ലണ്ടൻ: വെള്ളക്കാരി പെൺകുട്ടികളെ കെണിയിൽവീഴ്‌ത്തി ലൈംഗികപീഡനത്തിന് വിധേയരാക്കിയ ആറംഗ ഏഷ്യൻ സംഘത്തിന് ഇനി ആയുഷ്‌കാലം ജയിലിൽ കഴിയാം. റോതറാമിൽ അഞ്ച് പെൺകുട്ടികളെ 1998 മുതൽ 2005 വരെയുള്ള കാലയളവിൽ പലപ്പോഴായി ലൈംഗികപീഡനത്തിന് വിധേയരാക്കിയ ഗ്യാങ്ങിനെ ഒട്ടാകെ 101 വർഷത്തേക്കാണ് ഷെഫീൽഡ് ക്രൗൺ കോടതി ശിക്ഷിച്ചത്.

ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികളെ കണ്ടെത്തി അവരെ വശത്താക്കുകയും പാർക്കുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിലുമെത്തിച്ച് ദുരുപയോഗം ചെയ്യുകയായിരുന്നു ഇവരുടെ രീതി. 16 വയസ്സിൽത്താഴെ പ്രായമുള്ള അഞ്ച് പെൺകുട്ടികളാണ് ഇവരുടെ കെണിയിൽ വീണത്. ഇതിലൊരു പെൺകുട്ടിക്ക് 100-ലേറെ പുരുഷന്മാരുമായി ശയിക്കേണ്ടിവന്നതായും അന്വേഷണോദ്യോഗസ്ഥർ പറയുന്നു.

ഷെഫീൽഡിൽനിന്നും റോതറാമിൽനിന്നുമുള്ളവരാണ് ആറ് പ്രതികളും. ബലാത്സംഗവും ലൈംഗികാതിക്രമവും ചുമത്തിയാണ് നബീൽ ഖുർഷിദ്, മുഹമ്മദ് ഇമ്രാൻ അലി അക്തർ, ആസിഫ് അലി, തൻവീർ അലി, ഇഖ്‌ലഖ് യൂസഫ്, സാല അഹമ്മദ് എൽ ഹക്കം എന്നിവരെ കോടതി ശിക്ഷിച്ചത്. പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയും അവരെ പ്രലോഭിപ്പിച്ചുമാണ് ഇവർ ഇംഗിതം നിറവേറ്റിയിരുന്നത്. നൂറിലേറെ യുവാക്കളുമായി ബന്ധം പുലർത്തേണ്ടിവന്നുവെന്ന് ഒരു പെൺകുട്ടി കോടതിയിൽ മൊഴിനൽകിയപ്പോൾ, കൊടുംകാട്ടിൽ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു മറ്റൊരു പെൺകുട്ടിയുടെ മൊഴി.

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത നടപടികളാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജ് സാറ റൈറ്റ് പറഞ്ഞു. തീർത്തും ദുർബലകളായ പെൺകുട്ടികളെയാണ് നിങ്ങൾ ഇരകളാക്കിയത്. കൗമാരപ്രായത്തിലുണ്ടായ ഈ ദുരനുഭവങ്ങൾ ജീവിതകാലം മുഴുവൻ ആ പെൺകുട്ടികളെ വേട്ടയാടുമെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി. ഏഷ്യൻ വംശജരായ യുവാക്കളുമായി സൗഹൃദം സ്ഥാപിക്കാനെത്തിയ പെൺകുട്ടികളെയാണ് നിങ്ങൾ നശിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഹമ്മദ് ഇമ്രാൻ അക്തറായിരുന്നു സംഘത്തലവനെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കും നബീൽ ഖുർഷിദിനും വിവിധ കുറ്റങ്ങളിലായി ആജീവനാന്ത തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ആസിഫ് അലിക്ക് 10 വർഷവും തൻവീർ അലി്ക് 14 വർഷവും ശിക്ഷ വിധിച്ചു. ഇഖ്‌ലഖ് യൂസഫിന് 20 വർഷവും സാല അഹമ്മദിന് 15 വർഷവും ജയിലിൽ കിടക്കേണ്ടിവരും. ബ്രിട്ടനിൽ സമാനമായ സംഭവങ്ങളിൽ ഏഷ്യൻ വംശജരുടെ ഗ്യാങ്ങുകൾ നേരത്തെയും പിടിയിലായിരുന്നു.

റോക്ക്‌ഡേലിൽ ഒമ്പതുപേരടങ്ങുന്ന സംഘത്തെ ശിക്ഷിച്ചപ്പോൾ ന്യൂകാസിലിൽ 17 പേരുടെ സംഘത്തെയാണ് ശിക്ഷിച്ചത്. ഓക്‌സ്ഫഡിലും ബ്രിസ്റ്റളിലും എയ്ൽസ്ബറിയിലും പീറ്റർബറോയിലുമൊക്കെ ഏഷ്യൻ റേപ്പ് ഗ്യാങ്ങുകൾ ശിക്ഷിക്കപ്പെട്ടിരുന്നു.