തിരുവനന്തപുരം: സംഘപരിവാർ സംഘടനകളും സ്വാമി സന്ദീപാനന്ദഗിരിയും തമ്മിലുള്ള വാക്കേറ്റങ്ങളും ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്. അതിനിടെയാണ് സ്വാമി സന്ദീപാനന്ദ ഗിരിയെ ചിന്മമിഷനിൽ നിന്ന് പുറത്താക്കിയതാണെന്ന സംഘപരിവാർ വാദങ്ങളെ തള്ളി ചിന്മയ മിഷൻ പുറത്ത് വിട്ട വാർത്താകുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്ന് സ്വഭാവദൂഷ്യത്തെതുടർന്ന് പുറത്താക്കി എന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിച്ചിരുന്നത്.

സ്വാമി സന്ദീപാനന്ദ ഗിരി സ്വയം ഇഷ്ടപ്രകാരം ചിന്മയ മിഷൻ വിടുകയാണെന്നും സ്വാമി സന്ദീപാനന്ദ ഗിരി ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നു എന്നുമാണ് പരസ്യം നൽകിയത്. സ്വാമി തേജോമയാനന്ദയുടെ പേരിലാണ് കുറിപ്പ്.
2006 ജൂലൈ 6നാണ് ഈ പരസ്യം നൽകിയിരിക്കുന്നത്.ഈ പത്രപരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ചിന്മയമിഷൻ നൽകിയ പരസ്യത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ

ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയമിഷൻ വിടാൻ തീരുമാനിച്ച വിവരം ഞാൻ നിങ്ങളെ ഏവരെയും അറിയിക്കുന്നു. മിഷന് ഏറെ സംഭാവന നൽകിയിട്ടുള്ള സന്ദീപ് ചൈതന്യ ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും നാം ശുഭാംശസകൾ നേരുന്നതോടൊപ്പം ഈശ്വരന്റെയും പൂജ്യഗുരുദേവ് ചിന്മയാനന്ദസ്വാമികളുടേയും അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു,

പ്രേമപൂർവ്വം

ഒപ്പ്

സ്വാമി തേജോമയാനന്ദ