ബ്രസീലിലെ പ്രശസ്തമായ നിതംബ സൗന്ദര്യ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനിടെ 'ഒറിജിനാലിറ്റി'യെച്ചൊല്ലി മത്സരാർഥികൾ തമ്മിൽ അടിപിടി. ജേതാവായ യുവതിയുടെ റിബൺ വലിച്ചുകീറിയെറിഞ്ഞ മറ്റൊരു മത്സരാർഥി, തന്റെ നിതംബം മാത്രമാണ് യഥാർഥമെന്നും ബാക്കിയുള്ളതെല്ലാം സിലിക്കോൺ കുത്തിനിറച്ച് ആകൃതിമാറ്റിയതാണെന്നും അവകാശപ്പെട്ടു.

സാവോ പോളോയിലെ ക്ലബ് ഈസിയിലായിരുന്നു മിസ് ബംബം മത്സരത്തിന്റെ ഫലപ്രഖ്യാപനം. വേദിയിൽ മത്സരാർഥികൾ നിരന്നുനിൽക്കെ, റൊറെയ്മ സംസ്ഥാനത്തെ പ്രതിനിധീകരിച്ച എലെൻ സന്റാനയെ വിജയിയാി പ്രഖ്യാപിച്ചു. എലന് വിജയിയുടെ റിബൺ അണിയിക്കുകയും ചെയ്തു. പൊടുന്നനെയാണ് ആദ്യമൂന്ന് സ്ഥാനങ്ങളൊന്നും ലഭിക്കാതിരുന്ന അലീന ഊവ മുന്നോട്ടുവന്നതും എലന്റെ ശരീരത്തിൽനിന്ന് റിബൺ കീറിയെറിഞ്ഞതും.

എലൻ സന്റാനയുടേതിനെക്കാൾ വലുതും ആകൃതിയുള്ളതും തന്റെ നിതംബമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഊവയുടെ പ്രതിഷേധ പ്രകടനം. വിധിനിർണയം അട്ടിമറിച്ചാണ് എലനെ ജേതാവാക്കിയതെന്നും അവർ ആരോപിച്ചു. മത്സരത്തിൽ പങ്കെടുത്തവരിൽ ശസ്ത്രക്രിയ നടത്തി പിൻഭാഗത്ത് സിലിക്കോൺ നിറയ്ക്കാത്ത ഒരേയൊരാൾ താനാണെന്നും അവർ അവകാശപ്പെട്ടു. ഫൈനലിന് മുമ്പ് നടത്തിയ പബ്ലിക് വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഊവയ്ക്കായിരുന്നു.

യഥാർഥത്തിൽ കിരീടം അർഹിക്കുന്നത് തനിക്കായതുകൊണ്ടാണ് റിബൺ വലിച്ചെടുത്തതെന്ന് ഊവ പിന്നീട് പറഞ്ഞു. ബ്രസീൽ സ്ത്രീകളെ പ്രശസ്തരാക്കുന്ന സ്വാഭാവിക നിതംബസൗന്ദര്യം തനിക്കാണെന്നും അവർ പറഞ്ഞു. ആദ്യമൂന്ന് സ്ഥാനങ്ങളിലെത്തിയവരുടെ നിതംബങ്ങൾ സിലിക്കോൺ നിറച്ച കൃത്രിമമായി രൂപപ്പെടുത്തിയതാണെന്നും അവരെ ജേതാക്കളായി പ്രഖ്യാപിക്കുന്നത് അനീതിയാണെന്നും ഊവ പറഞ്ഞു.

തന്റെ റിബൺ വലിച്ചെടുത്തെങ്കിലും തന്നിൽനിന്ന് കിരീടം തട്ടിപ്പറിക്കാൻ ഊവയ്ക്കാവില്ലെന്ന് എലൻ തിരിച്ചടിച്ചു. തന്റെ നിതംബമാണ് ഏറ്റവും ആകൃതിയുള്ളതെന്നതുകൊണ്ടാണ് തന്നെ ജേതാവായി തിരഞ്ഞെടുത്തത്. ഊവയുടെ പ്രതിഷേധം സമ്മാനം കിട്ടാത്ത നിരാശയിൽനിന്നുണ്ടായതാണെന്നും അവർ പറഞ്ഞു.

ഊവയുടെ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു ഫലപ്രഖ്യാപനമെന്നും വാദമുണ്ട്. മത്സരത്തിൽ മൂന്നാം ്ഥാനം കിട്ടിയ പൗള ഒലീവിയ ഒരു ട്രാൻസ്‌ജെൻഡറാണ്. ആറുവർഷം മുമ്പ് ലിംഗമാറ്റശസ്ത്രക്രിയ നടത്തിയാണ് ഇവർ സ്ത്രീയായത്. ജന്മനാ സ്ത്രീകളായവർക്കുമാത്രമുള്ളതാണ് മത്സരമെന്നും ശസ്ത്രക്രിയകൾക്ക് വിധേയരായവരെ പുറത്താക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.