സ്‌കലേറ്ററിലൂടെ പോകുമ്പോൾ, അതിന്റെ നിയന്ത്രണം നഷ്ടമായാൽ എന്തുചെയ്യും? റോമിലെ റിപ്പബ്ലിക്ക അണ്ടർ ഗ്രൗണ്ട് മെട്രോ സ്‌റ്റേഷനിലുണ്ടായ എസ്‌കലേറ്റർ അപകടം അത് വ്യക്തമാക്കും. സി.എടേസ്.കെ.എ. മോസ്‌കോയും റോമയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരം കാണാനായെത്തിയ ഫുട്‌ബോൾ ആരാധകരാണ് അപകടത്തിൽപ്പെട്ടത്.

എസ്‌കലേറ്ററിൽ കൂട്ടത്തോടെ കയറിയ ആരാധകർ അതിൽനിന്ന് നൃത്തം ചെയ്യുകയും ചാടുകയുമൊക്കെ ചെയ്തതോടെയാണ് അതിന് കേടുപറ്റിയത്. ഇതോടെ, നിയന്ത്രണം വിട്ട് എസ്‌കലേറ്ററിന്റെ വേഗത കൂടി. ഒട്ടേറെപ്പേർക്ക് കൂട്ടിയിടിച്ചും മറ്റും പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ പരിക്ക് ഗുരുതരമാണ്. ഒരാളുടെ കാൽപ്പാദം മുറിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്.

എസ്‌കലേറ്ററിൽ കയാറാൻ കാത്തുനിന്ന റഷ്യൻ ഫുട്‌ബോൾ ആരാധകനാണ് അപകടത്തിന്റെ ദൃശ്യം പകർത്തി ട്വിറ്ററിലൂടെ പങ്കുവെച്ചത്. പരിക്കേറ്റവരിലേറെപ്പേരും റഷ്യക്കാരാണ്. സംഭവത്തെത്തുടർന്ന് സ്റ്റേഷൻ അടച്ചിട്ടു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തിൽ എസ്‌കലേറ്റർ പൂർണമായി തകർന്നു. സംഭവത്തെത്തുടർന്ന് റോം മേയർ വിർജീനിയ റാഗി മെട്രോസ്‌റ്റേഷൻ സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മേയർ പറഞ്ഞു. ആരാധകർ കൂട്ടത്തോടെ കയറിയതും എസ്‌കലേറ്ററിന് മുകളിൽനിന്ന് ചാടിക്കളിച്ചതുമൊക്കെയാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നതെന്ന് അവർ പറഞ്ഞു.