ന്ത്യൻ വംശജയായ ഫാർമസിസ്റ്റ് ജസീക്കയെ ഭർത്താവ് മിതേഷ് പട്ടേൽ കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സ്വവർഗാനുരാഗിയായ മിതേഷ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ താമസിക്കുന്ന കാമുകൻ അമിത് പട്ടേലിനൊപ്പം ജീവിക്കുന്നതിനുവേണ്ടിയാണ് ഭാര്യയെ ഒഴിവാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പേരിലുള്ള ഇരുപതുലക്ഷം പൗണ്ടിന്റെ ഇൻഷുറൻസ് തുക സ്വന്തമാക്കാനും മിതേഷ് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

ജസീക്കയോട് ഒരു കുഞ്ഞിന് ജന്മം നൽകാനും മിതേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഐവിഎഫ് ചികിത്സ സ്വീകരിക്കാനും അയാൾ പദ്ധതിയിട്ടിരുന്നു. സിഡ്‌നിയിൽ അമിത്തുമായി ജീവിക്കുമ്പോൾ വളർത്തുന്നതിനുവേണ്ടിയായിരുന്നു ഈ കുഞ്ഞിനെ മിതേഷ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഗർഭിണിയാകാൻ ജെസ്സീക്ക വിസമ്മതിച്ചതും മിതേഷിന്റെ പക ഇരട്ടിയാകാൻ ഇടയാക്കി. സ്വവർഗാനുരാഗിയായ മിതേഷ് പുരുഷസുഹൃത്തുക്കളുമായി ബന്ധം പുലർത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ജെസ്സീക്ക പലപ്പോഴും എതിർപ്പ് അറിയിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

ജെസ്സീക്കയും മിതേഷും ചേർന്നാണ് മിഡിൽസ്ബറോയിലെ ലിൻതോർപ്പിൽ ഫാർമസി നടത്തിയിരുന്നത്. ജെസ്സീക്കയെ ഇല്ലാതാക്കാൻ ഇയാൾ നേരത്തെതന്നെ പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. മിതേഷിന്റെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കിൽനിന്ന് ഭാര്യയെ വധിക്കാനുള്ള പലതരം പദ്ധതികൾ ഇയാൾ തിരഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തി. എനിക്ക് ഭാര്യയെ കൊല്ലണം, ഇൻസുലിൻ ഓവർഡോസ്, ഭാര്യയെ കൊല്ലുന്നതിന് സഹായിയെ വേണോ, വാടകക്കൊലയാളിയെ എവിടെക്കിട്ടും ഒരാളെ കൊല്ലുന്നതിന് എത്ര മെത്തഡോൺ വേണം തുടങ്ങിയ കാര്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ടെസ്‌കോയിൽനിന്ന് ലഭിച്ച ബാഗ് കഴുത്തിൽകുരുക്കിയാണ് ജെസ്സീക്കയെ മിതേഷ് കൊലപ്പെടുത്തിയത്. എന്നാൽ, മരണവെപ്രാളത്തിൽ ജെസ്സീക്ക മിതേഷിന്റെ ശരീരത്തിൽ മാന്തിയത് പൊലീസിനെ അന്വേഷണത്തിൽ സഹായിച്ചു. ജെസ്സീക്കയുടെ നഖങ്ങൾക്കിടയിൽനിന്ന് ലഭിച്ച തൊലിയും മറ്റും മിതേഷിന്റേതാണെന്ന കണ്ടെത്താൻ പൊലീസിനായി. ഭാര്യയെ കൊലപ്പെടുത്തിയശേഷം അടുത്തുള്ള റൊമാനോ ടേക്ക് എവേയിൽനിന്ന് പിസ ഓർഡർ ചെയ്ത മിതേഷ് അസ്വാഭാവികമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചിരുന്നു.

പിന്നീട് വീടാകെ അലങ്കോലമാക്കിയ മിതേഷ് കവർച്ചാസംഘത്തിന്റെ ആക്രമണത്തിലാണ് ജെസ്സീക്ക കൊല്ലപ്പെട്ടതെന്ന് തോന്നിപ്പിക്കാനും ശ്രമിച്ചു. എന്നാൽ, തനിക്ക് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ മിതേഷ് അടുക്കി സൂക്ഷിച്ചിരുന്നതും മറ്റും പൊലീസിന് സംശയമുണ്ടാക്കി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മിതേഷ് സത്യം പറഞ്ഞത്. ജെസ്സീക്കയുടെ പേരിൽ പല ഇൻഷുറൻസ് പോളിസികളും മിതേഷ് എടുത്തിരുന്നുവെന്നും ഇരുപതുലക്ഷം പൗണ്ടെങ്കിലും ഈ രീതിയിൽ സ്വന്തമാക്കാനായിരുന്നു പദ്ധതിയെന്നും ടീസൈഡ് ക്രൗൺകോർട്ടിലെ വിചാരണയിൽ പ്രോസിക്യൂട്ടർ നിക്കോളാസ് കാംബെൽ പറഞ്ഞു.