ലോകത്തേറ്റവും കൂടുതൽ ആളുകൾ വിമാനയാത്ര ചെയ്യുന്ന ഭൂഖണ്ഡം ഏഷ്യയാകുന്ന കാലം അതിവിദൂരമല്ല. നിലവിൽ ലോകത്തെ ഏഴാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യ. ഏറ്റവും പുതിയ കണക്കനുസരിച്ച് 2024-ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറും. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (അയാട്ട) നൽകുന്ന സൂചനയസനുസരിച്ച് വിമാന യാത്രക്കാർ ഏറ്റവും കൂടുതലായി വരാൻ പോകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

2037 ആകുന്നതോടെ, വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നും അയാട്ട പ്രവചിക്കുന്നു. 820 കോടി വിമാനയാത്രക്കാരാകും അ്‌പ്പോഴുണ്ടാവുക. ഇതിലേറ്റവും കൂടുതൽ വളർച്ചയുണ്ടാവുക ഏഷ്യ-പസഫിക് മേഖലയിലായിരിക്കും. പുതിയതായി വിമാനയാത്ര സ്വീകരിക്കുന്ന യാത്രക്കാരിൽ പാതിയിലേറെയും ഈ മേഖലയിൽനിന്നായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ അമേരിക്കയാണ് ഏറ്റവും വലിയ വ്യോമയാന വിപണി. ഈ സ്ഥാനം ചൈന സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020 മധ്യത്തോടെ ചൈന ഒന്നാം സ്ഥാനത്തേക്ക് കയറും. അമേരിക്ക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 2024-ഓടെ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുമെത്തും. നിലവിൽ ലോകത്തെ പത്താമത്തെ വ്യോമയാന വിപണിയായ ഇന്തോനേഷ്യ 2030-ഓടെ നാലാം സ്ഥാനത്തേക്ക് കയറിവരും. തായ്‌ലൻഡ് പത്താം സ്ഥാനത്തേക്കുമെത്തും.

അടുത്ത രണ്ടുപതിറ്റാണ്ടുകാലത്തേക്ക് ഏറ്റവും കൂടുതൽ വളർച്ച കൈവരിക്കാൻ പോകുന്ന മേഖലകളിലൊന്ന് വ്യോമയാന വിപണിയാണെന്ന് അയാട്ട റിപ്പോർട്ട് പറയുന്നു. യാത്രക്കാരുടെ എണ്ണം ഇരട്ടിക്കുന്നതോടെ, മൂന്നരശതമാനത്തോളം അധികവളർച്ച മേഖലയിലുണ്ടാകുമെന്നാണ് കരുതുന്നത്. യാത്രക്കാരുടെ എണ്ണം മേഖലയിൽ തൊഴിൽ രംഗത്തും വലിയതോതിലുള്ള കുതിച്ചുചാട്ടമുണ്ടാക്കും. പത്തുകോടിയോളം പുതിയ തൊഴിലവസരങ്ങൾ വ്യോമയാന മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്ന് അയാട്ട ഡയറക്ടർ ജനറലും സിഇഒയുമായ അലക്‌സാൻഡ്രെ ഡി ജൂനിയാക് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.