പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാറുണ്ട്. ചിലപ്പോൾ വിവേകവും ഉണ്ടാകില്ല. 14 വയസ്സുള്ള കാമുകനും 16-കാരിയായ കാമുകിയും ഒരുമിച്ച് ജീവിക്കാനാവാത്തതിനാൽ ജീവനൊടുക്കാൻ തീരുമാനിച്ച് ഫേസ്‌ബുക്കിലൂടെ വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. വ്യാപാരസമുച്ചയത്തിന്റെ മുകളിൽനിന്ന കാമുകൻ താഴേക്ക് ചാടിയപ്പോൾ, കാമുകിയെ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാർ രക്ഷപ്പെടുത്തി. 65 അടി ഉയരത്തിൽനിന്ന് താഴേക്കുവീണ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ബ്രിട്ടനിലെ പ്യൂർട്ടോ ബാണസിലെ കോസ്റ്റ ഡെൽ സോളിലുള്ള കോസ്റ്റ മാർബെല്ലയെന്ന വ്യാപാരസമുച്ചയത്തിന്റെ മുകളിൽനിന്നാണ് 14-കാരൻ എടുത്തുചാടിയത്. പിന്നാലെ ചാടാൻ തയ്യാറായിരുന്ന 16-കാരിയെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാർ പിടിച്ചുമാറ്റുകയായിരുന്നു. ഫേസ്‌ബുക്കിൽനിന്ന് ആത്മഹത്യയെക്കുറിച്ച് വിവരം അറിഞ്ഞ ഇവരുടെ സുഹൃത്തുക്കൾ വിളിച്ചുപറഞ്ഞതനുസരിച്ചാണ് സെക്യരിറ്റി ജീവനക്കാർ തിരഞ്ഞെത്തിയതും കെട്ടിടത്തിന്റെ മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയതും.

ഈ ദുഷിച്ച ലോകത്ത് ജീവിച്ചുമടുത്തുവെന്ന് കാണിക്കുന്ന പോസ്റ്റാണ് പെൺകുട്ടി തൊട്ടുമുമ്പ് പോസ്റ്റ് ചെയ്തിരുന്നത്. ഒപ്പം ചാടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കാമുകൻ താഴേക്ക് ചാടിയപ്പോൾ പെൺകുട്ടിക്ക് ഒരു നിമിഷനേരത്തേക്ക് മനംമാറ്റം വന്നതായും സംശയിക്കുന്നുണ്ട്. അതുകൊണ്ടാവണം പെൺകുട്ടി ഒപ്പം ചാടാതിരുന്നതെന്നാണ് കരുതുന്നത്.

സെക്യൂരിറ്റി ജീവനക്കാരെക്കണ്ട് പയ്യൻ എടുത്തുചാടുകയായിരുന്നു. പരിഭ്രമിച്ചുനിന്ന പെൺകുട്ടിയെ അവർ കയറിപ്പിടിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. ഉച്ചയൂണിന് ജീവനക്കാർ പിരിയുന്നതിന് തൊട്ടുമുമ്പാണ് ഫോൺ വന്നത്. അപ്പോൾത്തന്നെ സുരക്ഷാ ജീവനക്കാർ മുകളിലേക്ക് ഓടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടി ആശുപത്രിയിൽ കഴിയുകയാണ്.