വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് വിശ്വാസം. എന്നാൽ, ബ്രിട്ടനിൽ വിവാഹം ഇനി പബ്ബിലും നടക്കും. വിവാഹവേദി പള്ളിക്കുപുറത്തേക്ക് കൊണ്ടുപോകുന്ന തരത്തിൽ നിയമഭേദഗതിക്ക് ഒരുങ്ങുകയാണ് ബ്രിട്ടൻ. ചാൻസലർ ഫിലിപ്പ് ഹാമണ്ട് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്തിയേക്കും.

ഹോട്ടൽ മേഖലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവാഹത്തെ പള്ളിക്ക് പുറത്തേക്ക് കൊണ്ടുവരുന്നത്. വിവാഹച്ചടങ്ങുകളിൽ മദ്യത്തിനേർപ്പെടുത്തിയിട്ടുള്ള വിലക്ക് ഒഴിവാക്കാനുള്ള നീക്കവും സജീവമായി നടക്കുന്നുണ്ട് വിവാഹച്ചടങ്ങുകളും വിരുന്നും അവിസ്മരണീയമാക്കാനുള്ള എല്ലാക്കാര്യങ്ങളും പുതിയ ഭേദഗതിയോടെ വരുമെന്നാണ് കരുതുന്നത്.

വിവാഹവേദി സംബന്ധിച്ച കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കണെന്ന പക്ഷക്കാരനാണ് ഹാമണ്ട്. വിവാഹംപോലെ വ്യക്തിപരമായ കാര്യങ്ങളെ ചുവപ്പുനാടയിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരം ആഘോഷങ്ങളിൽ വരുത്താവുന്ന നിയമഭേദഗതികളെക്കുറിച്ച് ലോ കമ്മിഷൻ പരിശോധിച്ചുവരികയാണ്.

നിലവിൽ ഇംഗ്ലണ്ടിലും വെയ്ൽസിലും വിവാഹച്ചടങ്ങുകൾ പള്ളിയിൽ വേണമെന്ന് നിർബന്ധമുണ്ട്. പുറത്തുള്ള വേദികളിൽ നടത്തുന്ന വിവാഹച്ചടങ്ങുകൾക്ക് നിയമപരമായ സാധുത ഇപ്പോൾ സ്‌കോട്ട്‌ലൻഡിൽ മാത്രമേയുള്ളൂ. നിലവിൽ വിവാഹം നടത്തുന്നതിന് പ്രത്യേകഇടം മാറ്റിവെച്ചിട്ടുള്ള വേദികൾക്കുമാത്രമാണ് ഇംഗ്ലണ്ടിലും വെയ്ൽസിലും വിവാഹവേദിയായി ലൈസൻസ് ലഭിക്കുക.

അതൊരു കെട്ടിടത്തിന്റെ ഭാഗമായിരിക്കണമെന്നും നിർബന്ധമുണ്ട്. വിവാഹത്തിനായി നീക്കിവെച്ചിട്ടുള്ള സ്ഥലത്ത് ചടങ്ങുകൾക്ക് ഒരുമണിക്കൂർ മുമ്പും ചടങ്ങുനടക്കുമ്പോഴും മദ്യവും ഭക്ഷണവും വിളമ്പുന്നില്ലെന്് ഉറപ്പുവരുത്തുകയും വേണം. ഇത്തരം നിയന്ത്രണങ്ങൾ കൂടുതൽ വേദികളെ വിവാഹവേദികളാക്കി മാറ്റുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിയമഭേദഗതി വരുന്നതോടെ, ചെറിയ തുക മുടക്കിയാലും വിവാഹവേദി ലഭിക്കുന്ന സാഹചര്യമുണ്ടാകും. എന്നാൽ, വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെടുത്താൻ ഇതിടയാക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. ഇംഗ്ലണ്ട് ക്രിസ്തീയ സഭ ഇതിനെതിരേ രംഗത്തുവന്വിട്ടുണ്ട്. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം പവിത്രമായ ചടങ്ങാണെന്നും ആ നിലപാടിൽനിന്നുകൊണ്ടായിരുക്കും ഭേദഗതികളെ കാണുകയെന്നും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉപദേഷ്ടാവ് റവ, മാർട്ടിൻ കെറ്റിൽ പറഞ്ഞു.