പാക്കിസ്ഥാനിൽ ദൈവനിന്ദ ആരോപിച്ച് ഇസ്ലാമിക് തീവ്രവാദികൾ ക്രിസ്തുമത വിശ്വാസക്കാരിയായ വീട്ടമ്മയ്ക്കെതിരെ കൊലവിളിയുമായി പിന്തുടരുന്നുവെന്ന് റിപ്പോർട്ട്. ആസിയാ ബീബിയെന്ന 53 കാരിക്കാണീ ദുർഗതിയുണ്ടായിരിക്കുന്നത്. ദൈവനിന്ദാ കേസിൽ ബീബി നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാനിലെ സുപ്രീം കോടതി ഈ സ്ത്രീയെ വെറുതെ വിട്ടിട്ടും ഇസ്ലാമിക് തീവ്രവാദികൾ ഇവരെ വെറുതെ വിടാൻ തയ്യാറായിട്ടില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവരെ പാക്കിസ്ഥാന് പുറത്തേക്ക് പോകാൻ അനുമതിക്കുകയില്ലെന്ന് മാത്രമല്ല പാക്കിസ്ഥാനിൽ ജീവിക്കാൻ സമ്മതിക്കുകയുമില്ലെന്ന കടുത്ത നിലപാടാണ് ഈ നിസ്സഹായയായ സ്ത്രീക്കെതിരെ ജിഹാദികൾ കൈക്കൊണ്ടിരിക്കുന്നത്.

ഇവരെ കണ്ടെത്താനായി ഇവരുടെ ഫോട്ടോയുമായി വീട് വീടാന്തരം കയറിയുള്ള സൂക്ഷ്മമായ തെരച്ചിലാണ് ഇസ്ലാമിക് തീവ്രവാദികൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബീബിയെ കണ്ടെത്തിയാൽ ഉടൻ കൊന്ന് തള്ളാനാണ് ഭീകരരുടെ കൽപന. ഇവരെ വകവരുത്താനായി വൻ ജനക്കൂട്ടങ്ങളാണ് ജാഗ്രത പാലിച്ച് ചുറ്റിത്തിരിയുന്നത്. ഇത്തരത്തിൽ ഇവരിൽ നിന്നും ജീവൻ കാക്കാനായി ഈ വീട്ടമ്മ നെട്ടോട്ടമോടുമ്പോൾ അത് നിസ്സഹായമായി നോക്കി നിൽക്കാൻ മാത്രമേ ലോകത്തിന് സാധിക്കുന്നുള്ളൂ.

മൂന്നാഴ്ച മുമ്പായിരുന്നു ബീബിയെ ദൈവ നിന്ദാ കേസിൽ നിന്നും വെറുതെ വിട്ട് കൊണ്ട് സുപ്രീം കോടതി വിധിയുണ്ടായിരുന്നത്. പ്രവാചകനെ അപമാനിച്ചുവെന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി ബീബിക്കെതിരെ തീവ്രവാദികൾ വധഭീഷണി മുഴക്കുന്നുവെങ്കിലും ഈ കോടതി വിധിക്ക് ശേഷം അത് വർധിച്ചിരിക്കുകയാണ്. ഇവരുടെ ജീവൻ കാക്കാനായി കടുത്ത സുരക്ഷയാണ് നൽകി വരുന്നത്. പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചുവെന്ന ആരോപണമുയർത്തിയാണ് തീവ്രവാദികൾ ബീബിക്കെതിരെ കൊലഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ബീബിയെയും കുടുംബത്തെയും കണ്ടെത്താനായി തീവ്രവാദികൾ ഗ്രാമത്തിലെത്തി അവിടുത്തുകാരെ ഇവരുടെ ബീബിയുടെ ഫോട്ടോ കാട്ടിക്കൊടുത്താണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ പ ാശ്ചാത്യ രാജ്യങ്ങൾ ബീബിക്ക് അഭയം നൽകാമെന്ന വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാൻ വിട്ട് പോകുന്നതിൽ നിന്നും ഇവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകാണ് മതമൗലികവാദികൾ. സുരക്ഷയെ കരുതി ബീബിയുടെ അടുത്ത കുടുംബാംഗങ്ങളെയും ഒളിപ്പിച്ചിട്ടുണ്ട്. ബീബിയെ പിന്തുണക്കുന്നവർക്കും ലീഗൽ ടീമിനും വരെ തീവ്രവാദികളിൽ നിന്നും വൻ ഭീഷണിയാണ് ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്.

സ്പെയിൻ, ഫ്രാൻസ്, കാനഡ അടക്കമുള്ള വിവിധ പടിഞ്ഞാറൻ രാജ്യങ്ങളാണ് ബ ീബിയെ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാൽ മതഭീകരരുടെ കണ്ണ് വെട്ടിച്ച് പാക്കിസ്ഥാൻ വിടാൻ ബീബിക്ക് സാധിക്കാത്തതിനാൽ അത്തരം വാഗ്ദാനങ്ങൾ സ്വീകരിച്ച് രക്ഷപ്പെടാനും ഈ സ്ത്രീക്ക് സാധിക്കുന്നില്ല. എയ്ഡ് ടു ദി ചർച്ച് നീഡ് യുകെയിലെ ജോൺ പോണ്ടിഫെക്സും ബീബിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 2010 മുതലാണ് ബീബിക്ക് മേൽ പ്രവാചകനിന്ദ ചുമത്തിയിരിക്കുന്നത്.ബീബി വിഷയത്തിൽ പാക്കിസ്ഥാൻ സർക്കാർ മതമൗലികവാദികളുമായി ഒരു കരാറിലെത്തിയിരുന്നു.

ഇത് പ്രകാരമാണ് അവർ തെരുവിൽ ബീബിയുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നത്. ബീബിയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ റിവ്യൂവിന് പോകാനുള്ള നീക്കവും ത്വരിതമാണ്. ബീബിയെ പാക്കിസ്ഥാന് പുറത്തേക്ക് പോകാൻ അനുവദിച്ചാൽ ഒരു യുദ്ധം തന്നെ നടക്കുമെന്നാണ് തീവ്രവാദ ഗ്രൂപ്പായ തെഹ്റീക്ക് ഇ ലെബെയ്ക്ക പാക്കിസ്ഥാൻ നേതാവ് ഖദീം ഹുസൈൻ റിസ് വി മുന്നറിയിപ്പേകുന്നത്.