യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് അംഗരാജ്യങ്ങളിലേക്ക് യഥേഷ്ടം കുടിയേറാമെന്ന നിയമത്തിന്റെ മറപിടിച്ച് കിഴക്കൻ യൂറോപ്പിൽനിന്നുണ്ടായ കുടിയേ്റ്റം പരിധിവിട്ടതോടെയാണ് ബ്രിട്ടീഷുകാർ എന്തിന് യൂറോപ്പിൽ തുടരണമെന്ന് ചിന്തിക്കാൻ തുടങ്ങിയത്. ഈ ചർച്ചകൾ ചൂടുപിടിക്കുകയും സർക്കാർ ഹിതപരിശോധന നടത്താൻ നിർബന്ധിതരാവുകയും ചെയ്തു. 2016 ജൂൺ 23-ന് നടന്ന ഹിതപരിശോധന യൂറോപ്യൻ യൂണിയനെ കൈവിടാമെന്ന ബ്രെക്‌സിറ്റ് തീരുമാനം ശരിവെയ്ക്കുകയും ചെയ്തു.

രണ്ടരവർഷത്തോളം കഴിയുമ്പോഴും യൂറോപ്യൻ യൂണിയനും ബ്രിട്ടനുമായുള്ള ബ്രെക്‌സിറ്റ് ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. 2019 മാർച്ചിൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, അതിനകം യൂറോപ്പുമായി കരാറിലെത്താനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്കുപോലും ഉറപ്പില്ല. ചർച്ചകൾ അനിശ്ചിതമായി നീളുന്നതും ബ്രെക്‌സിറ്റ് വന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആശങ്കയും ബ്രിട്ടീഷുകാരുടെ മനസ്സുമാറ്റിയെന്നാണ് ഇപ്പോഴത്തെ സൂചനകൾ.

ഹിതപരിശോധനയ്ക്കുശേഷം നടന്ന ഏറ്റവും വലിയ സർവേയിൽ അക്കാര്യം വ്യക്തമാകുന്നുണ്ട്. ഹിതപരിശോധനയിൽ 52 ശതമാനം പേരാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടണമെന്ന അഭിപ്രായം രേഖപ്പെടുത്തിയതെങ്കിൽ, ഏറ്റവും പുതിയ സർവേയിൽ 54 ശതമാനം പേർ മറിച്ചുചിന്തിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണ് ചാനൽ ഫോറിനുവേണ്ടി സർവേഷൻ നടത്തിയ സർവേയിൽ 54 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ഹിതപരിശോധനയുടെ കാലത്തുനിന്നും ബ്രിട്ടീഷുകാരുടെ മനസ്് വളരെയേറെ മാറിക്കഴിഞ്ഞതായി ഈ സർവേ വ്യക്തമാക്കുന്നു. 20,000-ത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. ഹിതപരിശോധനയുടെ ഘട്ടത്തിൽ ബ്രെക്‌സിറ്റിനെ 262 കൗൺസിലുകൾ പിന്തുണച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ സർവേയിൽ അത് 157 ആയി കുറഞ്ഞു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽത്തന്നെ തുടരണമെന്ന് വിധിയെഴുതിയ കൗൺസിലുകളുടെ എണ്ണം 116-ൽനിന്ന് 221 ആയി ഉയരുകയും ചെയ്തു.

ബ്രെക്‌സിറ്റ് തീരുമാനത്തിൽ ജനങ്ങളുടെ പ്രതീക്ഷയാകെ തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് സർവേ ഫലങ്ങൾ. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷകരമാണെന്ന് 44 ശതമാനം പേർ വിശ്വസിക്കുന്നു. 31 ശതമാനം ഗുണകരമാണെന്ന് കരുതുമ്പോൾ, വ്യത്യാസമുണ്ടാക്കില്ലെന്ന് അഭിപ്രായപ്പെടുന്ന 14 ശതമാനം പേരുണ്ട്.

എൻഎച്ച്എസിന് ദോഷകരമാണെന്ന് കരുതുന്നവർ 36 ശതമാനമാണ്. ന്ല്ലതാണെന്ന് കരുതുന്നവർ 30 ശതമാനവും. വ്യക്തിപരമായ സാമ്പത്തിക നിലയെ ബ്രെക്‌സിറ്റ് ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന 38 ശതമാനം പേരുണ്ട്. ബ്രെക്‌സിറ്റ് സ്വന്തം പോക്കറ്റിന് നല്ലതാണെന്ന് കരുതുന്ന 16 ശതമാനം പേരേയുള്ളൂ. 33 ശതമാനംപേർ വ്യത്യാസമുണ്ടാക്കില്ലെന്നും കരുതുന്നു.