കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വന്നതോടെ, സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയിലാണ്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ സ്ഥാപിച്ചുകൊടുത്ത് രാജ്യത്തെ യാഥാസ്ഥിതികരുടെ കൈയിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തി. സ്ത്രീകൾക്ക് വാഹനമോടിക്കാനും സ്വന്തം നിലയ്ക്ക് വ്യവസായ സംരംഭങ്ങൾ തുടങ്ങാനും സ്വാതന്ത്ര്യം ലഭിച്ചു. സിനിമാ തീയറ്ററുകൾ തിരിച്ചുകൊണ്ടുവന്ന എംബിഎസ്, സ്‌റ്റേഡിയത്തിൽപ്പോയി ഫുട്‌ബോൾ മത്സരങ്ങൾ കാണാനും സ്ത്രീകൾക്ക് അനുവാദം നൽകി.

എന്നാൽ, സൗദിയിൽ സ്ത്രീ സ്വാതന്ത്ര്യം വന്നുവെന്ന് ഇതിനൊന്നും അർഥമില്ലെന്ന് തെളിയിക്കുന്നതാണ് അവിടെനിന്നുള്ള വാർത്തകൾ. ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്തതിന്റെ പേരിൽ 17 ഫിലിപ്പിനോ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തത് അതിനുദാഹരണമാണ്. ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയമാണ് ്അറസ്റ്റ് വിവരം പുറത്തുവിട്ടത്. റിയാദിൽ ഇവർ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

എന്തൊക്കെ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, ഉറ്റബന്ധമില്ലാത്ത പുരുഷനും സ്ത്രീയും അടുത്തിടപഴകുന്നത് സൗദിയിൽ നിയമവിരുദ്ധമാണ്. ഹാലോവീൻ പാർട്ടിയിൽ യുവാക്കൾക്കൊപ്പം ഒരുമിച്ച് പങ്കെടുത്തതാവാം ഇവർക്കെതിരേയുള്ള കുറ്റമെന്നാണ് കരുതുന്നത്. അനുമതിയില്ലാതെ ഇത്തരമൊരു പാർട്ടി നടത്തിയതിന് അതിന്റെ സംഘാടകർ്കകെതിരേയും കെസെടുത്തിട്ടുണ്ടെന്ന് റിയാദിലെ ഫിലിപ്പീൻസ് അംബാസഡർ അഡ്‌നൻ അലോൺടോ പറഞ്ഞു.

ഇസ്ലാം മതമൊഴികെ മറ്റൊരു മതത്തിന്റെയും ആരാധന പരസ്യമായി നടത്തുന്നത് സൗദിയിൽ അനുവദിച്ചിട്ടില്ല. വിശ്വാസത്തിന്റെ പേരിലല്ലെങ്കിലും ഹാലോവീൻ പാർട്ടി പോലുള്ള ചടങ്ങുകൾക്കും വിലക്കുണ്ട്. ഇതറിയാതെയാകാം യുവതികൾ പാർട്ടിയിൽ പങ്കെടുത്തതെന്നാണ് അലോൺടോ പറയുന്നത്. യുവതികൾ ഇപ്പോൾ എവിടെയാണുള്ളതെന്ന തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് പ്രതിഷേധം; ഇറാനിൽ പെൺകുട്ടിയുടെ നേർക്ക് വാഹനമോടിച്ചുകയറ്റി

സൗദിയെപ്പോലെതന്നെ മതകാര്യങ്ങളിൽ അങ്ങേയറ്റത്തെ നിഷ്‌കർഷ പുലർത്തുന്ന രാജ്യമാണ് ഇറാനും. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റിയിൽ നിർബന്ധിച്ച് ശിരോവസ്ത്രം ധരിപ്പിച്ചതിനെതിരേ പ്രതിഷേധിച്ച പെൺകുട്ടിക്കുനേരെ വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊലീസ് വാഹനത്തിന് മുന്നിൽനിന്ന് പ്രതിഷേധിച്ച സോഹനാക് സർവകലാശാലയിലെ വിദ്യാർത്ഥിനിയെയാണ് വാൻ ഇടിച്ചുവീഴ്‌ത്താൻ ശ്രമിക്കുന്നത്. 50 വാരയോളം പെൺകുട്ടിയെ തള്ളിക്കൊണ്ടുപോയെങ്കിലും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതോടെ മറ്റുവിദ്യാർത്ഥികളും പ്രതിഷേധിക്കുകയും പൊലീസ് വാഹനങ്ങൾ തടയുകയും ചെയ്തു.

ആക്ടിവിസ്റ്റായ മാസി അലിനെയാദാണ് ശനിയാഴ്ച ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് നടുക്കുന്ന സംഭവമാണെന്നും ഇറാൻ പിന്നോട്ടുപോവുകയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും മാസി പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ 90 ശതമാനം പെൺകുട്ടികളും ഹിജാബ് ധരിക്കുന്നതിന് എതിരാണ്. എന്നാൽ, മതപൊലീസുകാർ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുകയയാണെന്നും അവർ പറഞ്ഞു.