ദുബായ്: യുഎഇയിലെ അൽ അയ്നിൽ വച്ച് മൊറോക്കോക്കാരി തന്റെ കാമുകനെ അതിക്രൂരമായി വകവരുത്തിയ വാർത്തയിൽ അറബ് രാജ്യങ്ങളിലുള്ളവർ ഞെട്ടിത്തരിച്ചരിക്കുന്നുവെന്ന് റിപ്പോർട്ട്.

വേറെ കല്യാണം കഴിക്കാൻ വേണ്ടി നാട്ടിൽ പോകുമെന്ന് പറഞ്ഞ കാമുകനെ ഈ കാമുകി വെട്ടിനുറുക്കി മിക്സിയിലിട്ടടിച്ച് ഗൾഫ് വിഭവമായ മാച്ച്ബൂസാക്കി പാക്കിസ്ഥാനികൾക്ക് വിളമ്പുകയായിരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തന്നെ ഏഴ് വർഷമായി പ്രണയിക്കുന്ന കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഈ യുവതി അതിക്രൂരമായ കൊലയ്ക്ക് തുനിഞ്ഞതെന്ന് ഈ കേസിന്റെ വിചാരണക്കിടെ പ്രോസിക്യൂട്ടർമാർ ബോധിപ്പിച്ചിരിക്കുന്നു. യുവതിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

മുൻകാമുകനെ കൊന്ന ശേഷം അയാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ചെറുതാക്കുന്നതിനായി യുവതി ഒരു ബ്ലെൻഡർ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് തന്റെ വീടിനടുത്ത് ജോലി ചെയ്യുന്ന പാക്കിസ്ഥാനി തൊഴിലാളികൾക്ക് കാമുകന്റെ മാംസം മച്ച്ബൂസ് രൂപത്തിൽ വിളമ്പുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ബിരിയാണിക്ക് സമാനമായി റൈസും മാംസവും കലർത്തിയുണ്ടാക്കുന്ന ഒരു പരമ്പരാഗത ഗൾഫ് വിഭവമാണിത്. തന്റെ സഹോദരനെ കാണാതായെന്ന് ഇയാളുടെ സഹോദരൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു പൊലീസ് ഈ കേസ് അന്വേഷണം തുടങ്ങിയത്.

തന്റെ സഹോദരനും കാമുകിയും വസിക്കുന്ന വീട്ടിൽ കാണാതായ സഹോദരനെ കണ്ടെത്താമെന്ന് പ്രതീക്ഷിച്ചാണ് പരാതി നൽകിയ സഹോദരൻ എത്തുകയായിരുന്നു. താൻ കാമുകനെ പുറത്താക്കിയെന്നും അയാൾ എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു കാമുകി വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മനുഷ്യന്റെ പല്ലുകൾ ഈ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. അധികം വൈകാതെ കാമുകി അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ താനാണ് കാമുകനെ കൊന്നതെന്ന് കാമുകി സമ്മതിക്കുകയായിരുന്നു.

താൻ കാമുകനെ വളരെ വർഷങ്ങളായി സാമ്പത്തികമായി സഹായിച്ച് വരുകയായിരുന്നുവെന്നും എന്നിട്ടും അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞപ്പോൾ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താൻ കൊലപാതകത്തിന് നിർബന്ധിതയാവുകയായിരുന്നുവെന്നും കാമുകി വെളിപ്പെടുത്തിയിരുന്നു.

കാമുകന്റെ മൃതദേഹം ഉപേക്ഷിക്കാൻ താൻ ഒരു സുഹൃത്തിന്റെ സഹായം തേടിയിരുന്നുവെന്നും എന്നാൽ അയാൾ അതിന് തയ്യാറാവാത്തതിനെ തുടർന്ന് സ്വയം ഇതിന് മുതിരുകയായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം ഈ കേസിന്റെ കോടതിയിലെ വിചാരണ തിയതി തീരുമാനിക്കുന്നതാണെന്നാണ് റിപ്പോർട്ട്.