ഫൈവ് പാം ജുമെയ്‌റയിൽ അവധിയാഘോഷിക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം ദുബായിലേക്ക് പോയ 30-കാരിയായ ബ്രിട്ടീഷ് നഴ്‌സിനെ കാത്തിരുന്നത് മരണം. വിമാനത്തിൽവെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായ അവർക്ക് വിമാനത്താവളത്തിലെത്തി ടാക്‌സിയിൽ ഹോട്ടലിലേക്ക് പോകവെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെവെച്ച് വീണ്ടും ഹൃദ്രോഗമുണ്ടായ അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷാർലറ്റ് കാർട്ടർ എന്ന നഴ്‌സാണ് ദുബായിൽ മരിച്ചത്. ഒക്ടോബർ 29-നാണ് രണ്ട് സഹപ്രവർത്തകർക്കൊപ്പം ഗാറ്റ്‌വിക് വിമാനത്താവളത്തിൽനിന്ന് ഗേൾസ് ഹോളിഡേ ആഘോഷിക്കാൻ ഷാർലറ്റ് ദുബായിലേക്ക് തിരിച്ചത്. ഷാംപെയ്‌നൊക്കെ കുടിച്ച് ആഘോഷത്തോടെ യാത്ര തുടങ്ങിയ ഷാർലറ്റിന് അല്പം കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.അത് വകവെക്കാതിരുന്ന അവർക്ക് ദുബായിലെത്തി കാറിൽ സഞ്ചരിക്കവെ ഹൃദയാഘാതമുണ്ടാവുകയും തുടർന്ന് ആശുപത്രിയിലാവുകയുമായിരുന്നു.

സൗത്ത് വെയ്ൽസിലെ സ്വാൻസിയിൽനിന്നുള്ള ഷാർലറ്റ് ട്രാവൽ ഇൻഷുറൻസ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. ദുബായിലെ ആശുപത്രി ബില്ലുകളും മറ്റ് ചെലവുകളും തീർത്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് 30,000 പൗണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് വീട്ടുകാർ. ഷാർലറ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം കണ്ടെത്തുന്നതിനായി അവരുടെ സുഹൃത്ത് മേഗൻ ബോയെസ് ക്രൗഡ് ഫണ്ടിങ് പേജിൽ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.

ട്രാവൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആശുപത്രിച്ചെലവുകളും മറ്റു ചെലവുകളും കുടുംബം വഹിക്കേണ്ട അവസ്ഥയാണെന്നും അവരെ സായിക്കുന്നതിന് സുമനസ്സുകൾ മുന്നോട്ടുവരണമെന്നും മേഗൻ ബോയെസ് അഭ്യർത്ഥിക്കുന്നു. മനോരോഗികളെ ചികിത്സിക്കുന്ന നഴ്‌സായിരുന്നു ഷാർലറ്റ്. ജോലിയിൽ അങ്ങേയറ്റത്തെ ജാഗ്രതയും സൂക്ഷ്മതയും പുലർത്തുന്ന സ്വഭാവക്കാരിയായിരുന്നു ഷാർലറ്റെന്നും ക്രൗഡ്ഫണ്ടിങ് പേജിൽ നൽകിയ വിവരണത്തിൽ മേഗൻ വ്യക്തമാക്കുന്നു.

സുഹൃത്തായ കെയ്റ്റ് ജോർജിനെ സന്ദർശിക്കുന്നതിനുവേണ്ടിയാണ് ഷാർലറ്റും മറ്റു രണ്ട് സുഹൃത്തുക്കളുംകൂടി ദുബായിലേക്ക് പോയത്. ദുബായിൽ ഷാർലറ്റുമായി അവധിയാഘോഷിക്കാൻ കാത്തുനിൽക്കുകയായിരുന്നു താനെന്ന് കെയ്റ്റ് പറഞ്ഞു. ഷാർലറ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫോറിൻ ഓഫീസ് ആൻഡ് കോമൺവെൽത്തിന്റെ വക്താവ് പറഞ്ഞു.