ലിസബത്ത് രാജ്ഞിയുടെ മരണവിവരം ആദ്യമറിയുന്നയാൾ, രാജ്ഞിയുടെ മൂത്തമകനും കിരീടാവകാശിയായ ചാൾസ് രാജകുമാരനാണ്. അധികാരം ചാൾസ് ഏറ്റെടുക്കുകയും സർക്കാർ അതംഗീകരിക്കുകയും ചെയ്യും. സഹോദരങ്ങളും കുട്ടികളും രാജ്യാധികാരം ചാൾസ് ഏറ്റെടുത്തത് അംഗീകരിക്കുകയും ചെയ്യും. തുടർന്നാണ് പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുക. ആ ചുമതല രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി എഡ്വേർഡ് യങ്ങിനാണ്. അദ്ദേഹം പ്രധാനമന്ത്രിയെ ഫോണിലൂടെ അറിയിക്കും, 'ലണ്ടൻ ബ്രിഡ്ജ് തകർന്നു' എന്നാകും ആ പ്രയോഗം. രാജ്ഞിയുടെ വിയോഗം അറിയിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പ്രയോഗമാണിത്.

ഇതോടൊപ്പം ലണ്ടനിലെ ഫോറിൻ ഓഫീസിലെ ഗ്ലോബൽ റെസ്‌പോൺസ് സെന്ററിൽനിന്ന് രാജ്ഞി ഭരണാധികാരിയായിട്ടുള്ള 15 രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർക്ക് സന്ദേശം പോകും. കോമൺവെൽത്തിലുൾപ്പെട്ട 36 രാജ്യങ്ങയുടെ ഭരണാധികാരികളെയും ഇതറിയിക്കും. ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ രാജ്ഞിയുടെ വിയോഗം പരസ്യമാക്കില്ലെന്നാണ് കീഴ്‌വഴക്കം. എന്നാൽ, പുതിയകാലത്ത് ഇത്രയും വലിയൊരു വാർത്ത രഹസ്യമാക്കിവെക്കുക എളുപ്പമല്ലെന്ന് കൊട്ടാരത്തിലുള്ളവർക്കും അറിയാം.

കൊട്ടാരത്തിൽ ഇപ്പോൾത്തന്നെ മറ്റുചില മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. കിരീടാവകാശിയായ ചാൾസ് രാജകുമാരന് അധികാരങ്ങളെല്ലാം കൈമാറാൻ രാജ്ഞി തയ്യാറെടുക്കുന്നതായാണ് സൂചന. രാജ്ഞി പദവി നിലനിർത്തിക്കൊണ്ടുതന്നെ ചാൾസിന് റീജൻസി ഭരണച്ചുമതല കൈമാറുകയാവും ചെയ്യുക. പ്രായാധിക്യവും അനാരോഗ്യവും ബുദ്ധിമുട്ടിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് കിരീടാവകാശിയായ ചാൾസിന് കൂടുതൽ ഉത്തരവാദിത്വങ്ങൾ കൈമാറാനുള്ള രാജ്ഞിയുടെ തീരുമാനം.

92 വയസ്സായി എലിസബത്ത് രാജ്ഞിക്ക്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ അവർ പൊതുപരിപാടികളിൽ പങ്കെടുക്കാറുമില്ല. പ്രതിനിധിയെന്നോണം ചാൾസ് രാജകുമാരനാണ് ഇപ്പോൾ പരിപാടികളിൽ പങ്കെടുക്കുന്നത്. പ്രതിനിധിയെന്നതിനെക്കാൾ, അധികാരങ്ങളുള്ള രാജാവ് എന്നതിലേക്കുള്ള ചാൾസിന്റെ വളർച്ചയെയാണ് ഇത് കാണിക്കുന്നതെന്ന് വിലയിരുത്തുന്നു. ഷാഡോ കിങ് എന്നാണ് ഇപ്പോൾത്തന്നെ ചാൾസിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തും വിദേശത്തും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ മുഖമായി ചാൾസ് മാറിക്കഴിഞ്ഞു.

കൂടുതൽ ചുമതലകൾ അദ്ദേഹം ഏറ്റെടുത്തുതുടങ്ങിയിട്ടുമുണ്ട്. ദിവസം 14 മണിക്കൂറിലേറെ ഔദ്യോഗിക കാര്യങ്ങൾക്കായി ചെലവിടുന്ന ചാൾസ്, വർഷം വിദേശത്തും നാട്ടിലുമായി 600-ലേറെ പരിപാടികളിൽ പങ്കെടുക്കുന്നു. വിദേശത്ത് ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിനിധാനം ചെയ്ത് ചാൾസ് ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. രാജ്ഞി അടുത്തകാലം വരെ നിർവഹിച്ചിരുന്ന പല കാര്യളും ഇപ്പോൾ പൂർത്തിയാക്കുന്നത് ചാൾസാണ്.

ഇതൊക്കെയാണെങ്കിലും ബ്രിട്ടീഷുകാർക്ക് ദഹിക്കാത്ത ഒരുകാര്യമുണ്ട്. അത് കാമില പാർക്കർ രാജപത്‌നിയാകുന്നുവെന്നതാണ്. ഡയാനയെ ഇന്നും മനസ്സിൽകൊണ്ടുനടക്കുകയും ആരാധിക്കുകയും ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് ആ സ്ഥാനത്ത് കാമിലയെ സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. ചാൾസ് രാജകുമാരനിൽനിന്ന് രാജാവായി മാറുമ്പോൾ കാമിലയ്ക്കും സ്ഥാനക്കയറ്റം കിട്ടുമല്ലോ എന്ന വേവലാതിയാണ് അവർക്കുള്ളത്.