ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരനായ പ്രധാനമന്ത്രിമാരിലൊരാളായിരുന്നു ഡേവിഡ് കാമറോൺ. ബ്രിട്ടനെ പ്രതീക്ഷയോടെ നയിച്ചിരുന്ന നേതാവ്. അതിനിടയ്ക്കാണ് യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിട്ടുപോകണമെന്ന ആവശ്യം ശക്തമായത്. തുടക്കം മുതൽക്കെ ഇതിനെതിരായിരുന്നു കാമറോൺ. എന്നാൽ, സമ്മർദമേറിയതോടെ അദ്ദേഹം ഹിതപരിശോധനയ്ക്ക് സമ്മതിച്ചു. ഹിതപരിശോധനയിൽ, നേരീയ ഭൂരിപക്ഷത്തിന് ബ്രെക്‌സിറ്റ് വാദികൾ വിജയിച്ചതോടെ പ്രധാനമന്ത്രി പദം വിട്ടെറിഞ്ഞ് സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയതാണ് കാമറോൺ.

രണ്ടുവർഷത്തിലേറെയായി സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്നുകഴിയുന്ന കാമറോണിന് ഇപ്പോൾ സാധാരണമട്ടിലുള്ള ജീവിതം മടുത്തുവെന്നാണ് പതിയ റിപ്പോർട്ടുകൾ. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന അദ്ദേഹം ബ്രിട്ടന്റെ വിദേശകാര്യ മന്ത്രിയെങ്കിലുമാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തെരേസ മെയ്‌ക്ക് പകരം വരുന്ന കൺസർവേറ്റീവ് പാർട്ടി നേതാവ് തന്നെ വീണ്ടും ഭരണരംഗത്തേക്ക് വിളിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അമ്പതുവയസ്സ് തികയുന്നതിനുമുന്നെ സജീവരാഷ്ട്രീയത്തിൽനിന്ന് പ്രധാനമന്ത്രി പദവി വിട്ടൊഴിഞ്ഞുപോയതിൽ കാമറോണിന് ഇപ്പോൾ നിരാശയുണ്ടെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. സജീവരാഷ്ട്രീയത്തിൽ താൻ വീണ്ടും സജീവമാകുമെന്നും രാജ്യത്തിനകത്തോ പുറത്തോ പൊതുസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞതായി സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.

എന്നാൽ, തന്റെ ആത്മകഥയുടെ രചനയിലാണ് കാമറോൺ ഇപ്പോഴെന്നാണ് ലഭിക്കുന്ന മറ്റൊരു വിവരം. അടുത്തവർഷം ആത്മകഥ പുറത്തിറക്കണെന്നാണ് ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചില ഉള്ളറക്കഥകൾ പുറത്തുകൊണ്ടുവരുന്ന പുസ്തകമായിരിക്കും ഇതെന്നും വിലയിരുത്തപ്പെടുന്നു. കാമറോണിനൊപ്പം പ്രവർത്തിക്കവെ, ഹിതപരിശോധനയിൽ ലീവ് ക്യാമ്പെയിനെ നയിച്ച മൈക്കൽ ഗോവുമായുള്ള ബന്ധവും മറ്റും പുസ്തകത്തിലുണ്ടാവും.

സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ കാമറോൺ തീരുമാനിച്ചാൽ, അദ്ദേഹത്തിന് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. പ്രധാനമന്ത്രി പദവിക്കൊപ്പം എംപി. സ്ഥാനവും കാമറോൺ രാജിവെച്ചിരുന്നു. ടോറി പാർട്ടി മുൻ നേതാവ് വില്യം ഹേഗ് മുമ്പ് കാമറോൺ സർക്കാരിൽ തിരിച്ചുവന്നതിന് സമാനമായ സംഭവമായിരിക്കും ഇതെന്നും വിലയിരുത്തപ്പെടുന്നു. നാല് വർഷത്തോളം സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടനിന്നപ്പോഴാണ് കാമറോൺ പ്രധാനമന്ത്രിയായത്. പിന്നീട് കാമറോൺ സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായി ഹോഗ് വരികയായിരുന്നു.