നോർത്ത് യോർക്ക്ഷെയറിലെ നോർത്താലെർട്ടണിലെ വീട്ടിലെ മുറി വൃത്തിയാക്കുന്നതിനിടെ അമ്പത് വർഷം മുമ്പ് മരിച്ച കുഞ്ഞിന്റെ മൃതദേഹം മമ്മിഫൈ ചെയ്ത നിലയിൽ കണ്ടെത്തി. കരോൾ തോംപ്സൻ എന്ന സ്ത്രീ മരിച്ചതിന് ശേഷം അവരുടെ മുറി മൂന്ന് മക്കളും കൂടി വൃത്തിയാക്കുന്നതിനിടയിലാണ് അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ സഹോദരന്റെ മൃതദേഹം കണ്ടെത്തി അവർ ഞെട്ടിപ്പോയത്. തോംപ്സന്റെ മകനും രണ്ട് പെൺകുട്ടികളുമാണ് ഈ ഞെട്ടിപ്പിക്കുന്ന കാഴ്ചക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നത്. വീട്ടിന്റെ സ്റ്റെയർകേസിന്റെ അടിയിലുള്ള കപ്ബോർഡിൽ നിന്നുമായിരുന്നു ഇവർ മൃതദേഹം അടങ്ങിയ കാർഡ്ബോർഡ് പെട്ടി കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹത്തിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തുകയും അത് കരോൾ തോംപ്സന്റെയും ഭർത്താവ് മെൽവിന്റേതുമായി പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ഈ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സഹോദരങ്ങൾ അത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് മൃതേദഹം കണ്ടെത്തിയ സംഭവത്തിന്റെ ഇൻക്വസ്റ്റ് നോർത്ത് യോർക്ക്ഷെയറിലെ നോർത്താലെർട്ടണിലെ സോൽബെർജ് ഹാളിലാണ് നടന്നത്. കരോൾ തോംപ്സന്റെയും മുൻ ഭർത്താവ് മെൽവിന്റെയും കുഞ്ഞിന്റെ മൃതദേഹമാണിതെന്ന് ഇൻക്വസ്റ്റിൽ ബോധ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മെൽവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.ഇത്തരത്തിൽ മൃതേദേഹം സൂക്ഷിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് ഡിറ്റെക്ടീവ് സെർജന്റ് മാത്യു വിൽകിൻസനാണ്. തന്റെ 25 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ കൈകാര്യം ചെയ്യുന്ന ഏറ്റവും അലോസരമുണ്ടാക്കിയ കേസാണിതെന്നാണ് അസിസിസ്റ്റന്റ് കൊറോണറായ ജോൺ ബ്രോഡ്ബ്രിഡ്ജ് വെളിപ്പെടുത്തിയിരിക്കുന്നത്.

കുടുംബത്തിലെ ആർക്കും ഇതിനെക്കുറിച്ച് ഇതുവരെ അറിവുണ്ടായിരുന്നില്ലെന്നാണ് വിൽകിൻസൻ പറയുന്നത്. കുടുംബത്തിലെ നിരവധി പേരെ ചോദ്യം ചെയ്തുവെങ്കിലും കുഞ്ഞിന്റെ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. മൃതദേഹത്തെ പൊതിഞ്ഞ തുണി പരിശോധിച്ചതിലൂടെ അത് 1950കൾക്ക് അവസാനമോ 1960കൾക്ക് ആദ്യമോ നിർമ്മിച്ചതാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

മൃതദേഹത്തിനൊപ്പമുള്ള കത്തുകളിലെ തിയതി 1968ലേതാണ്. കുട്ടി ജനിച്ചതിന് ശേഷമാണോ അതല്ല ഗർഭത്തിൽ വച്ച് തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് അസിസ്റ്റന്റ് കൊറോണറായ ജോൺ ബ്രോഡ്ബ്രിഡ്ജ് വെളിപ്പെടുത്തുന്നത്.