സ്ട്രേലിയൻ പര്യടനം പൂർത്തിയാക്കിയ ഹാരി രാജകുമാരനും മേഗനും ഫിജിയിലെത്തി. ചാർട്ടേഡ് ക്വാന്റാസ് ഫ്ലൈറ്റിലെത്തിയ മേഗനും ഹാരിക്കും ഫിജിയിലും രാജകീയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. രാജകുമാരനെയും ഭാര്യയെയും സ്വീകരിച്ചാനയിക്കുന്നത് രാഷ്ട്രത്തലവന്മാരെ പോലെയാണ്. എല്ലായിടത്തും തിളങ്ങി മുൻ സീരിയൽ നടി മേഗൻ മാർകിൾ ഏവരുടെയും മനം കവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.വിവാഹിതരായ ശേഷം ഇവർ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ഈ രാജകീയ പര്യടനം 16 ദിവസമാണ് നീണ്ട് നിൽക്കുന്നത്.

ക്യൂൻസ്ലാൻഡിലെ ഹെർവെ ബേ എയർപോർട്ടിൽ നിന്നും വിമാനം കയറിയ ഇവർ ഫിജിയിലെ സുവയിലാണ് ഇറങ്ങിയത്. ഫിജിയിൽ മൂന്ന് ദിവസം സന്ദർശിക്കുന്ന ഹാരിയും മേഗനും തുടർന്ന് അവിടെ നിന്നും ടോൻഗയിലേക്കാണ് പോകുന്നത്. തുടർന്ന് വീണ്ടും ഓസ്ട്രേലിയയിലേക്ക് തന്നെ തിരിച്ച് വരുകയും ചെയ്യും.പസിഫിക്കിലെ ദ്വീപ് രാജ്യമായ ഫിജിയിൽ രാജകീയ ദമ്പതികൾ ഇറങ്ങിയപ്പോൾ വമ്പിച്ച രാജകീയ സ്വീകരണമാണ് ഒരുക്കിയന്നത്. ഇവിടെ ഇവർക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയാണ് സ്വീകരണം നൽകിയത്. തുടർന്ന് ഇവർ ഫിജിയുടെ പ്രസിഡന്റിനെ ബോരൻ ഹൗസിൽ വച്ച് കണ്ട് ചർച്ച നടത്തുകയും ചെയ്യും.

ഗർഭിണിയായ മേഗൻ അധികം സന്ദർശനം നടത്തില്ലെന്നായിരുന്നു നേരത്തെയുള്ള സൂചന.എന്നാൽ ഫിജിയിലും ടോൻഗയിലും ഹാരിക്കൊപ്പം എല്ലാ പരിപാടികളിലും മേഗനും പങ്കെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. സിക വൈറസ് ഭീഷണി ശക്തമായിരിക്കെ ഇവിടങ്ങൾ ഗർഭിണികൾ സന്ദർശിക്കരുതെന്ന കടുത്ത മുന്നറിയിപ്പുണ്ട്. അതിനെ അവഗണിച്ചാണ് ഗർഭിണിയായ മേഗൻ പസിഫിക്ക് ദ്വീപ് രാജ്യങ്ങൾ സന്ദർശിക്കുന്നതെന്നത് ശ്രദ്ധേമയാണ്. വൈദ്യോപദേശം തേടിയിട്ടാണ് രാജകീയ ദമ്പതികൾ ഇവിടങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് കെൻസിങ്ടൺ പാലസ് വെളിപ്പെടുത്തുന്നത്.

ബോരൻ ഹൗസിൽ പ്രസിഡന്റിനെ സന്ദർശിച്ച ശേഷം ഹാരിയും മേഗനും സിറ്റിസെന്ററിലെ ആൽബെർട്ട് പാർക്കിൽ വച്ച് നടക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കും. തുടർന്ന് ഗ്രാന്റ് പസിഫിക്ക് ഹോട്ടലിൽ വച്ച് നടക്കുന്ന റിസപ്ഷനിലും പങ്കെടുക്കും. ഇവിടെ ഫിജിയുടെ പ്രസിഡൻര് ഒരുക്കുന്ന സ്റ്റേറ്റ് ഡിന്നറിൽ വച്ച് ഹാരി സംസാരിക്കുകയും ചെയ്യും. ബുധനാഴ്ച ഹാരിയും മേഗനും ഫിജിയിലെ യുദ്ധ സ്മാരകത്തിൽ റീത്ത് വച്ച് പ്രാർത്ഥിക്കും. തുടർന്ന് സുവയിലെ സൗത്ത് പസിഫിക്ക് ക്യാമ്പസിൽ സന്ദർശനം നടത്തും.

തുടർന്ന് മേഗനും ഹാരിയും ഇവിടെ നിന്നും വേർപിരിഞ്ഞ് വെവ്വേറെ സന്ദർശനം നടത്തും. ഇതിന്റെ ഭാഗമായി ഹാരി കോലോ-ഇ-സുവ ഫോറസ്റ്റ്പാർക്കിലേക്കും മേഗൻ ബ്രിട്ടീഷ് ഹൈ കമ്മീഷനറുടെ റെസിഡൻസിലേക്കും പോകും. പിന്നീട് സുവ മാർക്കറ്റ് സന്ദർശിക്കാനായിരിക്കും മേഗൻ പോകുന്നത്. വ്യാഴാഴ്ച ഇരുവരും വെസ്റ്റേൺ ഫിജിയിലെ നദി നഗരത്തിലേക്ക് പോകും. ഇവിടെ നദി എയർപോർട്ടിലെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് ഇവിടെ നിന്നും ചാർട്ടേഡ് ഫ്ലൈറ്റിൽ ഇരുവരും ടോൻഗയിലേക്ക് പോകും.