ബ്രെക്സിറ്റ് ചർച്ചകളിൽ വൻ വഴിത്തിരിവുണ്ടായിരിക്കുന്നുവെന്നും അത് പ്രകാരം ചൊവ്വാഴ്ച കാബിനറ്റിന് മുന്നിൽ ഡീൽ വയ്ക്കാനാവുമെന്നും ഇന്നലെ രാത്രി പ്രധാനമന്ത്രി തെരേസ മെയ്‌ രഹസ്യമായി സൂചന നൽകിയെന്ന് വെളിപ്പെടുത്തൽ.

കരാർ വിവരങ്ങൾ നാളെ തെരേസ കാബിനറ്റിൽ പറയുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഐറിഷ് ബോർഡറിൽ അയവ് നൽകി കസ്റ്റംസ് യൂണിയനിൽ തുടരാനുള്ള കരാർ എംപിമാർ അംഗീകരിക്കുമോ...? എന്ന ചോദ്യം അതിനിടെ ശക്തമാകുന്നുണ്ട്. ചില ഇളവുകൾ ചർച്ചയിലൂടെ ബ്രസൽസിന്റെ ഭാഗത്ത് നിന്നും ലഭിച്ചുവെന്നും അത് പ്രകാരം ഇതിലൂടെ യുകെയെ ആകമാനം യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ നിലനിർത്താനാവുമെന്നും തെരേസ അവകാശപ്പെടുന്നു.

ട്രാൻസിഷൻ കാലത്ത് നിന്നും ഫൈനൽ ട്രേഡ് ഡീലിലേക്കെത്തുന്ന കാലത്തിനിടെ കടുത്ത ഐറിഷ് ബോർഡർ ഒഴിവാക്കാനാണ് തെരേസ ഇതിലൂടെ പദ്ധതിയിട്ടിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാത്തതിന്റെ പേരിലായിരുന്നു ബ്രെക്സിറ്റ് ചർച്ചകൾ മാസങ്ങളോളം വഴിമുട്ടിയിരുന്നത്. യൂറോപ്യൻ യൂണിയനുമായുണ്ടാക്കുന്ന ഫൈനൽ സെറ്റിൽമെന്റിന്റെ വിശദമായ വിവരം തെരേസ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ-സ്‌റ്റൈൽ ഡീലിനായിരിക്കും കൂടുതൽ സാധ്യതയെന്നും സൂചനയുണ്ട്.

ഡിവോഴ്സ് രേഖയാക്കുന്നതിന് ദിവസങ്ങൾക്കകം ഒരു അടിയന്തിര സമ്മിറ്റ് വിളിച്ച് കൂട്ടാൻ ഡൗണിങ് സ്ട്രീറ്റ് ശ്രമിക്കുമെന്നും പുതിയ ഡീലിനെ പിന്തുണക്കാൻ എംപിമാരെ പ്രേരിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. തെരേസ മെയ്‌ക്ക് ബ്രസൽസിന്റെ ഭാഗത്ത് നിന്നും ഒരു പ്രൈവറ്റ് അഗ്രിമെന്റ് ലഭിച്ചുവെന്നും ഡിവോഴ്സ് ഡീലിലെ ബാക്ക്സ്റ്റോപ്പ് പ്ലാൻ എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ നോർത്തേൺ അയർലണ്ടിനെ മാത്രമല്ല യുകെയെ ആകമാനം കസ്റ്റംസ് യൂണിയനിൽ നിലനിർത്താൻ സാധിക്കുമെന്നുമാണ് സൂചന ലഭിച്ചിരിക്കുന്നത്.

ഇതിലൂടെ കടുത്ത അതിർത്തി ഒഴിവാക്കാനും ബ്രെക്സിറ്റ് ചർച്ചകൾ അവസാന വേളയിൽ സുഗമമാക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡിവോഴ്സ് ഡീലിൽ ഒരു എക്സിറ്റ് ക്ലോസ് ഉണ്ട്. ഇത് പ്രകാരം കസ്റ്റംസ് യൂണിയനിൽ എക്കാലവും തുടരേണ്ടി വരില്ല. തുടർന്ന് ഫൈനൽ ട്രേഡ് ഡീലിൽ യുകെയും യൂണിയനും തമ്മിൽ ദീർഘകാലത്തേക്കുള്ള ഒരു പൊളിറ്റിക്കൽ കരാറിലെത്തുന്നതായിരിക്കും. ഇത് പ്രകാരം തെരേസയും ചെക്കേർസ് പ്ലാനിന് പകരം കാനഡ-സ്റ്റൈലിലുള്ള ഒരു ഡീലായിരിക്കും ഒപ്പ് വയ്ക്കപ്പെടുന്നതെന്നും സൂചനയുണ്ട്.

ഇപ്പോൾ ശരിയായി വരുന്ന ഡീലിനെ ബ്രെക്സിറ്റർമാർ എതിർത്ത് തോൽപ്പിച്ചാൽ നോ-ഡീൽ സാഹചര്യമാണുണ്ടാവുകയെന്നും അത് അവരുടെ കുറ്റം കാരണമായിരിക്കും ഉണ്ടാവുന്നതെന്നും തെരേസ മുന്നറിയിപ്പേകുന്നുണ്ട്. പുതിയ കരാർ യൂറോപ്യൻ യൂണിയന്റെ ചീഫ് മൈക്കൽ ബാർണിയർ അംഗീകരിച്ചാലും ഇതിന് ഹൗസ് ഓഫ് കോമൺസിൽ അംഗീകാരം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണുള്ളത്. ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന എംപിമാർ ഇതിനെ ശക്തമായി എതിർത്ത് തോൽപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.