മാറുമറയ്ക്കാതെയുള്ള സമരമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ഇപ്പോഴത്തെ ട്രെൻഡ്. യൂറോപ്പിൽ ഫെമിനിസ്റ്റുകൾ കൊണ്ടുവന്ന ഈ സമരരീതി ഇപ്പോൾ മൃസ്‌നേഹികളുടെ സംഘടനയായ പീറ്റയും ഏറ്റെടുത്തിരിക്കുന്നു. ന്യുയോർക്കിൽ കഴിഞ്ഞദിവസം നടന്ന പ്രകടനത്തിൽ മേൽവസ്ത്രം ധരിക്കാതെ അവർ മാറിൽ പ്രതിഷേധവാചകങ്ങളെഴുതി അവർ രംഗത്തിറങ്ങി. കമ്പിളിക്കുപ്പായത്തിനായി കാട്ടുനായ്ക്കളുടെ രോമം ഉപയോഗിക്കുന്ന കാനഡ ഗൂസ് എന്ന ബ്രാൻഡിനെതിരേയായിരുന്നു പ്രതിഷേധം.

സോഹോയിലെ വൂസ്റ്റർ സ്ട്രീറ്റിലുള്ള കമ്പനി ഷോറൂമിന് മുന്നിലായിരുന്നു പ്രതിഷേധം. മാറത്ത് 'കാനഡ ഗൂസ് കിൽസ്' എന്നെഴുതിയാണ് ഇവരെത്തിയത്. യുവതികളോടൊപ്പം ഒരു യുവാവും മാറുകാട്ടൽ സമരത്തിൽ പങ്കെടുത്തു. കടുത്ത തണുപ്പിലും മേൽവസ്ത്രം ധരിക്കാതെയുള്ള ഇവരുടെ സമരം പെട്ടെന്നുതന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. എല്ലാവരുടെയും മുതുകത്ത് രക്തവർണത്തിൽ കമ്പനിയുടെ ലോഗോയും പതിച്ചിരുന്നു.

കമ്പിളിക്കുപ്പായം നിർമ്മിക്കുന്നതിനായി കാട്ടുനായ്ക്കളെ കൊല്ലുന്നുവെന്ന ആരോപണം കാനഡ ഗൂസ് നേരത്തെ മുതൽ നേരിടുന്നുണ്ട്. രോമക്കുപ്പായത്തിന് 1000 ഡോളറിനുമേലാണ് കാനഡ ഗൂസ് ഈടാക്കുന്നതും. ഉരുക്കുകൊണ്ടുള്ള കെണിവെച്ച് പിടിക്കുന്ന കാട്ടുനായ്ക്കളുടെ കഴുത്തറുത്താണ് തോലുരിഞ്ഞെടുക്കുന്നതെന്നും വലിയ ക്രൂരതയാണ് കമ്പനി നടത്തുന്നതെന്നും പീറ്റ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ട്രേസ് റെയ്മാൻ പറഞ്ഞു.

ഈ ക്രൂരത കമ്പനി അവസാനിപ്പിക്കുന്നതുവരെ കാനഡ ഗൂസിന്റെ ഉത്പന്നങ്ങൾ വാങ്ങുന്നതിൽനിന്ന് ഉപഭോക്താക്കൾ വിട്ടുനിൽക്കണമെന്നും അവരാവശ്യപ്പെട്ടു. ഉരുക്കുകെണികളിൽ പെട്ട് ദിവസങ്ങളോണം മൃതപ്രായരായി കഴിയുന്ന കാട്ടുനായ്ക്കളുടെ ദൈന്യതയെക്കുറിച്ച് ആലോചിക്കണമെന്നും അവരാവശ്യപ്പെട്ടു.

ന്യുയോർക്ക് സിറ്റിയിൽ 2016-ൽ കമ്പനി ഷോറൂം തുറന്നപ്പോൾതന്നെ പീറ്റ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കമ്പിളിക്കുപ്പായത്തിനായി നടത്തുന്ന ക്രൂരതകൾ അന്നും അവർ തുറന്നുകാട്ടി. 1957 മുതൽക്ക് അഭിമാനപൂർവം മൃഗങ്ങളെ പീഡിപ്പിക്കുന്ന കമ്പനി എന്നായിരുന്നു അന്നത്തെ പ്രചരണവാചകം. തൂവലുകൾക്കായി കമ്പനി പക്ഷികളെയും കൊന്നൊടുക്കുന്നുണ്ടെന്നും പീറ്റ ആരോപിക്കുന്നു