ടുത്ത മുസ്ലിം വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നത് പരസ്യമായ കാര്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അദ്ദേഹത്തിന്റെ പല പരാമർശങ്ങളും വിവാദമായി മാറുകയും ചെയ്തിരുന്നു. എന്നാൽ ട്രംപ് തികഞ്ഞ വർണവെറിയനുമാണെന്ന് വ്യക്താക്കുകയാണ് അദ്ദേഹത്തിനൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച അഭിഭാഷകനായ മൈക്കൽ കോഹൻ. കറുത്തവർഗക്കാരോട് അങ്ങേയറ്റത്തെ വംശീയ വിദ്വേഷത്തോടെയാണ് ട്രംപ് സംസാരിക്കാറുള്ളതെന്ന് കോഹൻ പറയുന്നു.

വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് കോഹന്റെ വെളിപ്പെടുത്തൽ. തനിക്ക് വോട്ട് ചെയ്യുന്ന കറുത്തവർഗക്കാർ വിഡ്ഢികളായിരിക്കുമെന്ന് 2016-ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് അഭിപ്രായപ്പെട്ടിരുന്നതായാണ് ഒരു വെളിപ്പെടുത്തൽ. ഭൂരിപക്ഷവും വെള്ളക്കാർ മാത്രമുണ്ടായിരുന്ന തിരഞ്ഞെടുപ്പ് റാലി്ക്കിടെയായിരുന്നു ഈ പരാമർശമെന്നും കോഹൻ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗക്കാരെ വർണവിവേചനത്തിൽനിന്ന് മോചിപ്പിക്കുന്നതിനായി ജീവിതം വീക്കിവെച്ച നെൽസൺ മണ്ഡേലയുടെ മരണശേഷം ട്രംപും താനുമായി നടത്തിയ സംസാരവും കോഹൻ വിവരിക്കുന്നുണ്ട്. കറുത്തവർഗക്കാർ ഭരിക്കുന്ന രാജ്യങ്ങളൊക്കെ ഇതുപോലെ മഹാദുരന്തങ്ങളായിരുക്കുമെന്ന് ട്രംപ് പറഞ്ഞു. അങ്ങനെല്ലാത്ത ഒരു രാജ്യത്തിന്റെയോ ഒരു നഗരത്തിന്റോയോ പേരുപറയാൻ ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

പ്രസിഡന്റായശേഷവും ആഫ്രിക്കൻ രാജ്യങ്ങളെ വംശീയമായ അധിക്ഷേപിക്കുന്ന തരത്തിൽ ട്രംപ് പരാമർശം നടത്തിയിട്ടുണ്ട്. ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റത്തെ പരാമർശിച്ചാണ് ആ രാജ്യങ്ങളെ നിന്ദിക്കാൻ ട്രംപ് തുനിഞ്ഞത്. എന്നാൽ, അത്തരമൊരു പരാമർശമുണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സ് പിന്നീട് അവകാശപ്പെടുകയും ചെയ്തു.

റിയാൽറ്റി ഷോയായ അപ്രന്റീസിന്റെ ആദ്യ സീസണിലെ വിജയിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സംസാരിച്ചപ്പോഴും കറുത്തവർഗക്കാരോടുള്ള പുച്ഛം ട്രംപിന്റെ വാക്കുകളിൽ പ്രകടമായിരുന്നുവെന്ന് കോഹൻ പറയുന്നു. ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ക്വാമി ജാക്‌സണും ബിൽ റാൻസിക്കുമായിരുന്നു ഫൈനലിൽ. ജാക്‌സണെപ്പോലൊരു കറുത്തവൻ ജയിക്കുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു ട്രംപിന്റെ പരാമർശം.

ട്രംപിനൊപ്പം ദീർഘകാലം പ്രവർത്തിച്ച കോഹൻ, പ്രസിഡന്റിന്റെ ഇത്തരം സ്വഭാവങ്ങളിൽ മനംമടുത്താണ് താൻ ട്രംപ് ഓർഗനൈസേഷന്റെ നിയമോപദേഷ്ടാവ് സ്ഥാനം രാജിവെച്ചതെന്ന് പറഞ്ഞു. കോഹനെതിരെ ഫെഡറൽകോടതിയിൽ നിരവധി കേസുകളുണ്ട് ഇപ്പോൾ. അതിൽ നിയമനടപടി ഉറപ്പായിരിക്കെ, ട്രംപിനെതിരേ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹം മുന്നോട്ടുവരികയാണെന്ന് ട്രംപ് പക്ഷം മറുവാദമുന്നയിക്കുന്നു.