44 വർഷക്കാലം സ്ത്രീയായി ജീവിച്ചപ്പോഴായിരുന്നു ഹെർട്ട്ഫോർഡ്ഷെയറിലെ ഹെംപ്സ്റ്റെഡിലുള്ള ഡെബി കാരെമെറിന് പുരുഷനായി ജീവിക്കാൻ കലശലായി മോഹമുദിച്ചത്. തുടർന്ന് 16 വർഷം മുമ്പ് അവർ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ലീ ഹാരിസ് എന്ന പേര് സ്വീകരിച്ച് പുരുഷനാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ 60 വയസുള്ള ലീയ്ക്ക് വീണ്ടും സ്ത്രീയായി മാറാൻ കടുത്ത ആഗ്രഹം തോന്നിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 16 വർഷം മുമ്പ് പുരുഷനാകണമെന്ന് ആഗ്രഹിച്ചപ്പോൾ ലീ ഗർഭപാത്രവും സ്തനങ്ങളും നീക്കം ചെയ്തിട്ട് കൃത്രിമ ലൈംഗികാവയവവും വച്ച് പിടിപ്പിച്ചിരുന്നു.

ഇതിന് പുറമെ ഹോർമോൺ ചികിത്സയിലൂടെ താടിയും മീശയുമുള്ള എല്ലാം തികഞ്ഞ പുരുഷനായിത്തീരുകയും ചെയ്തിരുന്നു. തുടർന്ന് ഇത്തരത്തിൽ 15 വർഷം പുരുഷനായി ജീവിച്ചതിന് ശേഷം വീണ്ടും സ്ത്രീയായി മാറാൻ ലീ ശ്രമിക്കുകയാണ്. അന്ന് ലിംഗമാറ്റം നടത്തിയത് വൻ അബദ്ധമായിരുന്നുവെന്നും തനിക്ക് വീണ്ടും സ്ത്രീയായാൽ മതിയെന്നുമാണ് ലീ അഭിപ്രായപ്പെടുന്നത്. ട്രാൻസ് ജെൻഡറായ ലീ തന്റെ സെക്ഷ്വൽ ഐഡന്റിറ്റിയുടെ പേരിൽ നിരവധി വർഷങ്ങൾ പ്രതിസന്ധി അനുഭവിച്ചതിന് ശേഷമായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

എന്നാൽ താൻ ട്രാൻസ് ജെൻഡറല്ലെന്നും മറിച്ച് തന്റെ പിതാവ് ലൈംഗികപരമായി തന്നെ ചൂഷണം ചെയ്തതിലൂടെ താൻ പോസ്റ്റ്-ട്രോമറ്റിക് സ്ട്രെസ് ഡിസ്ഓർഡർ (പിടിഎസ്ഡി)എന്ന മാനസികവൈകല്യത്തിന് അടിപ്പെടുകയായിരുന്നുവെന്നുമാണ് ലീ പറയുന്നത്. പുരുഷനായി 15 വർഷത്തോളം ജീവിച്ചത് ഇപ്പോൾ ഒരു ദുസ്വപ്നം പോലെ തോന്നുന്നുവെന്നും തനിക്ക് സ്ത്രീത്വത്തിലേക്ക് തിരിച്ച് പോയാൽ മതിയെന്നുമാണ് ലീ ഇപ്പോൾ ആവർത്തിക്കുന്നത്. താൻ അടിസ്ഥാനപരമായി സ്ത്രീയാണെന്നും അന്ന് തെറ്റായ തീരുമാനമെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നും ലീ പറയുന്നു.

തനിക്ക് കൗമാരപ്രായമായത് മുതൽ പിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്നും അതിൽ നിന്നുമുണ്ടായ അരക്ഷിത ബോധമാണ് തന്നെ വർഷങ്ങൾക്ക് ശേഷം ലിംഗമാറ്റ ശസ്ത്രക്രിയയിലെത്തിച്ചതെന്നും ലീ വിശദീകരിക്കുന്നു. അതായത് തനിക്ക് യോനിയില്ലെങ്കിൽ താൻ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന മാനസിക പ്രശ്നത്തെ തുടർന്നാണ് താൻ സ്ത്രീ ലിംഗത്തിൽ നിന്നും സർജറിയിലൂടെ മോചനം നേടിയതെന്നും അത് തെറ്റായിരുന്നുവെന്ന് ഇപ്പോൾ നിരന്തരം ബോധ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും ലീ പറയുന്നു.

സ്ത്രീയായി മാറുന്നതിനുള്ള ശസ്ത്രക്രിയക്കായി എൻഎച്ച്എസിൽ രജിസ്ട്രർ ചെയ്ത് കാത്തിരിക്കുകയാണ് നിലവിൽ ലീ. താൻ പുരുഷശരീരത്തിൽ പെട്ട് പോയ വീർപ്പ് മുട്ടലാണ് ഇപ്പോഴുള്ളതെന്നും ലീ വെളിപ്പെടുത്തുന്നു.