വിദേശികളായ ക്രിമിനലുകളെ നാടുകടത്തി ജയിലുകൾ ശുദ്ധീകരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം. എന്നാൽ, ഈ പ്രഖ്യാപനം വാക്കുകളിലൊതുങ്ങിയപ്പോൾ, ക്രിമിനലുകളെക്കൊണ്ട് നിറഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് ബ്രിട്ടീഷ് ജയിലുകൾ. ദിവസം ഒരു ക്രിമിനലിനെപ്പോലും നാടുകടത്താൻ സാധിക്കുന്നത് വിരളമായിട്ടാണെന്ന് പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ തോതിൽ മുന്നോട്ടുപോയാൽ, ജയിലുകളുടെ ശുദ്ധീകരണത്തിന് പതിറ്റാണ്ടുകൾ വേണ്ടിവരും.

9066 വിദേശ ക്രിമിനലുകളാണ് ബ്രിട്ടീഷ് ജയിലുകളിൽ ഇപ്പോഴുള്ളത്. കഴിഞ്ഞ നാലുവർഷത്തിനിടെ നാടുകടത്തിയത് 1583 പേരെയും. കുറ്റവാളികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് 70-ലേറെ രാജ്യങ്ങളുമായി ബ്രിട്ടൻ കരാറുണ്ടാക്കിയിട്ടുണ്ട്. 2016-ൽ ഹോം സെക്രട്ടറിയായിരിക്കെ, കുറ്റവാളികളുടെ നാടുകടത്തൽ വേഗത്തിലാക്കുമെന്നും ബ്രിട്ടീഷ് ജയിലുകളിലെ തിരക്ക് കുറയ്ക്കുമെന്നും തെരേസ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിനിയും നടപ്പാക്കാനായിട്ടില്ലെന്നതാണ് യാഥാർഥ്യം.

പോളണ്ടിൽനിന്നാണ് കൂടുതൽ കുറ്റവാളികൾ. 822 പേർ ബ്രിട്ടനിലെ പല ജയിലുകളിലായി കഴിയുന്നു. അൽബേനിയ (742), അയർലൻഡ് (720), റുമാനിയ (644), ജമൈക്ക (483), ലിത്വാനിയ (382), പാക്കിസ്ഥാൻ (333), സോമാലിയ (293), പോർച്ചുഗൽ (253), ഇന്ത്യ (244) എന്നിങ്ങനെയാണ് ജയിലുകളിലെ വിദേശികളുടെ എണ്ണത്തിലെ ആദ്യ പത്തുസ്ഥാനക്കാരെന്ന് ഹോം ഓഫീസിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ലൈംഗികാതിക്രമത്തിനും തീവ്രവാദത്തിനും ഭീകരപ്രവർത്തനത്തിനും ജയിലിലായവർ ഉൾപ്പെടുന്നു.

കുറ്റകൃത്യത്തിലേർപ്പെടുന്ന വിദേശികളെ പുറത്താക്കുകയെന്നത് പ്രഖ്യാപിത നയമാണെന്നായിരുന്നു തെരേസ മെയ്‌ 2016-ൽ പറഞ്ഞത്. എന്നാൽ, പല കുറ്റവാളികളെയും അവരുടെ ശിക്ഷാ കാലയളവ് തീരാതെ പുറത്താക്കാനാവുന്നില്ലെന്നതാണ് യാഥാർഥ്യം. പലരെയും പിന്നീട് കണ്ടെത്താൻ പോലും സാധിക്കാറില്ല. 500-ഓളം തടവുകാരുടെ രേഖകൾ ലഭ്യമല്ലാത്തതിനാൽ അവർ ശിക്ഷ പൂർത്തിയാക്കിയിട്ടും നാടുകടത്താനാവാത്ത സാഹചര്യമുണ്ടെന്ന് കഴിഞ്ഞവർഷം സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു.

ജയിലിൽനിന്ന് പുറത്തിറങ്ങി നാടുകടത്തൽ നടപടികൾ തുടങ്ങുമ്പോഴേക്കും മുങ്ങുന്നവരുമുണ്ട്. ഇത്തരത്തിൽ 2014 മുതൽ 2016 മാർച്ചുവരെ 494 പേർ ജയിലിൽനിന്നിറങ്ങി മുങ്ങിയതായി സർക്കാർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ മുങ്ങുന്നവരിലും നാടുകടത്തിൽ അനിശ്ചിതമായി നീളുന്നവരിലും കൊടും കുറ്റവാളികൾവരെയുണ്ടെന്നത് ബ്രിട്ടന്റെ ഉറക്കം കെടുത്തുന്ന കാര്യമാണ്. ഐസിസ് ഭീകരനാണെന്ന് പ്രഖ്യാപിക്കുകയും ലണ്ടൻ നഗരത്തിലൂടെ കത്തിയുമായി ആക്രമണം നടത്തുകയും ചെയ്ത ഇറാൻകാരൻ നുറുദീൻ മാലക്കി സൂദ്മാദുൾപ്പെടെയുള്ള കൊടുംകുറ്റവാളികളും ഇത്തരത്തിൽ പുറത്തിറങ്ങി വിലസുന്നു.