നിങ്ങൾ തീരെ വ്യായാമം ചെയ്യാത്ത വ്യക്തിയാണോ...? എന്നാൽ പുതിയ പഠനത്തിലെ കണ്ടെത്തൽ നിങ്ങൾക്കുള്ള കടുത്ത താക്കീതാണ് നൽകുന്നത്. അതായത് പുകവലിയും ഷുഗറും ഹൃദ്രോഗവും ഉണ്ടെങ്കിലും ചിലപ്പോൾ രക്ഷപ്പെട്ടെന്ന് വരാം. പക്ഷേ എക്സർസൈസ് ചെയ്തില്ലെങ്കിൽ രക്ഷപ്പെടുന്ന കാര്യം ആലോചിക്കുകയേ വേണ്ടെന്നാണ് പുതിയ കണ്ടെത്തെലാണ് എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്. ഓഹിയോവിലെ ക്ലീവ് ലാൻഡ് ക്ലിനിക്കിൽ 1991നും 2014നും ഇടയിലുള്ള 23 വർഷങ്ങൾക്കിടെ ടെസ്റ്റിംഗിന് വിധേയരായ 122,007 രോഗികളെ പഠനത്തിന് വിധേയമാക്കിയതിലൂടെയാണ് ഈ സത്യം കണ്ടെത്തിയിരിക്കുന്നത്.ഈ പഠനഫലങ്ങൾ വെള്ളിയാഴ്ച ജേർണൽ ജമ നെറ്റ്‌വർക്ക്ഓപ്പണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യായാമം ചെയ്യാത്തവർ പ്രമേഹം ബാധിച്ചവർ അല്ലെങ്കിൽ പുകവലിക്കാർ എന്നിവരേക്കാൾ വേഗത്തിൽ മരിക്കാനുള്ള സാധ്യതയേറെയാണെന്നാണ് ക്ലീവ് ലാൻഡ് ക്ലിനിക്കിലെ കാർഡിയോളജിസ്റ്റും സീനീയർ സ്റ്റഡി ഓഥറുമായ ഡോ. വെൽ ജാബെർ മുന്നറിയിപ്പേകുന്നത്. വ്യായാമരാഹിത്യത്തിന്റെ പ്രത്യാഘാതം ഇതിലും രൂക്ഷമായി തെളിഞ്ഞിട്ടില്ലെന്നും ഇത് അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. എപ്പോഴും കുത്തിയിരിക്കുന്നതും പൊണ്ണത്തടിയുള്ളതുമായ അവസ്ഥ അപകടകരമാണെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണെങ്കിലും ഈ രണ്ട് ഘടകങ്ങളും പുകവലി, ഡയബറ്റിസ്, കാൻസർ എന്നിവയേക്കാൾ അപകടകരമാണെന്നത് തീർത്തും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നത് അതിശയിപ്പിക്കുന്ന കണ്ടെത്തലാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു.

ഇത്തരത്തിൽ വ്യായാമമില്ലാതെ ജീവിക്കുന്നവർ വേഗം മരിക്കുന്നതിനുള്ള സാധ്യത വ്യായാമമുള്ളവരേക്കാൾ 500 ശതമാനം കൂടുതലാണെന്നും തെളിഞ്ഞിട്ടുണ്ട്. കുറഞ്ഞ തോതിൽ വ്യായാമം ചെയ്യുന്നവർ സ്ഥിരമായി നല്ല രീതിയിൽ വ്യായാമം ചെയ്യുന്നവരേക്കാൾ മരിക്കുന്നതിനുള്ള സാധ്യത 390 ശതമാനംകൂടുതലാണ്.ശരീരം പൂർണമായും ഫിറ്റ് ആയാൽ അത് നേരത്തെയുള്ള മരണസാധ്യത ഇല്ലാതാക്കുന്നുവെന്നും തീരെ വ്യായാമം ഇല്ലാത്തവർക്ക് മരണസാധ്യത വളരെ അധികമാണെന്നും ജാബെർ മുന്നറിയിപ്പേകുന്നു.

ശരീരം ഫിറ്റ് അല്ലാതിരിക്കുന്നത് ഒരു മാരക രോഗമാണെന്നും അതിനെ വ്യായാമം എന്ന പ്രിസ്‌ക്രിപ്ഷനിലൂടെ മാറ്റിയെടുക്കാമെന്നും ഈ പഠനം നിർദേശിക്കുന്നു. വേണ്ടത്ര വ്യായാമമില്ലാത്തവർക്ക് പിടിപെടുന്ന ഹൃദ്രോഗങ്ങൾ ചികിത്സിക്കുന്നതിനായി യുഎസിൽ വർഷം തോറും 200 ബില്യൺ ഡോളർ ചെലവഴിക്കുന്നുവെന്നാണ് ഹോസ്പിറ്റൽ ഫോർ സ്പെഷ്യൽ സർജറി സ്പോർട്സ് മെഡിസിൻ ഫിസിഷ്യനായ ഡോ. ജോർദാൻ മെറ്റ്സെൽ മുന്നറിയിപ്പേകുന്നത്. ദി എക്സർസൈസ് ക്യൂർ എന്ന പുസ്തകവും ഈ ആശയം മുൻനിർത്തി അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിനാൽ തങ്ങളുടെ രോഗികളോട് ദിവസവും നന്നായി വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.