വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റും ഹാരി രാജകുമാരന്റെ ഭാര്യ മേഗനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ മാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. അതിനിടെ കൊട്ടാരത്തിലെ പെണ്ണുങ്ങൾ തമ്മിലുള്ള അടി നിർത്താൻ രാജ്ഞി ഇടപെട്ടുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സാൻഡ്രിൻഗാമിൽ രാജ്ഞിക്കൊപ്പം ക്രിസ്മസ് ഉണ്ണാനു ഒത്ത് തീർപ്പിന് ഇരുവരും സമ്മതിച്ചുവെന്ന് സൂചനയുണ്ട്. മേഗനെയും കേയ്റ്റിനെയും ഒരുമിപ്പിക്കാൻ തിരക്കിട്ട നീക്കമാണ് രാജ്ഞി നടത്തിക്കൊണ്ടിരിക്കുന്നത്. ഇരു കുടുംബങ്ങളും വെവ്വേറെയായിരിക്കും ഈ വർഷം ക്രിസ്മസ് ആഘോഷിക്കുകയെന്ന റിപ്പോർട്ടായിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിപ്പിക്കാനാണ് രാജ്ഞി ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

മേഗനും കേയ്റ്റും തമ്മിലുള്ള ബന്ധം വഷളായെന്ന വാർത്തകൾ കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നുണ്ട്. അതിനാൽ സാൻഡ്രിൻഗാമിലെ ഇവരുടെ ക്രിസ്മസ് ആഘോഷത്തിലെ ഓരോ ചലനവും മാധ്യമങ്ങൾ പ്രത്യേകിച്ച് പാപ്പരാസികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നുറപ്പാണ്. മേഗനും കേയ്റ്റും തമ്മിൽ വളരെ അടുത്ത ബന്ധം ആസ്വദിക്കുന്നില്ലെന്നത് പരസ്യമാണ്. ഇരുവരും പരസ്പരം അകന്നുവെന്ന് നിരവധി റിപ്പോർട്ടുകളിലൂടെ കൊട്ടാരവുമായി അടുത്ത ഉറവിടങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെ തുടർന്ന് ഇരുവരുടെയും ഭർത്താക്കന്മാരും സഹോദരരന്മാരുമായ ഹാരിയും വില്യവും തമ്മിലുള്ള അടുത്ത ബന്ധത്തിനും ഉലച്ചിൽ തട്ടിയെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

ഹാരിയും മേഗനും കെൻസിങ്ടൺ പാലസിൽ നിന്നും താമസം മാറിപ്പോവുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്ത് വന്നതിനെ തുടർന്നായിരുന്നു കൊട്ടാരത്തിലെ കുടുംബകലഹത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ വെളിച്ചത്ത് വന്നിരുന്നത്. നിലവിൽ കെൻസിങ്ടൺ പാലസിലെ നോട്ടിങ്ഹാം കോട്ടേജിലാണ് താമസിക്കുന്നത്. അധികം വൈകാതെ വിൻഡ്സറിലെ ക്യൂൻസ് എസ്റ്റേറ്റിലുള്ള ഫ്രോഗ്മോർ കോട്ടേജിലേക്ക് ഹാരിയും മേഗനും മാറിത്താമസിക്കാനൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ട് പുറത്ത് വന്നിരുന്നത്. കേയ്റ്റിൽ നിന്നും വില്യമിൽ നിന്നും അകന്ന് നിൽക്കാൻ വേണ്ടിയാണീ താമസമാറ്റമെന്ന സൂചനയും പുറത്ത് വന്നിരുന്നു.

ഹാരിയുടെയും മേഗന്റെയും കുഞ്ഞ് സ്പ്രിങ് സീസണിൽ പിറക്കുന്നതോടെ ഈ കോട്ടോജ് ഇവരുടെ താമസത്തിനായി ഒരുങ്ങുമെന്നാണ് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ കുടുംബവഴക്ക് മൂർധന്യത്തിലെത്തി നിൽക്കവെ രാജ്ഞി ഇടപെട്ടതിനെ തുടർന്ന് ശനിയാഴ്ച ഇരു കുടുംബങ്ങളും തമ്മിൽ അൽപം അയവ് വന്നുവെന്നും തൽഫലമായി ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനമായെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

നേരത്തെ ബെർക്ക്ഷെയറിലെ ബക്കിൾ ബറിയിൽ കേയ്റ്റിന്റെ കുടുംബത്തിൽ വച്ച് ക്രിസ്മസ് ആഘോഷിക്കാനായിരുന്നു വില്യവും കുടുംബവും തീരുമാനിച്ചിരുന്നത്. അതു പോലെ സാൻഡ്രിൻഗാമിൽ മേഗന്റെ അമ്മയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനായിരുന്നു ഹാരിയും മേഗനും തീരുമാനിച്ചിരുന്നത്. എന്നാൽ സാൻഡ്രിൻഗാമിൽ വച്ച് ഹാരി- വില്യം കുടുംബങ്ങൾ രാജ്ഞിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് ഏറ്റവും പുതിയ തീരുമാനം.