ടീമിന്റെ മത്സരം കണ്ട് മടങ്ങവെ സ്റ്റേഡിയത്തിന് സമീപം ഹെലിക്കോപ്ടർ തകർന്ന് കൊല്ലപ്പെട്ട ലെസ്റ്റർസിറ്റി ക്ലബ് ഉടമ വിചായ് ശ്രീവദ്ധനപ്രഭയ്‌ക്കൊപ്പമുണ്ടായിരുന്ന തായ്‌ലൻഡ് മുൻ സൗന്ദര്യറാണി നുർസാര സുക്‌നമായിയെച്ചൊല്ലി വിവാദം. നിർസാരയാരെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നെങ്കിലും അവർ ശ്രീവദ്ധനപ്രഭയുടെ വെപ്പാട്ടിയാണെന്ന് തുറന്നുപറഞ്ഞ ബിബിസി സീനിയർ സ്പോർട്സ് എഡിറ്റർ ഡാൻ റോൺ കുടുങ്ങി.

ഇത്തരമൊരു കാര്യം പറയേണ്ട സമയമായിരുന്നില്ല ഇതെന്നും ഡാൻ റോണിന്റെ പ്രസ്താവന അപക്വവും അസമയത്തുള്ളതുമാമെന്ന് ആരോപിച്ച് ക്ലബ്ബിന്റെ ആരാധകർ സാമൂഹികമാധ്യമങ്ങളിലൂടെ ശക്തമായ വിമർശനം ഉന്നയിച്ചതോടെ, ഡാൻ കുടുങ്ങി. ഒടുവിൽ ആരാധരോട് മാപ്പുപറഞ്ഞ് തൽക്കാലത്തേക്ക് രക്ഷപ്പെടുകയാണ് ഡാൻ റോൺ ചെയ്തത്.

ലെസ്റ്റർ സിറ്റിയുടെ മത്സരം റിപ്പോർട്ട് ചെയ്തത് ഡാൻ റോണായിരുന്നു. അപകടത്തെത്തുടർന്ന് ബിബിസിയിൽ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിലാണ് ഡാൻ റോണിന്റെ വിവാദ പരാമർശമുണ്ടായത്. ശ്രീവദ്ധനപ്രഭയുടെ സ്റ്റാഫിലംഗമായാണ് നുർസാര ്‌റിയപ്പെടുന്നതെന്നും അവർ അദ്ദേഹത്തിന്റെ വെപ്പാട്ടിയാണെന്നും ഡാൻ റോൺ പറഞ്ഞു. ഒരു കോടീശ്വരനോ രാജകുടുംബാംഗമോ ആണെങ്കിൽ ഇതൊക്കെ പതിവാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മരിച്ചയാളെ അപമാനിക്കുന്നതിന തുല്യമാണ് ഡാനിന്റെ പരാമർശങ്ങളെന്ന് ആരാധകർ വിമർശനമുയർത്തി. ക്യാമറയ്ക്കുമുന്നിലോ അല്ലാതെയോ ആണെങ്കിലും ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് ആരാധകർ പറഞ്ഞു. ശ്രീവദ്ധനപ്രഭയുടെ കുടുംബത്തെ അപമാനിക്കുന്നതാണ് ഈ പരാമർശമെന്നും അവർ പറഞ്ഞു. വിമർശനമേറിയതോടെ, ഡാൻ ട്വിറ്ററിലൂടെ മാപ്പുചോദിച്ചു. സഹപ്രവർത്തകനോട് സംസാരിക്കവെ യാദൃച്ഛികമായി അത്തരമൊരു പരാമർശം വന്നതാണെന്നും അതിൽ ഖേദിക്കുന്നുവെന്നും ഡാൻ പറഞ്ഞു.

ശ്രീവദ്ധനപ്രഭയ്ക്കും നുർസാരയ്ക്കും പുറമെ, പേഴ്‌സണൽ സ്റ്റാഫ് അംഗം കാവെപോൺ പുൺപാരെ, ഹെലിക്കോപ്ടറിന്റെ പൈലറ്റ് എറിക് സ്വാഫർ, അദ്ദേഹത്തിന്റെ കാമുകിയും കോ-പൈലറ്റുമായ ഇസബെല്ല റോസ ലെക്കോവിക്‌സ് എന്നിവരുമാണ് അപകടത്തിൽ മരിച്ചത്. പറന്നുയർന്ന ഉടൻ ഹെലിക്കോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കളികഴിഞ്ഞ് മടങ്ങുന്ന ആരാധകർക്കും സമീപത്തെ വീടുകൾക്കും മുകളിൽ വീഴാതെ എറിസ് സ്വാഫർ ഒഴിഞ്ഞസ്ഥലത്ത് കോപ്റ്റർ പതിപ്പിച്ചതോടെ വലിയ ദുരന്തം ഒഴിവായി.