ഫിലിപ്പീൻസിൽ നടന്ന ലോകസുന്ദരി മത്സരത്തിൽ വിയറ്റ്‌നാമിസ് സുന്ദരിയും 23കാരിയുമായ ഫുവോൻഗ് ഖാൻഹ് എൻഗുയെൻ ഈ വർഷത്തെ ലോകസുന്ദരി പട്ടം കരസ്ഥമാക്കി. ലോകമെമ്പാടുമുള്ള 86 രാജ്യങ്ങളിലെ സുന്ദരികളോട് മത്സരിച്ചാണ് ഫുവോൻഗ് എന്ന മാർക്കറ്റിങ് സ്റ്റുഡന്റ് മിസ് എർത്ത് കീരീടം ചൂടിയിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രോഗം അജ്ഞതയാണെന്ന് മത്സരത്തിലെ ഒരു ചോദ്യത്തിന് മറുപടിയേകിയതിലൂടെ ലോകത്തിന്റെ തന്നെ കൈയടിയാണ് ഈ സുന്ദരിക്ക് ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളിൽ ബോധവൽക്കരണം നടത്തുകയെന്ന അടിസ്ഥാനലക്ഷ്യത്തോടെയാണ് വർഷം തോറും മിസ് എർത്ത് പാജന്റ് നടത്തി വരുന്നത്.

എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചയാൾ അഥവാ ഒരു മില്ലെനിയൽ എന്ന നിലയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്താണെന്ന ജഡ്ജുമാരുടെ ചോദ്യത്തിനാണ് '' അജ്ഞത'' എന്ന് ഉത്തരമേകി ഫുവോൻഗ് കൈയടി നേടിയത്. തങ്ങളുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അജ്ഞതയാണെന്ന് സുന്ദരി വിശദീകരണം നൽകുകയും ചെയ്തിരുന്നു. തങ്ങളുടെ തലമുറയ്ക്ക് നിരവധി ടെക്‌നോളജികൾ അനായാസം ലഭ്യമാണെന്നും എന്നാൽ ഇത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും സ്വയം സംരക്ഷിക്കുന്നവർ മാത്രമാണെന്നും മറ്റുള്ളവരെ സംരക്ഷിക്കുന്നത് കുറവാണെന്നുമുള്ള സൂചന നൽകാനും സുന്ദരി മറന്നില്ല.

ഭൂമിയെ സംരക്ഷിക്കുന്നതിന് വേണ്ടി ഇപ്പോൾ എന്ത് ചെയ്യാമെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അത്തരത്തിലുള്ള ചെറിയ പ്രവർത്തനങ്ങൾ ഒന്ന് ചേർന്ന് മില്യൺ കണക്കിന് പേരുടെ പ്രവർത്തനങ്ങളാകുന്നതോടെ അത് ഈ ലോകത്തെ തന്നെ പോസിറ്റീവായ രീതിയിൽ മാറ്റി മറിക്കുമെന്നും ' മിസ് എർത്ത് ' ആഹ്വാനം ചെയ്യുന്നു. 2017ലെ മിസ് എർത്തായിരുന്ന കാരെൻ ഇബാസ്‌കോയാണ് ഫുവോൻഗിനെ കിരീടം ചൂടിച്ചത്. ഫിലിപ്പീൻസിലെ പാസ്യ് സിറ്റിയിലെ മാൾ ഓഫ് ഏഷ്യ അരീനയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചായിരുന്നു മത്സരം അരങ്ങേറിയത്.

സൗത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ നിരവധി ബ്രോഡ്കാസ്റ്റർമാരിലൂടെ ലോകമാകമാനമുള്ള വിവിധ രാജ്യങ്ങളിലുള്ളവർ ലൈവായി ഈ സൗന്ദര്യ മത്സരം കണ്ടിരുന്നു. ഈ മത്സരത്തിലൂടെ വർഷം തോറും ' എലമെന്റൽ ക്യൂൻസ്' നെയും തെരഞ്ഞെടുക്കുന്നുണ്ട്. ഇത് പ്രകാരം മിസ് എർത്ത്-എയർ ആയി ഓസ്ട്രിയയുടെ മെലാനിക് മാഡെറിനെ കിരീടം ചൂടിച്ചിട്ടുണ്ട്.

മിസ് എർത്ത്-വാട്ടർ ആയി കൊളംബിയയുടെ വലെറിയ അയോസിനെയും മിസ് എർത്ത്-ഫയർ ആയി മെക്‌സിക്കോയുടെ മെലിസ ഫ്‌ളോറെസിനെയും കിരീടം ചൂടിച്ചിട്ടുണ്ട്.മത്സരത്തിലെ ഓവറാൾ വിന്നറായ ഫുവോൻഗ് പരിസ്ഥിതി ബോധവൽക്കരണം നടത്താനായി ലോകമാകമാനം യാത്ര ചെയ്യുന്നതായിരിക്കും.