ലണ്ടൻ : ഇക്കഴിഞ്ഞ ഏപ്രിലിൽ വൂൾവർഹാംപ്ടണിലെ വെസ്റ്റ് പാർക്കിൽ 16 കാരൻ 14 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ കൊന്ന സംഭവത്തിന്റെ വിചാരണ ഇന്നലെ നടന്നു. വിദ്യാർത്ഥിനിയെ കൊന്ന കൗമാരക്കാരനായ സീനിയർ വിദ്യാർത്ഥി ആ ശവശരീരത്തെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് വിചാരണയിൽ വെളിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും പ്രതിയുടെ ചിത്രങ്ങൾ പുറത്ത് വിടുന്നതിൽ കടുത്ത വിലക്കുണ്ടെന്നും റിപ്പോർട്ടുണ്ട്.

വിക്ടോറിജ സോകോലോവ എന്ന പെൺകുട്ടിയാണ് കൊലപാതകത്തിനും ക്രൂരപീഡനത്തിനും ഇരയായിരിക്കുന്നത്. തന്റെ കുടുംബവീടിന് ഏതാനും വാര അകലത്ത് വച്ചാണ് പെൺകുട്ടി ഇത്തരത്തിൽ കൊല്ലപ്പെട്ടിരുന്നത്.ലിത്വാനിയക്കാരനായ പ്രതിയുടെ പേര് വിവരങ്ങൾ നിയമപരമായ കാരണങ്ങളാൽ പുറത്ത് വിട്ടിട്ടില്ല.ഇന്നലെ നടന്ന വിചാരണയിൽ വൂൾവർഹാംപ്ടൺ ക്രൗൺ കോടതിയി പ്രതി എത്തിച്ചേർന്നിരുന്നു. തനിക്ക് മേൽ ചുമത്തിയിരിക്കുന്ന മൂന്ന് ചാർജുകളും ഈ 16 കാരൻ നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഏപ്രിൽ 13ന് വെസ്റ്റ് പാർക്കിലൂടെ നടന്ന് പോയ യാത്രക്കാരനാണ് പെൺകുട്ടിയുടെ ചേതനയറ്റ ശരീരം വഴിയിൽ കിടക്കുന്നത് ആദ്യം കണ്ടിരുന്നത്. തുടർന്ന് കൊലപാതകകുറ്റം ചുമത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ ദാരുണമായ സംഭവം വെസ്റ്റ് പാർക്കിന് സമീപത്തെ സമൂഹത്തെ കടുത്ത ഞെട്ടലിലാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ജീവിതത്തെ വർണാഭവും അർത്ഥവത്തുമാക്കിത്തീർത്ത മാലാഖയായിരുന്നു കൊല്ലപ്പെട്ട വിക്ടോറിജയെന്നാണ് കുടുംബാംഗങ്ങൾ വേദനയോടെ ഓർക്കുന്നത്.

കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കൾ ചേർന്ന് ടോറി ഫൗണ്ടേഷൻ രൂപീകരിച്ച് ധനസമാഹരണം ആരംഭിക്കുകയും ചെയ്തിരുന്നു. നാല് പുരുഷന്മാരും എട്ട് സ്ത്രീകളും അടങ്ങുന്ന ജൂറിയാണ് ഇന്നലെ കേസിന്റെ വിചാരണക്കിരുന്നത്. കേസ് നാളെ പ്രോസിക്യൂട്ടർ ജോനാതൻ റീസ് ക്യൂസി ഓപ്പൺ ചെയ്യുന്നതായിരിക്കും. കേസിൽ പ്രതിക്കെതിരെ ഡിഎൻഎ തെളിവുണ്ടെന്നും ഇരയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും മൊഴികളും പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പിന്തുണയേകുമെന്നും പ്രോസിക്യൂട്ടർ വെളിപ്പെടുത്തുന്നു. കേസിന്റെ വിചാരണ രണ്ടാഴ്ച നീണ്ട് നിന്നേക്കാമെന്നാണ് കണക്കാക്കുന്നത്.