ലോകത്ത് കടലിനോടുചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ പലതും വൻകിട നഗരങ്ങളാണ്. തീരപ്രദേശത്തോട് ചേർന്ന് ജീവിക്കാൻ ആളുകൾ കൂടുതലായി തീരുമാനിച്ചതോടെ, നാഗരീക ജീവിതത്തിന്റെ മുഖമായി അതുമാറി. നമ്മുടെ കൊച്ചിയും മാലെദ്വീപുമൊക്കെ ഇത്തരത്തിൽ കടലിനോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളാണ്. ഭാവിയിൽ കടലേറ്റതത്തിൽ ചിലപ്പോൾ പലഭാഗങ്ങളും വെള്ളത്തിനടിയിലായേക്കാമെന്ന ആശങ്ക ഈ നഗരങ്ങൾ പേറുന്നുണ്ടെങ്കിലും ജീവിതത്തിരക്കിൽ ആരുമത് ചിന്തിക്കാറില്ല.

അത്തരത്തിലൊരു ആശങ്ക സത്യമായിരിക്കുകയാണ് ഇപ്പോൾ. ഹവായിയിലെ ഈസ്റ്റ് ഐലൻഡാണ് പസഫിസ് സമുദ്രത്തിൽ പൂർണമായി മുങ്ങി ഇല്ലാതായത്. ഹവായിയിൽ മാത്രമുള്ള സന്യാസി സീലുകളുടയും കൂറ്റൻ കടലാമകളുടെയും ആവാസകേന്ദ്രമായിരുന്ന ഈ ദ്വീപ് ഒക്ടോബറിൽ വലാക്ക ചുഴലിക്കാറ്റോടെയാണ് സമുദ്രത്തിലേക്ക് പൂർണമായും ആണ്ടുപോയത്.

ദ്വീപ് സമുദ്രത്തിൽ മുങ്ങുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇതിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ്. മണൽപ്പരപ്പുകളും മറ്റുമുണ്ടായിരുന്നിടത്ത് അതിന്റെ നേരീയ സൂചനമാത്രമേ ശേഷിക്കുന്നുള്ളൂ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഈ ദ്വീപിൽവന്ന മാറ്റങ്ങൾ പഠിക്കാൻ ശ്രമിക്കുകയാണ് ഗവേഷകർ ഇപ്പോൾ.

ഈസ്റ്റ് ഐലൻഡ് പൂർണമായും ഇല്ലാതായെന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് ഹവായ് സർവകലാശാലയിലെ കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞൻ ചിപ്പ് ഫ്‌ളെച്ചർ പറഞ്ഞു. ദ്വീപിലുണ്ടായിരുന്ന അപൂർവങ്ങളായ ജീവി ജാലമെല്ലാം ഇതോടെ ഇല്ലാതായി. നേരത്തേ തന്നെ ഈസ്റ്റ് ഐലൻഡ് കടലിൽ മുങ്ങിപ്പോകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, അതിത്രവേഗം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല.

പത്തോളം ദ്വീപുകൾ ഉൾപ്പെടുന്ന പാപ്പഹനൗമക്കൂക്ക മറൈൻ നാഷണൽ മോണുമെന്റിന്റെ ഭാഗമായിരുന്ന ഈസ്റ്റ് ഐലൻഡ് കുറച്ചുവർഷങ്ങൾകൂടി പിടിച്ചുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ മാസമാദ്യം വീശിയടിച്ച കൊടുങ്കാറ്റിൽ ദ്വീപ് തകർന്നടിയുകയായിരുന്നു. കടലാമകൾ മുട്ടയിടാനും മറ്റും കൂട്ടത്തോടെയെത്തിയിരുന്ന ഭൂപ്രദേശം കൂടിയായിരുന്നു മനുഷ്യവാസമില്ലാത്ത ഈ ദ്വീപ്. 11 ഏക്കർ മാത്രമായിരുന്നു ഇതിന്റെ വിസ്തൃതി. 800 മീറ്റർ നീളവും 120 മീറ്റർ വീതിയുമുള്ള ചെറിയൊരു മൺതിട്ടയായിരുന്നു ഇത്.