യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ഭാവിയിലെ വ്യാപാര ബന്ധം എത്തരത്തിലുള്ളതായിരിക്കുമെന്ന രാഷ്ട്രീയ പ്രഖ്യാപനം ഇന്നലെ തെരേസ മെയ്‌ നടത്തി. താൻ തയ്യാറാക്കിയിരിക്കുന്ന വ്യാപാരക്കരാറിലൂടെ യുകെയ്ക്ക് ബ്രെക്സിറ്റിന് ശേഷം സ്വന്തമായ ട്രേഡ് ഡീലുകളിൽ ഒപ്പ് വയ്ക്കാൻ സാധിക്കുമെന്നും തെരേസ വാഗ്ദാനം ചെയ്യുന്നു. ഇതിനെ തുടർന്ന് ബ്രിട്ടന് സ്വന്തമായി ബിസിനസ് കരാറുകളിൽ ഏർപ്പെടാനും സാധിക്കും. കൂടാതെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇനി ഇവിടെയെത്തി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുമെന്നും ഇതിൽ കൂടുതൽ എന്താണ് വേണ്ടതെന്നും തന്റെ എതിരാളികളോട് തെരേസ അഭിമാനത്തോടെ ചോദിക്കുന്നു. എന്നാൽ തെരേസയുടെ ഡീലിൽ പാതിയോളം എംപിമാരും അസംതൃപ്തരാണെന്നാണ് റിപ്പോർട്ട്.

തന്റെ ബ്രെക്സിറ്റ് ഡീലിനെ പൊതുജനവും ബിസിനസും പ ിന്തുണയ്ക്കുമെന്നാണ് തനിക്കെതിരെ ഈ ഡീലിന്റെ പേരിൽ മുന്നോട്ട് വന്നിരിക്കുന്ന വിമതപക്ഷത്തോട് തെരേസ വെളിപ്പെടുന്നത്. ബ്രെക്സിറ്റ് ഡീലിന്റെ രണ്ടാം പകുതിയിൽ തന്നെ തനിത്തക്ക് യൂറോപ്യൻ യൂണിയനുമായി കരാറിലെത്താൻ സാധിച്ചിരുന്നുവെന്നും തെരേസ അവകാശപ്പെടുന്നു. എന്നാൽ ഈ ഡീലിന് തന്റെ പാർട്ടിയിൽ നിന്നും അംഗീകാരം നേടിയെടുക്കുന്നതിനായി തെരേസ കടുത്ത പോരാട്ടമാണ് നടത്തുന്നത്. അതായത് ബാക്ക് ബെഞ്ചിലെ ഏതാണ്ട് പകുതി എംപിമാരും അഥവാ 88 എംപിമാർ ഇതിനെ എതിർക്കുകയാണ് ചെയ്യുന്നത്.

അടുത്ത മാസം പാർലിമെന്റിന് മുന്നിൽ ഈ ഡീൽ എത്തുമ്പോൾ അവർ പരസ്യമായി എതിർക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.2016 ലെ റഫറണ്ടത്തിലെ ഫലത്തെ താൻ രാഷ്ട്രീയ പ്രഖ്യാപനത്തോടെ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നാണ് തെരേസ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ ബ്രിട്ടന് ബ്രെക്സിറ്റിന് ശേഷം സ്വന്തമായ കരാറുകളിൽ ഒപ്പിടാനും യൂറോപ്യന്മാർക്ക് അനുവദിച്ചിരുന്ന സ്വതന്ത്ര സഞ്ചാരത്തിന് അറുതി വരുത്താനും സാധിക്കുമെന്നും തേരേസ അവകാശപ്പെടുന്നു. ഇരു പക്ഷത്തിന്റെയും അംഗീകാരത്തോടെ ഐറിഷ് ബോർഡറിന്റെ ബാക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കാനുമാവുന്ന ഡീലാണിതെന്നും തെരേസ വിശദീകരിക്കുന്നു.

ഇതിലൂടെ സാധനങ്ങൾ അനായാസം അകത്തേക്കും പുറത്തേക്കും കൊണ്ടു പോകാനാവുമെന്നും തെരേസ പറയുന്നു. തന്റെ ഡീലിനെ എങ്ങനെയെങ്കിലും പാർലിമെന്റിൽ പാസാക്കിയെടുക്കുന്നതിന് തെരേസ കടുത്ത ശ്രമമാണ് നടത്തി വരുന്നത്. എന്നാൽ ഈ ഡീൽ യൂറോപ്യൻ യൂണിയന് മുന്നിലുള്ള വിലയേറിയ കീഴടങ്ങലാണെന്നാണ് ബ്രെക്സിറ്റർമാർ ആരോപിക്കുന്നത്. ഇത്തരത്തിലുള്ള ഡീലാണ് കൊണ്ടു വരുന്നതെങ്കിൽ അതിനെ എതിർത്ത് തോൽപ്പിക്കാൻ വോട്ട് ചെയ്യാനായി തങ്ങൾ ലേബർ പാർട്ടിക്കൊപ്പം അണിനിരക്കുമെന്നാണ് ഒരു പറ്റം ടോറി എംപിമാർ ഭീഷണിപ്പെടുത്തുന്നത്. അതായത് ഡീലിലെ വിവാദമായ ഐറിഷ് ബാക്ക് സ്റ്റോപ്പ് പ്ലാൻ ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ യുകെ വർഷങ്ങളോളം യൂണിയനിൽ തന്നെ പെട്ട് പോകുന്ന അവസ്ഥയുണ്ടാകുമെന്നും അവർ മുന്നറിയിപ്പേകുന്നു.

ഇത് അർത്ഥ രഹിതമായ ബ്രെക്സിറ്റാണെന്നും ഐറിഷ് ബോർഡർ ബാക്ക് സ്റ്റോപ്പിലൂടെ യുകെ യൂണിയനിൽ തന്നെ പെട്ട് പോകുന്ന ദുരവസ്ഥയാണുണ്ടാകുന്നതെന്നും മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനും ആരോപിക്കുന്നു.