ലണ്ടൻ: ബ്രസൽസിൽ നിന്നും സങ്കീർണമായ ചർച്ചകളിലൂടെ ഒരു ബ്രെക്സിറ്റ് ഡീൽ നേടിയെടുക്കാൻ പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് സാധിച്ചെങ്കിലും അത് തന്റെ കാബിനറ്റിലും പാർലിമെന്റിലും അവതരിപ്പ് പിന്തുണ നേടിയെടുക്കാൻ അവർ കടുത്ത വെല്ലുവിളികൾ അനുവദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് തെരേസയെയും ബ്രെക്സിറ്റിനെയും സംബന്ധിച്ച് ഇന്ന് അതി നിർണായകമായ ദിനമാണ്. നോർത്തേൺ അയർലണ്ടിനെ യൂറോപ്പിന്റെ ഭാഗമാക്കി നിലനിർത്തുന്ന കരാറുമായി ഇന്ന് മെയ്‌ കാബിനറ്റിന് മുന്നിലെത്താൻ പോവുകയാണ്.

അതിനിടെ തെരേസയുടെ നാളുകൾ എണ്ണിയെന്ന് മുന്നറിയിപ്പുമായി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ബ്രെക്സിറ്റ് ഡീലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരു പോലെ വാളെടുക്കുമ്പോൾ രാജി വച്ച് രക്ഷപ്പെടാൻ പ്രധാനമന്ത്രി ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.ഡീലിനെക്കുറിച്ച് ആലോചിക്കുന്നതിനായി അടിയന്തിരമായി മൂന്ന് മണിക്കൂർ കാബിനറ്റ് മീറ്റിങ് ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്നുണ്ട്. പ്രശ്നകലുഷിതമായി യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നത് ഒഴിവാക്കുന്നതിനായി ഈ ഡീലിനെ അംഗീകരിക്കുകയോ അല്ലെങ്കിൽ ഡീലുമായി മുന്നോട്ട് പോകുന്നത് നിർത്തി വയ്ക്കാനായി വോട്ട് ചെയ്യുകയോ ചെയ്യണമെന്നാണ് തെരേസ അഭ്യാർത്ഥിക്കുന്നത്.

താൻ ചർച്ചകളിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നും നേടിയെടുത്തിരിക്കുന്ന ഡീലിനെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് തെരേസ മെയ്‌ ഓരോ മന്ത്രിമാരെ പ്രത്യേകം പ്രത്യേകം വിളിച്ച് അഭ്യർത്ഥിച്ചിട്ടുണ്ട്.എന്നാൽ നോർത്തേൺ അയർണ്ടിനെ യൂറോപ്പിന്റെ ഭാഗമാക്കി നിലനിർത്തുന്ന കരാറാണ് നടപ്പിലാക്കുന്നതെങ്കിൽ രാജി വയ്ക്കുമെന്ന ഭീഷണിയുമായി നിരവധി മന്ത്രിമാർ അതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ നോർത്തേൺ അയർലണ്ടിനെ ഇത്തരത്തിൽ നിലനിർത്തുന്നതിലൂടെ ആ രാജ്യം സുരക്ഷിതമാകുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് വിശ്വസിക്കുന്നത്. എന്നാൽ ഇതിനെതിരെ യൂറോപ്യൻ യൂണിയൻ വിരുദ്ധ മന്ത്രിമാരാണ് തുടർച്ചയായി രാജി ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ പേരിന് മാത്രം ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് നിരവധി മന്ത്രിമാർ ഇന്ന് രാജി വയ്ക്കുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.പുതിയ ബ്രെക്സിറ്റ് ഡീലിന് എതിരെ ബ്രെക്സിറ്റർമാർ കടുത്ത രീതിയിലാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ഡീൽ നടപ്പിലാക്കുന്നതിന് തടസപ്പെടുത്തണമെന്നാണ് അവർ കാബിനറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.യുകെയ്ക്ക് യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം നിലനിർത്താൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെങ്കിൽ അവരുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന കടുത്ത മുന്നറിയിപ്പുമായി ഇയാൻ ഡൻകൻ സ്മിത്ത് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

യൂറോപ്യൻ യൂണിയനെ എതിർക്കുന്ന എംപിമാർ ഒരുമിക്കുകയും അതിനെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി പിന്തുണയ്ക്കുകയും ചെയ്താൽ പാർലിമെന്റിലൂടെ ഈ ഡീൽ പാസാക്കിയെടുക്കുകയെന്ന തെരേസയുടെ മോഹം വ്യഥാവിലാകുമെന്നുറപ്പാണ്. ഡിയുപിയുടെ പിന്തുണയോടെയാണ് തെരേസ സർക്കാർ നിലനിൽക്കുന്നതെന്നതിനാൽ ആ പാർട്ടിയുടെ പിന്തുണ ബ്രെക്സിറ്റ് വിഷയത്തെ ചൊല്ലി ഇല്ലാതായാൽ പിന്നീട് സർക്കാർ നിലനിൽക്കാൻ യാതൊരു സാധ്യതയുമില്ല. നോർത്തേൺ അയർലണ്ടിനെയും യുകെയുടെ ശേഷിക്കുന്ന ഭാഗങ്ങളെയും ബ്രെക്സിറ്റ് വിഷയത്തിൽ വേറെ വേറെ ട്രീറ്റ് ചെയ്യുന്നതിൽ ഡിയുപിക്ക് കടുത്ത എതിർപ്പാണുള്ളത്.

എന്നാൽ എൻവയോൺമെന്റ് സെക്രട്ടറിയും ലീവ് ക്യാമ്പയിൻ നേതാവുമായ മൈക്കൽ ഗോവിനെ പോലുള്ള നേതാക്കൾ പുതിയ ഡീലിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ലേബർ നേതാവ് ജെറമി ഹണ്ട്, സാജിദ് ജാവിദ്, ജിയോഫ്രെ കോക്സ്, ആൻഡ്രിയ ലീഡ്സം, ക്രിസ് ഗ്രേയ്ലിങ് എന്നിവർ ഈ ഡീലിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.