ബാഴ്‌സലോണയിൽ നിന്നും ലണ്ടൻ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലേക്ക് വന്ന റ്യാൻഎയർ വിമാനത്തിൽ വച്ച് 77 വയസുള്ള ഡെൽസി ഗേയ്‌ലെയെന്ന വികലാംഗയെ വംശീയപരമായി അപമാനിച്ച വെള്ളക്കാരനായ ഡേവിഡ് മെഷെറെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.വൃത്തികെട്ട കറുത്ത വർഗക്കാരി എന്ന് ഗേയ്‌ലെയെ വിളിച്ച് അപമാനിച്ച് വിമാനത്തിൽ കിടന്ന് ബഹളം വച്ചപ്പോൾ തന്നെ തേടി ബെർമിങ്ഹാമിലെ വീട്ടിലേക്ക് പൊലീസ് എത്തുമെന്ന് ഈ വെള്ളക്കാരൻ ഓർത്തു കാണില്ല. ഈസ്റ്റ്‌ലണ്ടനിലെ ലെയ്റ്റണിലാണ് അപമാനിതയായ ഗേയ്ലെ കഴിയുന്നത്.

70കാരനായ റിട്ടയേർഡ് റെയിൽ വർക്കറായ ഡേവിഡിനെ തേടി വെസ്റ്റ് മിഡ്ലാൻഡ്സ് ഫോഴ്സിലെ യൂണിഫോമിടാത്ത രണ്ട് പൊലീസുകാർ അദ്ദേഹത്തിന്റെ ഷെൽട്ടേഡ് അക്കമൊഡേഷൻ ഫ്ലാറ്റിലെത്തുകയായിരുന്നു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.പൊലീസുകാർ ഏതാണ്ട് ഒരു മണിക്കൂർ നേരം ഡേവിഡിനെ ചോദ്യം ചെയ്തിട്ടുണ്ട്.റ്യാൻഎയറിൽ വച്ച് നടന്ന സംഭവം അന്വേഷിക്കുന്ന എസെക്സ് പൊലീസിനെ സഹായിക്കാൻ വേണ്ടിയാണ് തങ്ങൾ ഡേവിഡിനെ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് വെസ്റ്റ് മിഡ്ലാൻഡ്സ് ഫോഴ്സ് വക്താവ് വിശദീകരിച്ചിരിക്കുന്നത്.

അന്വേഷണം നടക്കുന്നതിനാൽ തങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ സാധിക്കില്ലെന്നും ഔപചാരികമായ രീതിയിൽ ചോദ്യം ചെയ്യുകയായിരുന്നുവെന്നുമാണ് വക്താവ് പറയുന്നത്.ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തങ്ങൾ വെസ്റ്റ് മിഡ്ലാൻഡ്സിലെ ലോക്കൽ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് എസെക്സ് പൊലീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.ബെർമിങ്ഹാമിലെ യാർഡ്ലെ വുഡിലെ ആദ്യ ഫ്ലാറ്റിൽ താമസിക്കുന്ന ഡേവിഡിനെ പൊലീസ് ചോദ്യം ചെയ്യാനെത്തി വാർത്ത കേട്ട് വൻ മാധ്യമപ്പടയായിരുന്നു ഇവിടെ തടിച്ച് കൂടിയിരുന്നത്. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ ഡേവിഡ് തയ്യാറായില്ല.

തന്റെ അടുത്ത സീറ്റിൽ കറുത്ത വർഗക്കാരിയായ ഗേയ്‌ലെ ഇരിക്കുന്നത് കണ്ട ഡേവിഡ് ഇവർക്ക് അടുത്തിരിക്കാൻ തയ്യാറാവാതിരിക്കുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ വംശീയ അധിക്ഷേപം നടത്തി വിമാനജീവനക്കാരെ നിർബന്ധിപ്പിച്ച് ഇവരുടെ സീറ്റ് മാറ്റിയിരുത്തി അപമാനിക്കുകയും ചെയ്തു.

വൃദ്ധയ്ക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയ വെള്ളക്കാരനെ വിമാനത്തിൽനിന്നും പുറത്താക്കണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിമാനത്തിലെ ക്രൂ അതിന് പകരം വൃദ്ധയെ നിർബന്ധിപ്പിച്ച് സീറ്റ് മാറ്റിയിരുത്തുകയായിരുന്നുവെന്ന ആരോപണവും ശക്തമാണ്. റ്യാൻ എയർ ഇതിനോട് ഉത്തരവാദിത്വ പൂർവം പ്രതികരിച്ചില്ലെന്ന വിമർശവും ഉയർന്നിട്ടുണ്ട്.ഡേവിഡ് വംശീയവിദ്വേഷത്താൽ ബഹളം കൂട്ടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.