മുംബൈ: 17-കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം മുംബൈയിൽ 22-കാരി അറസ്റ്റിലായി. തങ്ങൾ പ്രണയത്തിലായിരുന്നെന്നും കഴിഞ്ഞവർഷം വിവാഹം കഴിച്ചുവെന്നും യുവതി അവകാശപ്പെട്ടെങ്കിലും പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിൽനിന്ന് അവർക്ക് മുക്തയാകാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ ബന്ധത്തിൽ ഇവർക്ക് അഞ്ചുമാസം പ്രായമായ കുട്ടിയുമുണ്ട്.

ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന വാദവും പൊലീസ് അംഗീകരിച്ചില്ല. കുഞ്ഞിനെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ബൈക്കുള ജയിലിൽ കഴിയുന്ന ഇവർ ഇപ്പോൾ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. ജാമ്യമില്ലാത്ത കുറ്റമാണ് പോക്‌സോ നിയമപ്രകാരമുള്ള കേസുകളിലേത്.

17കാരന്റെ അമ്മയുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. തന്റെ മകനെ വശീകരിച്ച് യുവതി കൂടെത്താമസിപ്പിച്ചിരിക്കുകയാണെന്നായിരുന്നു പരാതി. കഴിഞ്ഞ ഡിസംബറിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, അറസ്റ്റ് ചെയ്തത് ഈമാസമാദ്യവും. പോക്‌സോ പ്രകാരമുള്ള കുറ്റങ്ങൾക്കുപുറമെ, പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയതിനും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. ശൈശവ വിവാഹ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.

2017 നവംബർ എട്ടിനാണ് യുവതി ബാലനെ വിവാഹം ചെയ്തത്. 21 വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടിയും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയും വിവാഹം ചെയ്യുന്നത് ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് കുറ്റകരമാണ്. കഴിഞ്ഞ ഡിസംബറിൽ സ്വന്തം രക്ഷിതാക്കളും സഹോദരനുമായി വീട്ടിലെത്തിയ യുവതി താൻ പയ്യനെ വിവാഹം കഴിച്ചതാണെന്നും മറ്റൊരു വീട്ടിൽ താമസിക്കാൻ പോവുകയാണെന്നും കാണിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

തനിക്ക് 20-ഉം 18-ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺമക്കളുണ്ടെന്നും മകന് 17 വയസ്സും എട്ടുമാസവും മാത്രമേയുള്ളൂവെന്നും പരാതിയിൽ പറയുന്നു. രണ്ടുവർഷം മുമ്പാണ് യുവതിയുമായി മകൻ പരിചയത്തിലായത്. അന്നുമുതൽക്ക് മകന്റെ സ്വഭാവത്തിൽ കാര്യമായ വ്യത്യാസം വന്നതായും പരാതിയിൽ പറയുന്നു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ പറഞ്ഞതോടെയാണ് തങ്ങൾ നിസ്സഹായരായതെന്നും പരാതിയിലുണ്ട്.

എന്നാൽ, കുട്ടിയുടെ പ്രായം സംബന്ധിച്ച് പരാതിയിൽ പറയുന്നത് തെറ്റാണെന്ന് യുവതിയുടെ അഭിഭാഷകൻ ഖലീദ് അസ്മി പറയുന്നു. മകൾക്ക് 18 വയസ്സുണ്ടെന്ന് പറയുന്ന പരാതിക്കാരി, മകന് 17 വയസ്സും എട്ടുമാസവും പ്രായമുണ്ടെന്നും പറയുന്നു. ഇതൊരിക്കലും സാധ്യമല്ലെന്നിരിക്കെ, യുവതിയെ കുടുക്കാൻ മനപ്പൂർവം നൽതിയ പരാതിയാണിതെന്നും അദ്ദേഹം പറയുന്നു.