കൂട്ടുകാരെ പോലെ കഴിഞ്ഞിരുന്ന രാജകുമാരന്മാരായ വില്യവും ഹാരിയും ഇപ്പോൾ അകൽച്ചയുടെ വക്കിലാണെന്ന ഊഹാപോഹങ്ങൾ പടരുന്നുണ്ട്. ഇവരുടെ ഭാര്യമാരായ കേയ്റ്റും മേഗനും തമ്മിലുള്ള സ്വരച്ചേർച്ചക്കുറവാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. ഇരു സുന്ദരിമാരുടെയും തമ്മിലടിയെക്കുറിച്ചുള്ള വാർത്തകൾ സമീപകാലത്ത് മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലുമായി ഏറി വരുന്ന സന്ദർഭമാണിത്. ഹാരി-മേഗൻ വിവാഹത്തിന് മുമ്പ് തന്നെ കേയ്റ്റും മേഗനും തമ്മിലുള്ള ഉടക്ക് ആരംഭിച്ചിരുന്നുവെന്നാണ് ഏറ്റവും പുതുതായി പുറത്ത് വന്ന ഒരു റിപ്പോർട്ടും വെളിപ്പെടുത്തുന്നത്.

വിവാഹം കഴിച്ച് കൊട്ടാരത്തിൽ കാലു കുത്തുന്നതിന് മുമ്പ് തന്നെ മേഗൻ കേയ്റ്റിന്റെ ജീവനക്കാരിയെ അസഭ്യം പറഞ്ഞതിനെ കേയ്റ്റ് ചോദ്യം ചെയ്തിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. തന്റെ ജീവനക്കാരിയെ ശാസിക്കാൻ തനിക്ക് മാത്രമേ അധികാരമുള്ളുവെന്നും മേഗൻ അതിന് മുതിരരുതെന്നും അന്ന് കേയ്റ്റ് മേഗന് താക്കീത് നൽകുകയും ചെയ്തിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ മേഗൻ ഇത്തരത്തിൽ തന്റെ ജീവനക്കാരിയെ ശാസിച്ചത് ഒരിക്കലും സ്വീകാര്യമല്ലെന്നും കേയ്റ്റ് അന്ന് മേഗന് താക്കീത് നൽകുകയും ചെയ്തിരുന്നു.

കേയ്റ്റും മേഗനും തമ്മിലുള്ള വിയോജിപ്പ് കാരണം കെൻസിങ്ടൺ പാലസിലെ പൊറുതി മതിയാക്കി ഹാരിയും മേഗനും ഫ്രോഗ്മോർ കോട്ടേജിലേക്ക് മാറിത്താമസിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വേളയിലാണ് ഇവരുടെ സ്വരച്ചേർച്ചക്കുറവിന് അടിവരയിടുന്ന പുതിയ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നതെന്നത് നിർണായകമാണ്. ഇത്തരത്തിൽ കേയ്റ്റിന്റെ സ്റ്റാഫിനെ മേഗൻ ശാസിച്ചതും അതിൽ കേയ്റ്റ് മേഗനോട് തട്ടിക്കയറിയതുമായ സംഭവം നടന്നിരുന്നുവെന്ന് കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു ഉറവിടമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ കേയ്റ്റും മേഗനും തമ്മിൽ ഇത്തരത്തിൽ വിയോജിപ്പുകളുണ്ടെന്ന വാർത്തകൾ കെൻസിങ്ടൺ പാലസ് നിഷേധിച്ചിരിക്കുകയാണ്. മേഗന്റെ അധികാര ഗർവ് നിറഞ്ഞതും എടുത്ത് ചാട്ടം നിറഞ്ഞതുമായ പെരുമാറ്റ രീതികളിൽ കൊട്ടാരത്തിനുള്ളിലുള്ളവർ ആശങ്ക പുലർത്തുന്നുവെന്ന് കൊട്ടാരവുമായി അടുത്ത മറ്റ് ചില വൃത്തങ്ങൾ സൂചനയേകുന്നുണ്ട്.

15ാം നൂറ്റാണ്ടിൽ നിർമ്മിച്ച സെന്റ് ജോർജ് ചാപ്പലിലെ മണം സഹിക്കാൻ പറ്റാത്തതിനാൽ അവിടെ എർഫ്രഷ്നർ ഉപയോഗിക്കണമെന്ന് മേഗൻ നിർബന്ധം പിടിച്ചിരുന്നുവെന്നും എന്നാൽ മറ്റ് രാജകുടുംബാഗങ്ങൾക്ക് ഇതിനോട് വിയോജിപ്പായതിനാൽ മേഗൻ അവരുമായി കലഹിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.