾ വിൽക്കരുതെന്ന് ആവശ്യപ്പെട്ട 46-കാരനെ തല്ലിക്കൊന്നതാണ് ബർമിങ്ങാമിലെ ഏറ്റവും ഒടുവിലത്തെ സംഭവം. സൗത്ത് ലണ്ടനിലെ ബാറ്റർസീയിലുള്ള ഫ്‌ളാറ്റിനുമുന്നിലെ മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്ത ഇയാൻ ടോംലിനെയാണ് അക്രമികൾ മർദിച്ച് കൊലപ്പെടുത്തിയത്. ലണ്ടനിൽ ഒരുവർഷത്തിനിടെ കൊല്ലപ്പെടുന്ന 113-ാമത്തെ വ്യക്തിയാണ് ടോംലിൻ. ഈ കേസിലും അക്രമികളെ പിടികൂടാനായിട്ടില്ല.

ലണ്ടനാണ് കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമെങ്കിലും മറ്റു നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്താകെ കൊലപാതകങ്ങളുടെ എണ്ണം 719 ആയി. 39,332 കുറ്റകൃത്യങ്ങളും ഇക്കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2011-നുശേഷം ഇത്രയേറെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നത് ആദ്യമായാണ്. കൊള്ളയും പിടിച്ചുപറിയും 22 ശതമാനവും ലൈംഗിക കുറ്റകൃത്യങ്ങൾ 18 ശതമാനവും വർധിച്ചു. വാഹനങ്ങളുമായി ബന്ധപ്പെട്ട കൊള്ള ഏഴുശതമാനത്തോളവും വർധിച്ചു.

രേഖപ്പെടുത്തുന്ന 8.7 ശതമാനം കേസുകളിൽ മാത്രമാണ് അക്രമികളെ പിടികൂടുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ പറയുന്നു. 46.6 ശതമാനം കേസുകളിലും പ്രതിയെ കണ്ടെത്താതെ അന്വേഷണം പൂർത്തിയാക്കുന്ന സ്ഥിതിയാണ്. സർക്കാരിന്റെ വീഴ്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ഡിയാൻ അബ്ബോട്ട് പറഞ്ഞു.