സ്‌പൈസ് ഗേൾസ് എന്ന പോപ്പ് ബാൻഡിലൂടെയാണ് വിക്ടോറിയ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന്റെ ഹൃദയത്തിൽ ചേക്കേറിയത്. കുറച്ചുകാലംകൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയ സ്‌പൈസ് ഗേൾസ് പിന്നീട വേർപിരിഞ്ഞു. ഇപ്പോഴിതാ അവർ വീണ്ടും ഒരുമിക്കുകയാണ്. നാലുകുട്ടികളുടെ അമ്മയായ വിക്ടോറിയ ഇല്ലാതെയാണ് ഈ ഒത്തുകൂടൽ. അടുത്ത വർഷം ജൂൺ ഒ്ന്നുമുതൽ 15 വരെ ബ്രിട്ടനിൽ പല ഭാഗത്തായി 12 ഇടത്ത് സ്‌പൈസ് ഗേൾസിന്റെ പ്രകടനം കാണാം.

എമ്മ ബൺടൺ, മെൽ സി, മെൽ ബി, ഗെറി ഹോണർ എന്നിവരാണ് വീണ്ടും ഒത്തുചേരുന്നത്. ജൂൺ ഒന്നിന് മാഞ്ചസ്റ്ററിൽ തുടങ്ങി 15-ന് ലണ്ടനിലവസാനിക്കുന്ന സംഗീത പര്യടനത്തിന്റെ ടിക്കറ്റുകൾ ശനിയാഴ്ച രാവിലെ മുതൽ വില്പന തുടങ്ങും. ഏറെക്കാലമായി ആരാധകർ കൊതിക്കുന്ന ഈ ഒത്തുചേരലിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ പണത്തിന്റെ ആവശ്യമുള്ളതുകൊണ്ടാണ് ഇവർ ഒന്നിക്കുന്നതെന്ന വിമർശനവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പണ്ട് സ്‌പൈസ് ഗേൾസിനാൽ ആവേശംകൊണ്ടിട്ടുള്ള ആരാധകർ പ്രതീക്ഷയിലാണ്.

ബാൻഡ് പിരിഞ്ഞശേഷം മുമ്പും സ്‌പൈസ് ഗേൾസ് ഇതുപോലെ ഒരുമിച്ചിട്ടുണ്ട്. 2007-2008 കാലത്ത് 47 ദിവസം നീണ്ട റിട്ടേൺ ഓഫ് സ്‌പൈസ്‌ഗേൾസ് വേൾഡ് ടൂറിനുവേണ്ടിയും 2012 ഒളിമ്പിക്‌സിനുവേണ്ടിയുമായിരുന്നു അത്. എന്നാൽ, മധ്യവയസ്സിലെത്തിയ താരങ്ങൾക്ക് എത്രത്തോളം ആരാധക പിന്തുണ കിട്ടുമെന്ന സംശയവും ഇപ്പോഴുണ്ട്. മെൽ ബിക്ക് 43-ഉം എമ്മയ്ക്ക് 42-ഉം ഗെറിക്ക് 46-ഉം മെൽ സിക്ക് 44-ഉം വയസ്സായി. വിക്ടോറിയ ഇല്ലെന്നതും കൂടിച്ചേരലിന്റെ പോരായ്മയായി ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, പരിപാടിക്ക് തന്റെ പൂർണ പിന്തുണയുണ്ടെന്ന് വിക്ടോറിയ അറിയിച്ചു. സ്‌പൈസ് ഗേൾസിന്റെ ഭാഗമായിരുന്നതാണ് ജീവിതത്തിൽ തന്റെ ഏറ്റവും വലിയ വിജയമെന്ന് പറഞ്ഞ വിക്ടോറിയ മറ്റുനാലുപേർക്കും ആരാധകരുടെ പൂർണ പിന്തുണയുണ്ടാകണെമന്നും അഭ്യർത്ഥിച്ചു. പണ്ടത്തെയും ഇപ്പോഴത്തെയും ആരാധകരെ ആവേശം കൊള്ളിക്കാൻ എമ്മയ്ക്കും സംഘത്തിനുമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. ജൂണിലെ സംഗീത പര്യടനം ഇവർ നാലുപേർക്കും 10 ദശലക്ഷം പൗണ്ടുവീതം നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയിലൂടെയാണ് താരങ്ങൾ അവരുടെ ഒരുമിക്കൽ പ്രഖ്യാപിച്ചത്. വീണ്ടും ഒരുമിക്കുന്നുവെന്നത് തങ്ങളെ ഇപ്പോൾത്തന്നെ ആവേശഭരിതരാക്കുന്നതായി അവർ വീഡിയോയിൽ പറയുന്നു. സ്ത്രീശക്തിയുടെയും സൗഹൃദത്തിന്റെയും വേദികളായിരിക്കും അടുത്ത ജൂണിൽ ഉണ്ടാവുകയെന്നും വീഡിയോ പ്രഖ്യാപിക്കുന്നു.