ഡൽഹി: പ്രളയ ദുരിതാശ്വാസത്തിനായുള്ള ഉദ്യമമായ സാലറി ചലഞ്ചിൽ ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. ഹർജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മതപത്രം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ. ഇതിനെ ചോദ്യംചെയ്താണ് അപ്പീൽ നൽകിയത്. ഇക്കാര്യത്തിൽ എ.ജി.യുടെ നിയമോപദേശവും ധനവകുപ്പ് തേടിയിരുന്നു.

സാലറി ചലഞ്ചിനു ജീവനക്കാരെ നിർബന്ധിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. പ്രളയത്തിനുശേഷം ഏറെ വിവാദമായ സർക്കാർ നിർദേശമായിരുന്നു സാലറി ചലഞ്ച്. സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണമായിരുന്നു ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ചത്. ഒടുവിൽ ഹൈക്കോടതിയിൽനിന്നും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കി. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.